ദുർബലമായിക്കൊണ്ടിരിക്കുന്ന ദാമ്പത്യബന്ധം
ഒരു യുവമാതാവു തന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ താലോലിച്ചു. എന്നിട്ടു പെട്ടെന്നുള്ള ഒരു കോപാവേശത്തിൽ അവൾ അവനെ തറയിലേക്കിട്ടു. ഏതാനും മണിക്കൂറുകൾക്കുശേഷം ആ ആൺകുഞ്ഞു മരിച്ചുപോയി. “ഞാൻ അവനെ മനഃപൂർവമാണു താഴേക്കിട്ടത്,” ആ മാതാവു പറഞ്ഞു, “കാരണം എന്റെ ഭർത്താവു കുടുംബത്തിനുവേണ്ടി കരുതുന്നില്ല.” തന്റെ ഭർത്താവിനോടു കാര്യം പറഞ്ഞുതീർക്കുന്നതിനു പകരം അവൾ ആ നിർദോഷിയായ കുഞ്ഞിന്റെമേൽ തന്റെ കോപം ചൊരിഞ്ഞു.
തീരെ കുറച്ച് അമ്മമാരേ ഈ അററകൈ പ്രയോഗിക്കുന്നുള്ളു, എങ്കിലും അനേകർക്ക് അവളുടെ അതേ വികാരങ്ങൾ ഉണ്ട്. വിവാഹിത ദമ്പതികൾക്കു തങ്ങളുടെ വിവാഹം ഒരു വിജയമാക്കുക അധികമധികം പ്രയാസമായിത്തീർന്നുകൊണ്ടിരിക്കയാണ്. “ദാമ്പത്യവിജയത്തിന്റെ സാധ്യത ഇന്ന് ഐക്യനാടുകളിലേതിനോളം കുറഞ്ഞതായിരിക്കുമ്പോൾ, ശക്തവും നിരുപാധികവുമായ ഒരു വിവാഹ പ്രതിബദ്ധത സ്ഥാപിക്കുക വളരെ ആപൽക്കരമായതിനാൽ തികച്ചും യുക്തിപൂർവം ചിന്തിക്കുന്ന ഒരു മനുഷ്യനും അതിനു മുതിരുകയില്ല” എന്നു ദ ജേണൽ ഓഫ് മാരേജ് ആൻഡ് ദ ഫാമിലി പറയുന്നു.
ഈ കലുഷിതമായ കാലത്ത്, ദുർമാർഗവും പൊരുത്തമില്ലായ്മയും കടങ്ങളും വിവാഹം മൂലമുണ്ടായ ബന്ധുക്കളുമായുള്ള ഉരസലുകളും സ്വാർഥതയും എല്ലാം കുടുംബവഴക്കുകൾക്ക് ഉത്തേജനം കൊടുക്കുന്നു, അവ ഒട്ടുമിക്കപ്പോഴും വിവാഹമോചനത്തിൽ കലാശിക്കുകയും ചെയ്യുന്നു. വിവാഹമോചനത്തിനെതിരെയുള്ള ഉറച്ച നിലപാടിനു പേരുകേട്ട കത്തോലിക്കാ സഭക്കുപോലും, വിവാഹമോചനം നേടുകയും പുനർവിവാഹം നടത്തുകയും ചെയ്ത അംഗങ്ങൾക്കുവേണ്ടി കാര്യങ്ങൾ എളുപ്പമാക്കാൻ ഒരു പ്രത്യേക കമ്മിററി രൂപീകരിക്കേണ്ടിവരത്തക്കവണ്ണം ഈ സാഹചര്യം ജപ്പാനിൽ അത്ര ഗൗരവമേറിയതാണ്. പള്ളിയിൽപോക്കുകാരുടെ വർധിച്ചുവരുന്ന ഒരു സംഖ്യ വിവാഹമോചനത്തോടു ബന്ധപ്പെട്ട പ്രശ്നങ്ങളാൽ ബാധിക്കപ്പെടുകയാണ്.
