ഈ ഭക്ഷണത്തിനു നിങ്ങളെ സംബന്ധിച്ച് അർത്ഥമുണ്ടായിരിക്കാൻ കഴിയുമോ?
ഒരു പൂർണ്ണചന്ദ്രൻ ദേശത്തെ സുഖദമായ പ്രകാശത്തിൽ കുളിപ്പിക്കുന്നു. യുഗങ്ങളോളം പഴക്കമുള്ള യെരൂശലേമിലെ ഒരു മാളികമുറിയിൽ 12 പുരുഷൻമാർ ഒരു മേശക്കു ചുററും കൂടിയിരിക്കുന്നു. തങ്ങളുടെ ഗുരു അത്യന്തം പ്രധാനമായ ഒരു ആചരണം അവതരിപ്പിക്കുകയും വളരെ അർത്ഥഗർഭമായ വാക്കുകൾ സംസാരിക്കുകയും ചെയ്യുമ്പോൾ പതിനൊന്നുപേർ പൂർണ്ണ ശ്രദ്ധകൊടുക്കുന്നു. ഒരു വിവരണം ഇങ്ങനെ പറയുന്നു:
“അവർ ഭക്ഷിക്കുമ്പോൾ യേശു [ക്രിസ്തു] അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യൻമാർക്കു കൊടുത്തു: വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്തോത്രംചൊല്ലി അവർക്കു കൊടുത്തു: എല്ലാവരും ഇതിൽനിന്നു കുടിപ്പിൻ. ഇതു അനേകർക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയനിയമത്തിന്നുള്ള എന്റെ രക്തം; എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽനിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലീവ്മലെക്കു പുറപ്പെട്ടുപോയി.”—മത്തായി 26:26-30.
നമ്മുടെ പൊതുയുഗത്തിന്റെ 33-ാം ആണ്ടിൽ യഹൂദമാസമായ നീസാൻ 14-ാംതീയതി സൂര്യാസ്തമയശേഷമായിരുന്നു ഇതു സംഭവിച്ചത്. യേശുവും അദ്ദേഹത്തിന്റെ അപ്പൊസ്തലൻമാരും പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 16-ാംനൂററാണ്ടിൽ ഈജിപ്ററിലെ അടിമത്തത്തിൽനിന്ന് ഇസ്രയേല്യർക്കുണ്ടായ വിടുതലിന്റെ സ്മാരകമായ പെസഹാ ആഘോഷിച്ചുകഴിഞ്ഞതേയുണ്ടായിരുന്നുള്ളു. ക്രിസ്തു ഇസ്കരിയോത്താ യൂദായെ ഇറക്കിവിട്ടിരുന്നു, അവൻ യേശുവിനെ ഒററിക്കൊടുക്കാറായിരുന്നു. തന്നിമിത്തം യേശുവും വിശ്വസ്തരായ അദ്ദേഹത്തിന്റെ 11 അപ്പൊസ്തലൻമാരും മാത്രമേ ഹാജരായിരുന്നുള്ളു.
ഈ അത്താഴം യഹൂദപെസഹയുടെ ഒരു തുടർച്ചയായിരുന്നില്ല. അതു പുതിയ ഒന്നായിരുന്നു, അതു കർത്താവിന്റെ സന്ധ്യാഭക്ഷണം എന്നു വിളിക്കപ്പെടാനുമിടയായി. ഈ ആചരണം സംബന്ധിച്ചു യേശു തന്റെ അനുഗാമികളോട് ഇങ്ങനെ പറഞ്ഞു: “എന്റെ ഓർമ്മക്കായി ഇതു ചെയ്വിൻ.” (ലൂക്കോസ് 22:19, 20; 1 കൊരിന്ത്യർ 11:24-26) അദ്ദേഹം ഇതു പറഞ്ഞതെന്തുകൊണ്ടായിരുന്നു? ശതാബ്ദങ്ങൾ പഴക്കമുള്ള ഈ സംഭവത്തിനു നിങ്ങളെസംബന്ധിച്ച് അർത്ഥമുണ്ടായിരിക്കാൻ കഴിയുന്നതെങ്ങനെ?