നിങ്ങൾ എപ്പോഴെങ്കിലും കാട്ടുതീക്കു തുടക്കമിട്ടിട്ടുണ്ടോ?
തീർച്ചയായും ഇല്ല, എന്നു നിങ്ങൾ പറയുന്നു. എന്നാൽ നിൽക്കൂ! നിങ്ങൾ ഒരുപക്ഷേ അതു ചെയ്തിട്ടുണ്ട്. ശിഷ്യനായ യാക്കോബിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “നാവ് വളരെ ചെറിയ അവയവമാണ്. എങ്കിലും അതു വൻപു പറയുന്നു. ചെറിയ ഒരു തീപ്പൊരി എത്ര വലിയ വനത്തെയാണു ചാമ്പലാക്കുക.”—യാക്കോബ് 3:5, പി.ഒ.സി. ബൈ.
സംസാരത്തിനുള്ള മർമപ്രധാനമായ ഒരു അവയവമാണ് നാവ്, പക്ഷേ എങ്ങനെയെല്ലാം അതിനെ ദുരുപയോഗപ്പെടുത്തിയിരിക്കുന്നു! നുണ പറയാനും ദൂഷണം പറയാനും ആളുകൾ നാവിനെ ഉപയോഗിക്കുന്നു. അത് ഉപയോഗിച്ച് അവർ മററുള്ളവരെ നിശിതമായി വിമർശിക്കുകയും അവരുടെ സൽപ്പേരു കെടുത്തുകയും അവരെ ചതിക്കുകയും ചെയ്യുന്നു. കലഹപ്രിയർ വിപ്ളവം ഇളക്കിവിടാൻ നാവിനെ ഉപയോഗിക്കുന്നു. അഡോൾഫ് ഹിററ്ലർ ഒരു ജനതയെ യുദ്ധത്തിനായി കൂട്ടിവരുത്താൻ തന്റെ നാവ് ഉപയോഗിച്ചു—തീർച്ചയായും ഒരു ‘കാട്ടുതീ’ തന്നെ!
സദുദ്ദേശ്യപ്രേരിതരായവർക്കുപോലും ചെറിയ ‘കാട്ടുതീ’ ഉണ്ടാക്കാനാകും. നിങ്ങൾ എപ്പോഴെങ്കിലും എന്തെങ്കിലും പറഞ്ഞിട്ട് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ഉടനടി വിചാരിച്ചിട്ടുണ്ടോ? എങ്കിൽ യാക്കോബ് പിൻവരുന്നതു പറഞ്ഞപ്പോൾ അദ്ദേഹം എന്താണ് അർഥമാക്കിയതെന്നു നിങ്ങൾക്കു മനസ്സിലാകും: “ഒരു മനുഷ്യനും നാവിനെ നിയന്ത്രിക്കാൻ സാധിക്കുകയില്ല.”—യാക്കോബ് 3:8, പി.ഒ.സി. ബൈ.
എന്നുവരികിലും, നമ്മുടെ നാവിനെ നൻമക്കായി ഉപയോഗിക്കാൻവേണ്ടി നമുക്കു പരിശ്രമിക്കാൻ കഴിയും. സങ്കീർത്തനക്കാരനെപ്പോലെ “നാവുകൊണ്ടു പാപം ചെയ്യാതിരിപ്പാൻ ഞാൻ എന്റെ വഴികളെ സൂക്ഷിക്കും” എന്നു നമുക്കു ദൃഢമായി പറയാൻ കഴിയും. (സങ്കീർത്തനം 39:1) ആളുകളെ നിശിതമായി വിമർശിക്കുന്നതിനു പകരം നമുക്ക് അവരെ കെട്ടുപണി ചെയ്യാൻ ശ്രമിക്കാവുന്നതാണ്. ദൂഷണം പറയുന്നതിനു പകരം ആളുകളെപ്പററി നമുക്കു നല്ലതു സംസാരിക്കാനാകും. മററുള്ളവരെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നതിനു പകരം നമുക്കു സത്യം സംസാരിക്കാനും പ്രബോധിപ്പിക്കാനും കഴിയും. ഒരു ഉത്തമ ഹൃദയത്താൽ പ്രേരിപ്പിക്കപ്പെടുമ്പോൾ നാവിനു സൗഖ്യമാക്കലിന്റേതായ അത്ഭുതകരമായ വാക്കുകൾ സംസാരിക്കാനാകും. രക്ഷയെക്കുറിച്ചു മനുഷ്യവർഗത്തെ പഠിപ്പിക്കാൻ യേശു തന്റെ നാവിനെ വിസ്മയാവഹമായ വിധത്തിൽ ഉപയോഗിച്ചു.
സത്യമായും “മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു.” (സദൃശവാക്യങ്ങൾ 18:21) നിങ്ങളുടെ നാവ് മരണകരമോ ജീവദായകമോ? അതു ‘കാട്ടുതീക്കു’ തുടക്കമിടുന്നുവോ? അതോ അത് അതിനെ കെടുത്തുന്നുവോ? സങ്കീർത്തനക്കാരൻ ദൈവത്തോട് ഇങ്ങനെ പ്രാർഥിച്ചു: “നിന്റെ കല്പനകൾ ഒക്കെയും നീതിയായിരിക്കയാൽ എന്റെ നാവു നിന്റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ.” (സങ്കീർത്തനം 119:172) സങ്കീർത്തനക്കാരന്റെ മനോഭാവം നട്ടുവളർത്തുന്നെങ്കിൽ നാമും നമ്മുടെ നാവിനെ നൻമക്കുവേണ്ടി ഉപയോഗിക്കും.
[32-ാം പേജിലെ ചിത്രം]
U.S. Forest Service photo