എന്നുവരികിലും, വിവാഹമോചനത്തിന്റെ സംഖ്യ വളരെ വമ്പിച്ച ഒരു പ്രശ്നത്തിന്റെ ഒരു തുമ്പു മാത്രമേ വെളിപ്പെടുത്തുന്നുള്ളു. വിവാഹമോചനം എളുപ്പമാക്കിത്തീർക്കുന്ന ഇന്നത്തെ സാമൂഹിക പ്രവണതകളല്ല, വിവാഹജീവിതത്തിന്റെ ഗുണത്തിൽ വന്നിരിക്കുന്ന അധഃപതനം തന്നെയാണു വിവാഹമോചനത്തിന്റെ പിന്നിലുള്ളതെന്ന് ഐക്യനാടുകളിലെ ഗവേഷണം കാണിക്കുന്നു. പരിശ്രമത്തിന്റെയും പ്രതിബദ്ധതയുടെയും കുറവു സംഭവിച്ചതോടെ വിവാഹജീവിതത്തിന് അതിന്റെ ശോഭ നഷ്ടപ്പെടുകയാണ്. അനേകർ വിവാഹദമ്പതികളായിരിക്കുന്നതിന്റെ ബാഹ്യനിലപാടു നിലനിർത്തുന്നുണ്ടെങ്കിലും അവർ കിടപ്പുമുറി പങ്കിടുന്നില്ല, അവർ ഒരിക്കലും പരസ്പരം സംസാരിക്കുന്നതുമില്ല. ‘ശവക്കുഴിയിൽ ഞാൻ ഭർത്താവിനോടൊപ്പമായിരിക്കാൻ വിസമ്മതിക്കുന്നു’ എന്നു പറഞ്ഞുകൊണ്ട്, വേറിട്ടു തന്റെ സ്വന്തം ശ്മശാനം വാങ്ങിയ പൗരസ്ത്യ സ്ത്രീയെപ്പോലെ അനേകരും വിചാരിക്കുന്നു. തന്റെ ഭർത്താവിനെ ഇപ്പോൾ ഉപേക്ഷിക്കാൻ കഴിയാത്തതിനാൽ അവർ ഒരു മരണാനന്തര വിവാഹമോചനം നടത്താൻ ലക്ഷ്യമിടുന്നു. സങ്കടകരമെന്നു പറയട്ടെ, ഇത്തരം ആളുകൾ വിവാഹമോചിതരല്ലെങ്കിലും വിവാഹജീവിതം അവർക്കു സന്തുഷ്ടിയുടെ ഒരു ഉറവിടമല്ല.
ഇതായിരുന്നു ഈസാവോയുടെ അവസ്ഥ. അയാൾ തന്റെ ഭാര്യയെ വിവാഹം കഴിച്ചത് ഒരു വ്യാമോഹം കൊണ്ടായിരുന്നു, അതുകൊണ്ട് തന്റെ അഹംഭാവം നിറഞ്ഞ ജീവിതരീതി മാററാൻ അയാൾക്കു പ്രേരണ തോന്നിയില്ല. ഒരു ലോറി ഡ്രൈവർ എന്നനിലയിൽ അയാൾക്കു നല്ല വരുമാനമുണ്ടായിരുന്നെങ്കിലും തന്റെ കുടുംബത്തെ പരിപാലിക്കാതെ, കിട്ടുന്നതു മുഴുവൻ തിന്നും കുടിച്ചും അയാൾ ധൂർത്തടിച്ചു. തൽഫലമായി, ഭാര്യയുമായുള്ള വഴക്കുകൾക്ക് ഒരറുതിയില്ലായിരുന്നു. “കാര്യങ്ങൾ എനിക്കു മോശമായി ഭവിച്ചപ്പോഴൊക്കെ വീട്ടിൽ പോയി ഞാൻ എന്റെ കോപം ഭാര്യയോടു തീർക്കുമായിരുന്നു” എന്ന് ഈസാവോ അനുസ്മരിക്കുന്നു. ഒരിക്കലും കെട്ടടങ്ങാത്ത ഒരു അഗ്നിപർവതം പോലെ വിവാഹമോചനം എന്ന വിഷയം ദിവസവും പൊന്തിയൊഴുകിക്കൊണ്ടിരുന്നു.
നിരവധി സ്ത്രീ-പുരുഷൻമാർ മോശമായ വിവാഹത്തെ സഹിക്കുകയാണ്. വിവാഹമോചനം നേടിയാലും ഇല്ലെങ്കിലും അവർ സന്തുഷ്ടി കണ്ടെത്തുന്നില്ല. അവർക്കു തങ്ങളുടെ വിവാഹത്തെ ഒരു വിജയമാക്കാൻ എന്തെങ്കിലും പോംവഴിയുണ്ടോ? അവരുടെ ദാമ്പത്യബന്ധത്തെ ബലിഷ്ഠമാക്കാൻ എന്തു ചെയ്യാൻ കഴിയും?