ക്ഷാമത്തെക്കുറിച്ചു മുൻകൂട്ടിപ്പറയുന്നു
സമീപവർഷങ്ങളിൽ ക്ഷാമത്തിന്റെ മായാരൂപം ലോക വാർത്താ റിപ്പോർട്ടുകളിൽ വേദനാജനകമാംവിധം പരിചിതമായിത്തീർന്നിരിക്കുന്നു. എത്യോപ്യയിൽനിന്നും മററുള്ളടങ്ങളിൽനിന്നും കഷ്ടപ്പാടുകളുടെ മറക്കാനാവാത്ത ചിത്രങ്ങളാണു കിട്ടിയിട്ടുള്ളത്. ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂററിരണ്ടിൽ ലോക ശ്രദ്ധ വരൾച്ചയും യുദ്ധവും വരുത്തിവെച്ച സൊമാലിയയിലെ ക്ഷാമത്തിന്റെ പരിതാപാർഹരായ ഇരകളിൽ പതിഞ്ഞു. ഇൻറർനാഷണൽ ഹെരൾഡ് ട്രിബ്യൂൺ 1992 സെപ്ററംബറിൽ ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “എത്ര സൊമാലിയക്കാർ മരിച്ചുവെന്ന് ആർക്കും അറിയില്ല, എന്നാൽ റെഡ്ക്രോസ്സ് നൽകുന്ന സംഖ്യ 1,00,000-നു മുകളിലാണ്. ആയിരക്കണക്കിനില്ലെങ്കിൽ നൂറുകണക്കിനെങ്കിലും ആളുകൾ ദിവസവും മരിക്കുന്നു.”
ഈ സംഖ്യകൾ, ഉൾപ്പെട്ടിരിക്കുന്ന വ്യക്തികളുടെ ദുരിതത്തെയും വേദനയെയും വാസ്തവത്തിൽ അറിയിക്കുന്നില്ല. സാർവദേശീയ അഭയാർഥിസംഘടനയുടെ യൂറോപ്യൻ പ്രതിനിധിയായ ഇവെററ് പയർപാവൂളി അഭയാർഥികൾ (Refugees) എന്ന യു.എൻ. മാസികയിൽ എഴുതി: “ന്യൂയോർക്കിലോ ജനീവയിലോ അഭയാർഥിപ്രശ്നം തികച്ചും യഥാർഥമായി കാണപ്പെടുന്നു; ഗ്രഹിക്കാൻ ദുഷ്കരമാംവിധം പൂജ്യങ്ങൾചേർത്ത സംഖ്യകൾ നിരത്തിയിരിക്കുന്നു. എന്നാൽ ആയിരക്കണക്കിനു കിലോമീറററുകൾ അകലെ നിയമവാഴ്ചയില്ലാത്ത രാജ്യങ്ങളുടെ അതിർത്തികളിൽ വികാരം നിങ്ങളുടെ തൊണ്ടയെ വലിച്ചുമുറുക്കുന്നു, ദുരിതത്തിന്റെ വലുപ്പം നിങ്ങളെ അലമുറയിട്ടു കരയാൻ പ്രേരിപ്പിക്കുന്നു.”
സൊമാലിയയെ സഹായിക്കാനുള്ള ശ്രമങ്ങൾ ഇതുവരെ നടത്തിയിട്ടുള്ളതിലേക്കും ഏററവും വലിയ മനുഷ്യസ്നേഹപരമായ ദുരിതാശ്വാസ പ്രവർത്തനത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നു റെഡ്ക്രോസ്സ് പറയുമ്പോൾ പൊതുവായ ചിത്രം തീരെ അപര്യാപ്തവും തീരെ വൈകിപ്പോയതുമായ സഹായത്തിന്റേതാണെന്നു പല നിരീക്ഷകരും പരാതിപ്പെടുന്നു. പയർപാവൂളി ഇങ്ങനെ വിലപിക്കുന്നു: “സഹായം തരുന്ന രാജ്യങ്ങൾ തങ്ങളുടെ സഹായം തുടർന്നു നൽകാൻ മടികാണിക്കുന്നു, ശിഥിലീഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ആഫ്രിക്കയെ അവർ പിന്തുണച്ചു മടുത്തിരിക്കുന്നു. . . . കഴിവില്ലാത്ത നടത്തിപ്പിനും നേതാക്കളുടെ അത്യാഗ്രഹത്തിനും അനന്തമെന്നു തോന്നിക്കുന്ന സംഘട്ടനങ്ങൾക്കും അവർ ആഫ്രിക്കക്കാരെ പഴിചാരുന്നു.”
“അവിടവിടെ” ഭക്ഷ്യക്ഷാമം ഉണ്ടായിരിക്കുന്ന ഒരു കാലത്തെക്കുറിച്ചു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. യുദ്ധങ്ങളും ഭൂകമ്പങ്ങളും പകർച്ചവ്യാധികളും പോലുള്ള മററു സംഭവവികാസങ്ങളോടൊപ്പം ഈ ഭക്ഷ്യക്ഷാമങ്ങളും ദൈവരാജ്യം അടുത്തിരിക്കുന്നുവെന്നു സൂചിപ്പിക്കുന്നു. (ലൂക്കൊസ് 21:11, 31) പ്രജാക്ഷേമനിരതമായ ഈ ദൈവരാജ്യത്തിൻകീഴിൽ സകല മനുഷ്യവർഗത്തിനും ഭക്ഷ്യശേഖരങ്ങളുടെ ഒരു സമൃദ്ധി ഉണ്ടായിരിക്കുമെന്നു ബൈബിൾ കൂടുതലായി പ്രകടമാക്കുന്നു. “ഭൂമിയിൽ ധാരാളം ധാന്യമുണ്ടായിരിക്കും” എന്നു സങ്കീർത്തനക്കാരൻ എഴുതി. “പർവതങ്ങളുടെ മുകളിൽ ഒരു കവിഞ്ഞൊഴുക്കുണ്ടായിരിക്കും.”—സങ്കീർത്തനം 72:16, NW.