‘ആകാശം . . . പ്രസിദ്ധമാക്കുന്നു‘
നിങ്ങൾ ഇപ്പോൾ ഇരിക്കുന്നിടത്തുനിന്ന് ഏകദേശം 15 കോടി കിലോമീററർ ദൂരത്തിൽ സൂര്യൻ ആകാശത്തിൽ അഗ്നിമയമായ ശോഭയോടെ പ്രകാശിക്കുന്നു. ആയിരക്കണക്കിനു വർഷങ്ങളായി ഒരു ദൈവമായി ആരാധിക്കപ്പെടുന്ന നമ്മുടെ ആകാശത്തിലെ മഹത്വമാർന്ന അയൽക്കാരൻ, മറിച്ച്, അതിന്റെ സ്രഷ്ടാവിന്റെ, “ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ”വന്റെ, ശക്തിക്ക് ഒരു സാക്ഷ്യമാണ്. (സങ്കീർത്തനം 115:15) അതിന്റെ ശോഭയും ചൂടും ഭൂമിയിലെ ജീവന് അത്യന്താപേക്ഷിതമാണ്. അതിനെ സംബന്ധിച്ചു ശാസ്ത്രജ്ഞൻമാർ പഠിച്ചിട്ടുള്ള വസ്തുതകൾ നമ്മെ വിസ്മയഭരിതരാക്കുന്നു.
സൂര്യൻ വമ്പിച്ച അളവുകളിൽ ഊർജ്ജം ഉളവാക്കുന്നതായി നമ്മോടു പറയപ്പെടുന്നു. അത് ഉല്പാദിപ്പിക്കുന്ന ചൂടിന്റെയും വെളിച്ചത്തിന്റെയും അമ്പതുകോടിയിലൊന്നിൽ കുറവു മാത്രമാണ് ഭൂമി തടഞ്ഞുനിർത്തുന്നതെന്നു നിങ്ങൾ തിരിച്ചറിഞ്ഞിരുന്നോ? എന്നിരുന്നാലും, ആ അംശം ഓരോ മിനിററിലും അതിഭീമമായ 2,40,00,000,00,00,000 കുതിരശക്തിക്കു തുല്യമാണ്!
സൂര്യൻ ഈ ഊർജ്ജമെല്ലാം നിർമ്മിക്കുന്നതെങ്ങനെയാണ്? ഓരോ സെക്കണ്ടിലും 40 ലക്ഷത്തോടടുത്തു ടൺ ഹൈഡ്രജൻ ദഹിപ്പിച്ചുകൊണ്ട് ഊർജ്ജമുളവാക്കുന്ന ഒരു വമ്പിച്ച ന്യൂക്ലിയർ ചൂള മുഖാന്തരം. മനുഷ്യവർഗ്ഗത്തെസംബന്ധിച്ചു സന്തോഷകരമെന്നു പറയട്ടെ, ഈ പ്രക്രിയ ശതകോടിക്കണക്കിനു വർഷങ്ങളിൽ തുടരാൻ തക്കവണ്ണം വേണ്ടത്ര ഇന്ധനം സൂര്യനിലുണ്ട്.
ശാസ്ത്രജ്ഞൻമാർ കണ്ടുപിടിച്ചിട്ടുള്ള ചില കാര്യങ്ങൾ കൂടുതലായ ചോദ്യങ്ങൾ ഉദിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന്, സൂര്യൻ ഒരു ചുററികകൊണ്ടു കൊട്ടുന്ന ഒരു ലോഹത്തകിടുപോലെ നിരന്തരം കമ്പനംചെയ്തുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട്? കൂടാതെ, ഇതും പരിചിന്തിക്കുക: സൂര്യന്റെ ജ്വലിച്ചുകൊണ്ടിരിക്കുന്ന ഉൾഭാഗമാണ് ഏററവും ചൂടുള്ള ഭാഗം, ഒരോ അടുക്കും ഉൾഭാഗത്തുനിന്ന് എത്ര അകലത്തിലാണോ അത്രയധികമായി അതു തണുത്തതാണ്. എന്നാൽ നാം സൂര്യന്റെ അന്തരീക്ഷത്തിന്റെ കൊറോണാ എന്ന പുറത്തെ സ്തരത്തിലേക്കു വരുമ്പോൾ അതിനു മാററമുണ്ടാകുന്നു. കൊറോണാ എരിയുന്ന കാമ്പിനോടു കൂടുതലടുത്തുള്ള സ്തരങ്ങളേക്കാൾ ചൂടേറിയതാണ്. എന്തുകൊണ്ട്?
കൂടാതെ, ഭൂമിയെപ്പോലെ, സൂര്യൻ കറങ്ങിക്കൊണ്ടിരിക്കെ വ്യത്യസ്ത ഭാഗങ്ങൾ വ്യത്യസ്ത വേഗത്തിലാണു കറങ്ങുന്നത്. ദൃഷ്ടാന്തത്തിന്, ഉപരിഭാഗം ഉള്ളിലെ സ്തരങ്ങളേക്കാൾ വേഗത്തിൽ കറങ്ങുന്നു. എന്തുകൊണ്ട്? അത് എങ്ങനെ സാദ്ധ്യമാണ്? ഇനി സൂര്യകളങ്കങ്ങളുണ്ട്. സൂര്യോപരിതലത്തിലുള്ള ഈ കളങ്കങ്ങൾ 11 വർഷത്തെ ഒരു കാലഘട്ടംകൊണ്ടു ക്രമമായി ആവർത്തിച്ചു വരുകയും പോകുകയും ചെയ്യുന്നു. അവ അങ്ങനെയുള്ള ക്രമമായ വിധത്തിൽ മാറുന്നതെന്തുകൊണ്ട്?
സൂര്യനെക്കുറിച്ച് ഇനിയും വളരെയധികം പഠിക്കാനുണ്ടെങ്കിലും, നമുക്കിപ്പോൾത്തന്നെ അറിയാവുന്നത് അതിന്റെ സ്രഷ്ടാവായ യഹോവയിലേക്കു നാം ഭയാദരവോടെ നോക്കാനിടയാക്കുന്നു. നാം സൂര്യനെ കാണുന്ന ഒരോ സമയത്തും “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു” എന്നു നാം അനുസ്മരിപ്പിക്കപ്പെടുന്നു.—സങ്കീർത്തനം 19:1. (w92 10⁄1)