“നാമത്തിൽ” ഉള്ള സ്നാപനം
ഈ നൂററാണ്ടിന്റെ ആരംഭത്തിൽ ഈജിപ്ററിലെ മണലാരണ്യങ്ങളിൽ കണ്ടെത്തപ്പെട്ട ആയിരക്കണക്കിനു പുരാതന ലൗകിക പപ്പൈറസ് രേഖകളുടെ പഠനം മിക്കപ്പോഴും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെമേൽ രസാവഹമായ വെളിച്ചം വീശുന്നു. എങ്ങനെ? ചില വാക്കുകൾ ഉപയോഗിക്കപ്പെട്ട വിധം പരിഗണിക്കുന്നതിനാൽ തിരുവെഴുത്തുകളിൽ ആ പദങ്ങൾ ഉപയോഗിക്കപ്പെട്ട പശ്ചാത്തലത്തിന്റെ കൂടുതൽ മെച്ചമായ ഗ്രാഹ്യത്തിലേക്കു നാം നയിക്കപ്പെടുന്നു.
ഒരുദാഹരണം, സ്വർഗ്ഗാരോഹണം ചെയ്യുന്നതിനു മുമ്പായി യേശു തന്റെ ശിഷ്യൻമാർക്കു കൽപന നൽകിയപ്പോഴത്തെ “നാമത്തിൽ” എന്ന അവന്റെ പദപ്രയോഗമാണ്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും . . . സകല ജാതികളെയും ശിഷ്യരാക്കിക്കാൾവിൻ.” യേശു എന്താണ് അർത്ഥമാക്കിയത്?—മത്തായി 28:19, 20.
ലൗകിക എഴുത്തുകളിൽ “നാമത്തിൽ” അഥവാ “നാമത്തിലേക്ക്” (കിംഗ്ഡം ഇൻറർലീനിയർ) എന്ന പദപ്രയോഗം “ആരുടെയെങ്കിലും കണക്കിലേക്ക്” പണമടയ്ക്കുന്നതിനെ പരാമർശിക്കുവാൻ ഉപയോഗിക്കപ്പെട്ടിരുന്നുവെന്നു പണ്ഡിതൻമാർ കണ്ടെത്തിയിരിക്കുന്നു. പപ്പൈറസ് രേഖകളിൽനിന്നുള്ള തെളിവുകളുടെ വീക്ഷണത്തിൽ “കർത്താവിന്റെ നാമത്തിൽ സ്നാപനമേൽക്കുക അല്ലെങ്കിൽ ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുക എന്ന പദപ്രയോഗങ്ങളുടെ പിന്നിലെ ആശയം സ്നാപനത്തിലൂടെ അല്ലെങ്കിൽ വിശ്വാസത്തിലൂടെ ദൈവത്തിന്റേത് അല്ലെങ്കിൽ ദൈവപുത്രന്റേത് ആയിത്തിരുക” എന്നതാണ് എന്നു ദൈവശാസ്ത്ര പ്രൊഫസറായ ഡോ. ജി. അഡോൾഫ് ഡിസ്മാൻ വിശ്വസിച്ചിരുന്നു.—ചെരിച്ചെഴുത്തു ഡിസ്മാന്റേത്.
പുതിയനിയമ ദൈവശാസ്ത്ര നിഘണ്ടുവിൽ (Theological Dictionary of the New Testament) വിശദീകരിക്കപ്പെട്ടിരിക്കുന്ന പ്രകാരം, രസാവഹമായി, യേശുവിന്റെ നാളിലെ യഹൂദൻമാരും സമാനമായ ഒരു പദപ്രയോഗം ഉപയോഗിച്ചിരുന്നു. “ഒരു മതാനുസാരിയുടെ പരിച്ഛേദന . . . യഹൂദമതത്തിലേക്ക് അയാളെ സ്വീകരിക്കാൻ വേണ്ടി ‘അയാളുടെ നാമത്തിലാണ്’ നടത്തപ്പെട്ടിരുന്നത്. നിയമ ഉടമ്പടിയിലേക്ക് അയാളെ സ്വീകരിക്കാൻ വേണ്ടി ഈ പരിച്ഛേദന . . . ‘നിയമ ഉടമ്പടിയുടെ നാമത്തിൽ’ നടത്തപ്പെട്ടിരുന്നു.” അതുവഴി ഒരു ബന്ധം സ്ഥാപിക്കപ്പെടുകയും യഹൂദേതരൻ ഉടമ്പടിയുടെ അധികാരത്തിൻ കീഴിൽ ഒരു മതാനുസാരിയായിത്തീരുകയും ചെയ്യുന്നു.
