കുടുംബം ആക്രമിക്കപ്പെടുന്നു!
“കുടുംബമാണ് ഏററം പഴക്കമുള്ള മാനുഷ സ്ഥാപനം. അനേകം വിധങ്ങളിൽ അത് ഏററം പ്രാധാന്യമുള്ളതാണ്. അതു സമൂഹത്തിന്റെ ഏററം അടിസ്ഥാനപരമായ ഘടകമാണ്. കുടുംബജീവിതം ശക്തമായിരുന്നോ അതോ ബലഹീനമായിരുന്നോ എന്നതിനെ ആശ്രയിച്ചു മുഴു സംസ്കാരങ്ങളും അതിജീവിക്കുകയോ അപ്രത്യക്ഷമാവുകയോ ചെയ്തിട്ടുണ്ട്.”
മുമ്പ് 1973-ൽ ദ വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയ അപ്രകാരം പറഞ്ഞു. എന്നിരുന്നാലും ഇന്നത്തെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ ഈ വാക്കുകൾ ഭീഷണമായ, ഏതാണ്ട് അനിഷ്ടസൂചകമായ ധ്വനി കൈക്കൊള്ളുന്നു. കുടുംബജീവിതത്തിനെതിരായി നേരിട്ടുള്ള ഒരു കടന്നാക്രമണത്തിനു കഴിഞ്ഞ ഏതാനും വർഷങ്ങൾ സാക്ഷ്യം വഹിച്ചിരിക്കുന്നു. ജനസമ്മതനായ ഉപദേഷ്ടാവ് ജോൺ ബ്രാഡ്ഷോ ഇപ്രകാരം എഴുതുന്നു: “കുടുംബം ഇന്നൊരു വിഷമഘട്ടത്തിലാണ്. . . . ഉയർന്ന വിവാഹമോചന നിരക്ക്, കൗമാരപ്രായക്കാർക്കിടയിലെ അക്രമപ്രവർത്തനങ്ങൾ, വ്യാപകമായ മയക്കുമരുന്നു ദുരുപയോഗം, പരക്കെയുള്ള അഗമ്യഗമനം, ഭക്ഷണക്രമക്കേടുകൾ, ശാരീരികമർദ്ദനം എന്നിവയെല്ലാം അടിസ്ഥാനപരമായി എന്തോ പിശകുണ്ട് എന്നതിന്റെ തെളിവാണ്.”
വാസ്തവമായും, കുടുംബത്തിൽ “അടിസ്ഥാനപരമായി എന്തോ പിശകുണ്ട് എന്നതിന്റെ തെളിവ്” ലോകത്തിലെല്ലായിടത്തും കാണാൻ കഴിയും. യൂറോപ്പിലെ സാഹചര്യത്തെക്കുറിച്ചു ദി യുനെസ്ക്കോ കുരിയർ ഇപ്രകാരം പറഞ്ഞു: “1965 മുതൽ ഭൂഖണ്ഡത്തിലെല്ലായിടത്തും വിവാഹമോചനങ്ങളുടെ എണ്ണത്തിൽ ഒരു വലിയ വർദ്ധനവ് ഉണ്ടായിരുന്നിട്ടുണ്ട്. . . . പിതാവോ മാതാവോ മാത്രമുള്ള കുടുംബങ്ങളുടെ എണ്ണത്തിലും ഒരു വർദ്ധനവ് ഉണ്ടായിരുന്നിട്ടുണ്ട്.” അതുപോലെതന്നെ വികസ്വര രാജ്യങ്ങളും കുടുംബദുരിതത്തിന്റെ കാര്യത്തിൽ ഒരു വർദ്ധനവു ദർശിക്കുന്നുണ്ട്. എഴുത്തുകാരിയായ ഏലെൻ ട്രാൻബ്ളേ ഇപ്രകാരം നിരീക്ഷിക്കുന്നു: “നൂററാണ്ടുകളായി സാധാരണമായ, മുൻകൂട്ടിപ്പറയാവുന്ന, മാററമില്ലാത്ത ജീവിത രീതികൾ അറിഞ്ഞിട്ടുള്ള സമൂഹങ്ങളിൽ ജീവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇതു കുഴപ്പങ്ങളുടെ ഒരു സമയമാണ്.”
ഇന്ന് അനേകം കുടുംബങ്ങളിൽ നിലവിലുള്ള സാഹചര്യം, വിശേഷിച്ച് ആപൽസൂചന നൽകുന്നു. ഐക്യനാടുകളിൽതന്നെ ലക്ഷക്കണക്കിനു കുട്ടികൾ മദ്യത്തിന് അടിമയായ ഒരു പിതാവിനാലോ മാതാവിനാലോ വളർത്തപ്പെടുന്നു. കുടുംബങ്ങളിലെ അക്രമത്തിലും പേടിപ്പെടുത്തുന്ന വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഉററവരിൽനിന്നുള്ള അക്രമം (Intimate Violence) എന്ന തങ്ങളുടെ പുസ്തകത്തിൽ ഗവേഷകരായ റിച്ചാർഡ് ജെൽസും മറേ സ്റ്രേറാസും ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “നിങ്ങളുടെ സ്വന്തം ഭവനത്തിൽവച്ചു പ്രിയപ്പെട്ട ഒരാളുടെ കൈയാൽ ശാരീരികമായി ആക്രമിക്കപ്പെടാനും പ്രഹരിക്കപ്പെടാനും കൊല്ലപ്പെടാനുമാണു മറെറവിടെയെങ്കിലും വച്ച് നമ്മുടെ സമൂഹത്തിലെ മററാരാലെങ്കിലും അങ്ങനെ ചെയ്യപ്പെടാനുള്ളതിനേക്കാൾ കൂടുതൽ സാദ്ധ്യത.”
സംസ്കാരത്തിന്റെ നിലനിൽപ്പു യഥാർത്ഥത്തിൽ കുടുംബക്രമീകരണത്തിന്റെ ബലത്തെ ആശ്രയിച്ചിരിക്കുന്നുവെങ്കിൽ സംസ്കാരത്തിന്റെ ഭാവി സംബന്ധിച്ച് ആശങ്ക തോന്നാൻ കാരണമുണ്ട്. എന്നിരുന്നാലും, സംസ്കാരത്തിന്റെ ദുരവസ്ഥ നിങ്ങളുടെ ഉൽക്കണ്ഠകളിൽ ഏററം ചെറുതു മാത്രമായിരുന്നേക്കാം. സാദ്ധ്യതയനുസരിച്ച്, നിങ്ങളുടെ ഉൽക്കണ്ഠ അത്തരം കുഴപ്പങ്ങൾ നിങ്ങളുടെ കുടുംബത്തിന് എന്തു കൈവരുത്തിയേക്കാം എന്നതാണ്. അനന്തരഫലം എന്തായിരിക്കും? ആധികാരികമായ ഒരു ഉറവിൽനിന്നുള്ള ഉത്തരം നിങ്ങളെ വളരെ അതിശയിപ്പിച്ചേക്കാം.