വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
പുനരുത്ഥാനം പ്രാപിച്ച യേശു തങ്ങൾക്കു പ്രത്യക്ഷപ്പെട്ടിട്ടു ദീർഘകാലം കഴിഞ്ഞും ചില അപ്പൊസ്തലൻമാർ സംശയിക്കുന്നതിൽ തുടർന്നുവെന്നു മത്തായി 28:17 അർത്ഥമാക്കുന്നുണ്ടോ?
ഇല്ല, മത്തായി 28:16, 17-ൽനിന്നു നാം ആ നിഗമനത്തിൽ എത്തേണ്ടതില്ല, അതിങ്ങനെ വായിക്കുന്നു: “എന്നാൽ പതിനൊന്നു ശിഷ്യൻമാർ ഗലീലയിൽ യേശു അവരോടു കല്പിച്ചിരുന്ന മലെക്കു പോയി. അവനെ കണ്ടപ്പോൾ അവർ അവനെ നമസ്കരിച്ചു; ചിലരോ സംശയിച്ചു.”
യേശു “താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പൻമാർ, മഹാപുരോഹിതൻമാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേല്ക്കയും വേണ്ടതു” എന്നു തിരിച്ചറിയാൻ ശിഷ്യൻമാരെ വളരെ നേരത്തേതന്നെ സഹായിക്കാൻ ശ്രമിച്ചു. (മത്തായി 16:21) എന്നിട്ടും, യേശുവിന്റെ അറസ്ററും വധവും ശിഷ്യരെ നിരാശരും കുഴഞ്ഞവരുമാക്കി. യേശുവിന്റെ പുനരുത്ഥാനം ഒരതിശയംപോലെ സംഭവിച്ചതായി തോന്നുന്നു. അവിടുന്ന് മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആദ്യം ചിലർ “സന്തോഷത്താൽ വിശ്വസിക്കാ”തിരുന്നു. (ലൂക്കൊസ് 24:36-41) പുനരുത്ഥാനത്തിനുശേഷമുള്ള യേശുവിന്റെ പ്രത്യക്ഷതകൾ തന്റെ പുനരുത്ഥാനം നടന്നുവെന്ന വസ്തുത അംഗീകരിക്കാൻ യേശുവിന്റെ അടുത്ത അനുഗാമികളെ സഹായിച്ചു; യേശു ഉയിർപ്പിക്കപ്പെട്ടു എന്ന് അപ്പൊസ്തലനായ തോമസിനുപോലും ബോധ്യംവന്നു.—യോഹന്നാൻ 20:24-29.
അതിനുശേഷം വിശ്വസ്തരായ 11 അപ്പൊസ്തലൻമാർ “ഗലീലക്കു പോയി.” (മത്തായി 28:16; യോഹന്നാൻ 21:1) അവർ അവടെയായിരുന്നപ്പോൾ “അവൻ അഞ്ഞൂററിൽ അധികം സഹോദരൻമാർക്കു ഒരുമിച്ചു പ്രത്യക്ഷനായി.” (1 കൊരിന്ത്യർ 15:6) ഈ പശ്ചാതലത്തിലാണ് “ചിലർ സംശയിച്ചു” എന്നു മത്തായി 28:17 പറയുന്നത്. അതുകൊണ്ട് അപ്പോഴും സംശയങ്ങൾ പുലർത്തിയവർ ആ 500 അനുഗാമികൾക്കിടയിൽ ഉണ്ടായിരുന്നവരായിരിക്കാൻ നല്ല സാദ്ധ്യതയുണ്ട്.
വാച്ച് ടവർ സൊസൈററിയുടെ ഒന്നാമത്തെ പ്രസിഡൻറായിരുന്ന സി. ററി. റസ്സൽ ഇതിനെക്കുറിച്ചു രസകരമായ ഒരു അഭിപ്രായം പറഞ്ഞതു ശ്രദ്ധിക്കുക:
“സംശയിച്ചവർ പതിനൊന്ന് അപ്പൊസ്തലരിൽ ആരെങ്കിലുമായിരുന്നെന്നു നമുക്കു ന്യായമായി നിഗമനം ചെയ്യാൻ കഴിയില്ല, കാരണം അവർ പൂർണ്ണമായി തൃപ്തരായിരുന്നു, തികഞ്ഞ ബോധ്യമുള്ളവരായിരുന്നു, കൂടാതെ മുമ്പ് അവർ അപ്രകാരം പറയുകയും ചെയ്തിരുന്നു. സംശയിച്ചവർ, മുൻകൂട്ടി നിശ്ചയിച്ച ഈ യോഗത്തിൽ സന്നിഹിതരായിരുന്ന ‘അഞ്ഞൂറു സഹോദരൻമാരിൽ’ പെട്ടവർ ആയിരുന്നിരിക്കണമെന്നു ഞങ്ങൾ വിചാരിക്കുന്നു. യേശുവിന്റെ ഉയിർത്തെഴുന്നേല്പിനുശേഷം അവർക്ക് അവിടുന്നുമായി മുൻ ഇടപാട് ഉണ്ടായിരുന്നില്ല. കൂടാതെ, അവരിൽ ചിലർ യേശു സംസാരിച്ചിരുന്ന അപ്പൊസ്തലൻമാരെക്കാളും പ്രത്യേക സുഹൃത്തുക്കളെക്കാളും ദുർബ്ബലവിശ്വാസം