അതുകൊണ്ട് ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം സമർപ്പണത്തെ തുടർന്നുള്ള സ്നാപനം യഹോവയാം ദൈവവുമായും അവന്റെ പുത്രനായ യേശുക്രിസ്തുവുമായും പരിശുദ്ധാത്മാവുമായും ഒരു ഉററ ബന്ധം സ്ഥാപിക്കുന്നു. മതപരിവർത്തനം ചെയ്തയാൾ തന്റെ പുതിയ ജീവിത രീതിയിൽ അവരുടെ സ്ഥാനത്തിനനുസരിച്ചുള്ള അധികാരം അംഗീകരിക്കുന്നു. പേർ പരാമർശിക്കപ്പെട്ടിരിക്കുന്ന മൂന്നിനെ സംബന്ധിച്ചും ഇതു സത്യമായിരിക്കുന്നത് എങ്ങനെയെന്നു പരിഗണിക്കുക.
ദൈവത്തിന്റെ അധികാരം അംഗീകരിക്കുന്നതിനാൽ നാം അവനിലേക്ക് അടുക്കുകയും അവനുമായി ഒരു ബന്ധത്തിൽ വരുകയും ചെയ്യുന്നു. (എബ്രായർ 12:9; യാക്കോബ് 4:7, 8) യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ മൂല്യത്താൽ വിലയ്ക്കുവാങ്ങപ്പെട്ട അടിമകളെന്ന നിലയിൽ നാം ദൈവത്തിന്റെ സ്വത്തായിത്തീരുന്നു. (1 കൊരിന്ത്യർ 3:23; 6:20) ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ തങ്ങൾക്കു സത്യം എത്തിച്ചുകൊടുത്ത ഏതെങ്കിലും മനുഷ്യരുടേതല്ല, മറിച്ച്, ക്രിസ്തുവിനുള്ളവരാണ് എന്ന് അപ്പൊസ്തലനായ പൗലോസ് അവരോടുപറഞ്ഞു. (1 കൊരിന്ത്യർ 1:12, 13; 7:23; മത്തായി 16:24 താരതമ്യം ചെയ്യുക.) പുത്രന്റെ നാമത്തിലുള്ള സ്നാപനം ഈ വസ്തുത അംഗീകരിക്കുന്നതിനെയും “വഴിയും സത്യവും ജീവനുമായി” യേശുവിനെ സ്വീകരിക്കുന്നതിനെയും അർത്ഥമാക്കുന്നു.—യോഹന്നാൻ 14:6.
യഹോവയും യേശുക്രിസ്തുവുമായി ശരിയായ ബന്ധം ഉണ്ടായിരിക്കുന്നതിനു പരിശുദ്ധാത്മാവും അത്യാവശ്യമാണ്. പരിശുദ്ധാത്മാവിന്റെ നാമത്തിലുള്ള സ്നാപനം നമ്മോടുള്ള ദൈവത്തിന്റെ ഇടപെടലുകളിൽ പരിശുദ്ധാത്മാവിനുള്ള പങ്കിനെ നാം അംഗീകരിക്കുന്നുവെന്നു പ്രകടമാക്കുന്നു. അതിനെ അവഗണിക്കാതെ അല്ലെങ്കിൽ അതിനെതിരെ പ്രവർത്തിക്കാതെ, നമ്മിലൂടെയുള്ള അതിന്റെ പ്രവർത്തനം തടസ്സപ്പെടുത്താതെ അതിന്റെ മാർഗ്ഗനിർദ്ദേശം അനുസരിക്കാൻ നാം ആഗ്രഹിക്കുന്നു. (എഫെസ്യർ 4:30; 1 തെസ്സലൊനീക്യർ 5:19) ആത്മാവിന്റെ ആളത്വമില്ലായ്മ പദപ്രയോഗമോ അതിന്റെ അർത്ഥമോ സംബന്ധിച്ച് യാതൊരു ബുദ്ധിമുട്ടും ഉളവാക്കുന്നില്ല, യഹൂദമതത്തിൽ “ഉടമ്പടിയുടെ നാമത്തിൽ” എന്ന ഉപയോഗത്തിന്റെ കാര്യത്തിലെന്നപോലെ തന്നെ.
അതുകൊണ്ടു സമർപ്പണത്തിന്റെയും സ്നാപനത്തിന്റെയും സമയത്തു നമ്മുടെ പുതിയ ബന്ധത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്നു നാം പ്രാർത്ഥനാപൂർവ്വം പരിചിന്തിക്കേണ്ടതുണ്ട്. അതിനു യേശുവിന്റെ ദൃഷ്ടാന്തത്തിലും മറുവിലാകരുതലിലും പ്രകടമാക്കപ്പെട്ടതുപോലെ ദൈവേഷ്ടത്തോടുള്ള കീഴ്പ്പെടൽ ആവശ്യമാണ്: അതു ലോകവ്യാപകമായി ദൈവത്തിന്റെ സകല ദാസൻമാരെയും സ്നേഹത്തിലും ഐക്യത്തിലും നയിക്കുന്ന പരിശുദ്ധാത്മാവിലൂടെ നിവർത്തിക്കപ്പെടേണ്ടതാണ്.