ലോക സമ്പദ്ഘടനയുടെ ഭാവി മുൻകൂട്ടി പറയുന്നു
സാമ്പത്തിക വിപണിയുടെ അസ്ഥിരതയും 1987-ലെ ഓഹരി വിപണിയുടെ തകർച്ച മുൻകൂട്ടിപറയാൻ പരാജയപ്പെട്ട അപഗ്രഥന വിദഗ്ദ്ധരിലുള്ള വിശ്വാസക്കുറവും ചില വ്യാപാരികൾ തങ്ങളുടെ സാമ്പത്തിക ഭാവി മുൻകൂട്ടി അറിയുന്നതിനു ജ്യോതിഷത്തിലേക്കു തിരിയാൻ ഇടയാക്കിയിരിക്കുന്നു, എന്ന് അക്കൗണ്ടൻസി എയ്ജ് എന്ന ലണ്ടൻ മാസിക അവകാശപ്പെടുന്നു. “സാമ്പത്തിക ജ്യോത്സ്യൻമാർക്കു തങ്ങളുടെ വിശദമായ വിപണികഥനങ്ങൾക്കു പ്രശസ്തരായ ഇടപാടുകാരുടെ ഒരു വലിയ നിരതന്നെ ലഭിക്കുന്നുണ്ട്” എന്ന് ആ മാസിക നിരീക്ഷിക്കുന്നു.
ഒരു ആലോചനക്കാരൻ 30 വർഷത്തെ സാമ്പത്തിക സ്ഥിതിവിവരത്തിൽനിന്ന് അയാൾ വേർതിരിച്ചെടുക്കുന്ന പരിവൃത്തികൾ ഗ്രഹങ്ങളുടെ ചലനവുമായി താരതമ്യം ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അയാൾ തന്റെ ഗണനങ്ങൾ നടത്തുന്നു. പല ഇടപാടുകാരും 1987-നു മുമ്പ് അയാളുടെ ആലോചന ചെവിക്കൊള്ളാൻ വൈമനസ്യം കാണിച്ചിരുന്നെങ്കിലും ഇപ്പോൾ സമർത്ഥരായ ധനകാര്യവിദഗ്ദ്ധർപോലും ശ്രദ്ധിക്കാൻ ഒരുക്കമുള്ളവരാണെന്ന് അയാൾ കണ്ടെത്തുന്നു.
മറെറാരു ധനകാര്യ ജ്യോത്സ്യൻ ഒരാളുടെ സ്വഭാവം തിട്ടപ്പെടുത്തുന്നതിനും “വ്യാപാരം മെച്ചപ്പെടാൻ സാദ്ധ്യതയുള്ള സമയം കണ്ടുപിടിക്കാനുള്ള സൂത്രങ്ങൾ” അന്വേഷിക്കുന്നതിനുംവേണ്ടി ജൻമദിനങ്ങളെ അടിസ്ഥാനമാക്കി ചാർട്ടുകൾ വരക്കുന്നു. എങ്കിലും വെള്ളി വിപണിയിലെ ഉയർച്ചതാഴ്ചകൾ ഒരു ചന്ദ്രവട്ടത്തെ തുടർന്നുണ്ടാകുന്നുവെന്ന് മറെറാരാൾ വിശ്വസിക്കുന്നു. എന്നാൽ സാധാരണ സാമ്പത്തിക അപഗ്രഥനവിദഗ്ദ്ധരുമായി താരതമ്യം ചെയ്യുമ്പോൾ തന്റെ ഇടപാടുകാർ “അതു തെററായിത്തീരാനുള്ള വളരെ കുറച്ച് അവസരമേ” നൽകുന്നുള്ളുവെന്ന് ഈ ജ്യോത്സ്യൻ കണ്ടെത്തുന്നു.
എന്നിരുന്നാലും, തീർച്ചയായും സത്യമായി ഭവിക്കാൻ പോകുന്ന ഒരു സാമ്പത്തിക പ്രവചനം ഉണ്ട്, അതിന് ജ്യോതിഷവുമായി യാതൊരു ബന്ധവുമില്ലതാനും. ഈ പ്രവചനം ബൈബിളിൽ എഴുതിവെച്ചിരിക്കുന്നതാണ്, “അതു തെററായിത്തീരാൻ യാതൊരു “അവസരവും” നൽകാത്ത ദൈവമായ യഹോവ പ്രചോദനം നൽകിയിരിക്കുന്നതും ആണ്. അവിടുന്ന് “ഭോഷ്ക്കു പറയാൻ കഴിയാത്ത” ദൈവമാകുന്നു. (തീത്തൊസ് 1:2) അവിടുന്ന് തന്റെ പ്രവാചകനായ യെഹെസ്ക്കേൽ ഇപ്രകാരം പ്രസ്താവിക്കാൻ ഇടയാക്കി: “അവർ തങ്ങളുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; പൊന്ന് അവർക്കു മലമായി തോന്നും; അവരുടെ വെള്ളിക്കും പൊന്നിനും യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിപ്പാൻ കഴികയില്ല.”—യെഹെസ്ക്കേൽ 7:19.
ഇത് എപ്പോഴായിരിക്കും? “യഹോവയുടെ കോപദിവസം” എന്നു യെഹെസ്ക്കേൽ പരാമർശിച്ചതും “മഹോപദ്രവം” എന്ന് യേശു മുൻകൂട്ടിപറഞ്ഞതുമായ കാലത്തുതന്നെ. (മത്തായി 24:21; യെഹെസ്ക്കേൽ 7:19) ജ്യോത്സ്യൻമാർ എന്തുതന്നെ പ്രവചിച്ചാലും സാമ്പത്തിക സമൃദ്ധി അതിജീവനം ഭദ്രമാക്കുകയില്ല. രാഷ്ട്രീയവും മതപരവും വ്യാവസായികവുമായ എല്ലാ അഴിമതിയും നീക്കംചെയ്യപ്പെടുന്ന ലോകവ്യാപകമായ ഈ മുന്നേററത്തിൽ സുരക്ഷിതത്വം ഉറപ്പുനൽകാൻ കഴിയുന്നതു വലിയ വിമോചകനായ യഹോവയാം ദൈവത്തിലുള്ള ആശ്രയത്തിനുമാത്രമാണ്.—സദൃശവാക്യങ്ങൾ 3:5, 6; സെഫന്യാവ് 2:3; 2 പത്രൊസ് 2:9.