ഉള്ളവരായിരുന്നെന്നു നമുക്കു ന്യായമായി നിഗമനം ചെയ്യാൻ കഴിയും. ‘ചിലർ സംശയിച്ചു’ എന്ന പ്രസ്താവന സുവിശേഷകന്റെ രേഖയുടെ നിഷ്കപടതയുടെ തെളിവാണ്. കർത്താവിന്റെ അനുഗാമികൾ കേട്ടമാത്രക്കു വിശ്വസിക്കുന്നവരല്ലായിരുന്നു, മറിച്ച് അവതരിപ്പിക്കപ്പെട്ട തെളിവുകൾ സൂക്ഷ്മമായി പരിശോധിക്കാനും തൂക്കിനോക്കാനും ചായ്വുള്ളവരായിരുന്നു എന്നും അതു നമുക്കു കാണിച്ചുതരുന്നു. അതേസമയം, വിശ്വസിച്ചവർ പിന്നീടു കാട്ടിയ തീക്ഷ്ണതയും ഊർജ്ജസ്വലതയും സ്വപരിത്യാഗത്തിന്റെ ആത്മാവുമെല്ലാം യേശുവിലുള്ള നമ്മുടെ വിശ്വാസത്തിന്റെ ആണിക്കല്ലായി നമ്മളും അവരും അംഗീകരിക്കുന്ന നമ്മുടെ കർത്താവിന്റെ പുനരുത്ഥാനം സംബന്ധിച്ച അവരുടെ ബോധ്യങ്ങളുടെ ആത്മാർത്ഥതക്കു ധാരാളം തെളിവുകൾ നൽകുന്നു. ക്രിസ്തു ഉയിർത്തെഴുന്നേററിട്ടില്ലെങ്കിൽ നമ്മുടെ വിശ്വാസം വ്യർത്ഥമാണ്, നാം പിന്നെയും പാപത്തിലുമാണ്.—1 കൊരിന്ത്യർ 15:17.”—സീയോന്റെ വീക്ഷാഗോപുരവും ക്രിസ്തുസാന്നിദ്ധ്യ ഘോഷകനും, മേയ് 1, 1901, പേജ് 152.
ഈ ആശയം മത്തായി പ്രതിപാദിക്കുന്ന രീതി ബൈബിളിന്റെ ആശ്രയയോഗ്യതയുടെയും സത്യസന്ധതയുടെയും തെളിവു നമുക്കു നൽകുന്നു എന്നു നമുക്ക് സന്ദർഭവശാൽ കുറിക്കൊള്ളാവുന്നതാണ്. ഒരു വ്യക്തി ഒരു വിവരണം കെട്ടിച്ചമയ്ക്കുകയായിരുന്നെങ്കിൽ താൻ ഉണ്ടാക്കിയെടുത്ത കഥ വിശ്വസിക്കാവുന്നതായി തോന്നിക്കുന്ന വിശദാംശങ്ങൾ നൽകാൻ അയാൾ ചായ്വു കാട്ടുമായിരുന്നു; വിട്ടുകളഞ്ഞ വിശദാംശങ്ങളോ വിടവുകളെന്നു തോന്നിപ്പിക്കുന്നവയോ തന്റെ കെട്ടുകഥയിൽ സംശയം നിഴലിപ്പിക്കുമെന്ന് അയാൾക്കു തോന്നിയേക്കാം. മത്തായിയെ സംബന്ധിച്ചെന്ത്?
“ചിലർ സംശയിച്ചു” എന്ന തന്റെ പ്രസ്താവനക്കു കൂടുതലായ വിശദീകരണം നൽകാൻ താൻ ബാധ്യസ്ഥനാണെന്ന് അദ്ദേഹത്തിനു തോന്നിയില്ല. മർക്കൊസിന്റെയും ലൂക്കൊസിന്റെയും യോഹന്നാന്റെയും വിവരണം ഇതേപ്പററി ഒന്നും പറയുന്നില്ല, അതുകൊണ്ടു മത്തായിയുടെ പ്രസ്താവന മാത്രമെടുക്കുമ്പോൾ ഇതു താനും കൂടെ ഉൾപ്പെട്ടിരുന്ന 11 അപ്പൊസ്തലൻമാരെ സൂചിപ്പിക്കുന്നതായി തോന്നിച്ചേക്കാം. എന്നിരുന്നാലും, യാതൊരു വിശദീകരണവുമില്ലാതെയാണ് മത്തായി ഈ ചുരുങ്ങിയ വിവരണം നൽകിയത്. ഏകദേശം 14 വർഷങ്ങൾക്കുശേഷം അപ്പൊസ്തലനായ പൗലോസ് 1 കൊരിന്ത്യർ എന്ന പുസ്തകം എഴുതി. ഒന്നു കൊരിന്ത്യർ 15:6-ൽ അദ്ദേഹം നൽകിയ വിശദാംശത്തിന്റെ വെളിച്ചത്തിൽ, സംശയിച്ചവർ അപ്പൊസ്തലൻമാരല്ല, മറിച്ച് യേശു അതുവരെയും പ്രത്യക്ഷപ്പെടാഞ്ഞ ഗലീലയിലെ ശിഷ്യരാണെന്ന സാദ്ധ്യതയുള്ള നിഗമനത്തിൽ നമുക്കു എത്തിച്ചേരാൻ കഴിയും. അങ്ങനെ, “ചിലർ സംശയിച്ചു” എന്ന മത്തായിയുടെ വിവരണം സത്യമായി ധ്വനിക്കുന്നു; അതിന് ഉചിതമായും, അവനാനത്തെ വിശദാംശവും നൽകാൻ ശ്രമിക്കാതെ സത്യമായ വിവരണം അവതരിപ്പിക്കുന്ന സത്യസന്ധനായ ഒരു എഴുത്തുകാരന്റെ ധ്വനിയുണ്ട്.