“ഞങ്ങൾക്കു കേവലം സംസാരിക്കാൻ കഴിയുമെന്നു തോന്നുന്നില്ല!”
ഒരു വക്കീലായ മൈക്കിൾ ഊർജസ്വലമായി ആശയവിനിയമം നടത്തുന്ന ഒരുവനായിരിക്കേണ്ടിയിരുന്നു. അദ്ദേഹത്തിന്റെ തൊഴിൽ അത് ആവശ്യമാക്കിത്തീർത്തു. പക്ഷേ 16 വർഷത്തെ വിവാഹജീവിതത്തിനുശേഷം ഭവനത്തിൽ തന്റെ ഭാര്യയായ അഡ്രിയന്റെ സമീപമെത്തുമ്പോൾ തന്റെ ആശയവിനിമയ വൈദഗ്ധ്യമെല്ലാം അപ്രത്യക്ഷമാകുന്നതായി തോന്നുന്നുവെന്നു തിരിച്ചറിയാൻ മൈക്കിൾ നിർബന്ധിതനായി. “കുററം കണ്ടുപിടിക്കലും കുററപ്പെടുത്തലും കുത്തുവാക്കു പ്രയോഗവുമായി ഞാനും അഡ്രിയനും എല്ലായ്പോഴും പരസ്പരം വഴക്കടിക്കുകയായിരുന്നു” എന്നു മൈക്കിൾ അനുസ്മരിക്കുന്നു. “അതു ഞങ്ങളെ തളർത്തിക്കളയുമെന്നു ഞാൻ വിചാരിച്ചു. അതൃപ്തിയുടെയും പ്രകോപനത്തിന്റെയും ഇടമുറിയാതുള്ള ചൊരിയൽ—അതാണോ വിവാഹജീവിതമെന്നു ഞാൻ അത്ഭുതപ്പെട്ടുപോയി. ഒരുമിച്ചുള്ള ഞങ്ങളുടെ ശേഷിച്ച ജീവിതത്തിലും അതാണു ഞങ്ങളുടെ ഭാഗധേയമെങ്കിൽ, ഞാൻ തമാശ പറയുകയല്ല, ദാമ്പത്യബന്ധത്തിൽനിന്നു ഒഴിയാൻ ഞാൻ ആഗ്രഹിച്ചു. തുടർച്ചയായി 20, 30, 40 വർഷത്തെ അത്തരം പ്രകോപനവും പിരിമുറുക്കവും നേരിടാൻ എനിക്കു സാധ്യമേയല്ല.”
ഇതുപോലുള്ള വികാരപ്രകടനങ്ങൾ ഒരു കാരണവശാലും മൈക്കിളിനും അഡ്രിയനും മാത്രമുള്ളതല്ല. തങ്ങളുടെ ബന്ധത്തിൽ യുദ്ധവും വെടിനിർത്തലും മാറിമാറിവരുന്ന അനേകം ദമ്പതികൾക്ക് അതൊരു യാഥാർഥ്യമാണ്. ഏററവും ലളിതമായ സംഭാഷണങ്ങൾ പൊട്ടിത്തെറിച്ചു വാക്കേററമായിത്തീരുന്നു. പറയാത്ത സംഗതികൾ അവർ “കേൾക്കുന്നു”. അർഥമാക്കാത്ത സംഗതികൾ അവർ പറയുന്നു. അവർ അക്രമിക്കയും അധിക്ഷേപിക്കയും, തുടർന്ന് നീരസത്തോടെ നിശബ്ദതയിലേക്കു പിൻവാങ്ങുകയും ചെയ്യുന്നു. അവർ വേർപിരിയുന്നില്ല, എന്നാൽ അവർ “ഏക ദേഹ”മായിരിക്കുന്നുമില്ല. (ഉല്പത്തി 2:24) ബന്ധം വഴിമുട്ടിനില്ക്കുന്നു. പിന്നോട്ടു പോകുന്നതു വേർപിരിയലിനെ അർഥമാക്കും; മുന്നോട്ടു പോകുന്നതു ഭിന്നതകളുമായി നേരിട്ട് ഏററുമുട്ടുന്നതിനെ അർഥമാക്കും. തിരഞ്ഞെടുക്കുന്ന ഏതു വഴിയുടെയും വേദന ഒഴിവാക്കാൻ ഈ ദമ്പതികൾ അന്യോന്യം സുരക്ഷിതമായ ഒരു വൈകാരിക അകലത്തിൽ തങ്ങളെത്തന്നെ നിർത്തുന്നതിലേക്കു പിൻവാങ്ങുന്നു.
അത്തരം ദമ്പതികൾ അവരുടെ വിവാഹബന്ധത്തിൽ ‘വിദഗ്ധ നിർദേശം തേടേണ്ട’യാവശ്യമുണ്ട്. (സദൃശവാക്യങ്ങൾ 1:5) ഈ നിർദേശം ദൈവവചനമായ ബൈബിളിൽ ലഭ്യമാണ്. ബൈബിൾ, “പഠിപ്പിക്കാനും ശാസിക്കാനും തെററുതിരുത്താനും . . . ഉപകരിക്കുന്നു” എന്നു തിമൊഥെയോസിനുള്ള പൗലോസിന്റെ രണ്ടാം ലേഖനം ഉറപ്പിച്ചു പറയുന്നു. (2 തിമൊത്തെയോസ് 3:16, ഓശാന ബൈബിൾ) നാം കാണാൻ പോകുന്നതുപോലെ, വിവാഹജീവിതത്തിലെ ആശയവിനിമയത്തകർച്ച പരിഹരിക്കുന്ന കാര്യത്തിൽ വാസ്തവം ഇതുതന്നെയാണ്.