ക്രൈസ്തവലോകവും അടിമവ്യാപാരവും
പത്തൊൻപതാം നൂററാണ്ടിൽ അടിമവ്യാപാരത്തോടുള്ള എതിർപ്പിൽ കത്തോലിക്കാ മിഷനറിമാരും പ്രൊട്ടസ്ററൻറ് മിഷനറിമാരും യോജിപ്പിലായിരുന്നു. എന്നിരുന്നാലും അവരുടെ നിലപാട് എല്ലായ്പ്പോഴും അതല്ലായിരുന്നു. മുൻ നൂററാണ്ടുകളിൽ അടിമവ്യാപാരം ഉളവാക്കിയ ഭീകരമായ കഷ്ടപ്പാടു ഗണ്യമാക്കാതെ അവർ അതിനെ അംഗീകരിക്കുകയും അതിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
ഗുഡ്ഹോപ്പ്മുനമ്പിനെ ചുററിയുള്ള സമുദ്ര വാണിജ്യപാത 15-ാം നൂററാണ്ടിൽ കണ്ടുപിടിച്ചപ്പോൾ മിഷനറിമാർ ആഫ്രിക്കയുടെ പൂർവതീരത്തേക്കും പശ്ചിമതീരത്തേക്കും വന്നുതുടങ്ങി. എന്നിരുന്നാലും മൂന്നു നൂററാണ്ടുകൾക്കുശേഷം ആഫ്രിക്കയിലെ മിഷനറിവേല മിക്കവാറും അവസാനിച്ചിരുന്നു. ആഫ്രിക്കൻ പുതുവിശ്വാസികൾ അധികമില്ലായിരുന്നു. ഈ പരാജയത്തിനുള്ള ഒരു കാരണം അടിമവ്യാപാരത്തിലുള്ള ക്രൈസ്തവലോകത്തിന്റെ ഉൾപ്പെടലായിരുന്നു. ക്രിസ്ത്യാനിത്വത്തിന്റെ ആഫ്രിക്കയിലെ നടീൽ (The Planting of Christianity in Africa) എന്നതിൽ സി. പി. ഗ്രോവ്സ് ഇങ്ങനെ വിശദീകരിക്കുന്നു:
“ക്രിസ്തീയ ദൗത്യത്തോടൊപ്പം അടിമവ്യാപാരത്തിലെ സജീവയത്നവും ഉണ്ടായിരുന്നു, അതു തെററാണെന്നു വിചാരിക്കപ്പെട്ടിരുന്നില്ല. തീർച്ചയായും ദൗത്യത്തിനുതന്നെ അതിന്റെ സ്വന്തം അടിമകളുണ്ടായിരുന്നു; ലൊവാണ്ടയിലെ [ഇപ്പോൾ അംഗോളയുടെ തലസ്ഥാനമായ ലുവാണ്ട] ഒരു ജസ്വിററ് സന്യാസിമഠത്തിന് 12,000 പേർ ഉണ്ടായിരുന്നു. അംഗോളയും ബ്രസീലും തമ്മിലുള്ള അടിമവ്യാപാരം വിപുലമായപ്പോൾ ലൊവാണ്ടയിലെ ബിഷപ്പ് കപ്പൽത്തുറക്കുസമീപം ഒരു ശിലാകസേരയിലിരുന്നുകൊണ്ടു യാത്രതിരിക്കുന്ന കപ്പൽചരക്കുകളുടെമേൽ ജീവിതത്തിലെ കൊടുങ്കാററു നിറഞ്ഞ പീഡാനുഭവങ്ങൾ കഴിയുമ്പോഴത്തെ ഭാവിശ്രേയസ്സു വാഗ്ദാനംചെയ്തുകൊണ്ടു തന്റെ ധർമ്മാധികാരപരമായ അനുഗ്രഹം ചൊരിഞ്ഞു.”
ജസ്വിററ്മിഷനറിമാർ “നീഗ്രോ അടിമത്തത്തിനെതിരെ പ്രതിഷേധം” ഉയർത്തിയില്ല, എന്നു സി. ആർ ബോക്സർ സ്ഥിരീകരിക്കുന്നു, ആദിമകാലങ്ങൾ തുടങ്ങി 1800 വരെയുള്ള ആഫ്രിക്കാ (Africa From Early Times to 1800) എന്ന പുസ്തകത്തിൽ ഉദ്ധരിച്ചിരിക്കുന്ന പ്രകാരംതന്നെ. ലുവാണ്ടായിൽ സ്പെയിൻകാരുടെയും പോർട്ടുഗീസുകാരുടെയും കോളനികളിലേക്കു തിരിച്ച കപ്പലുകളിൽ അടിമകൾ കയറുന്നതിനുമുമ്പ് “അവർ അടുത്തുള്ള ഒരു പള്ളിയിലേക്കു കൊണ്ടുപോകപ്പെടുകയും . . . നൂറുപേരടങ്ങിയ കൂട്ടങ്ങളായി ഒരു ഇടവകപുരോഹിതനാൽ സ്നാപനം കഴിപ്പിക്കപ്പെടുകയും ചെയ്തു”വെന്നു ബോക്സർ കൂട്ടിച്ചേർക്കുന്നു. പിന്നീട് “വിശുദ്ധ ജലം” തളിച്ചശേഷം അടിമകളോട് ഇങ്ങനെ പറയപ്പെട്ടു, “നോക്കൂ, നിങ്ങൾ ഇപ്പോൾത്തന്നെ ദൈവമക്കളാണ്; നിങ്ങൾ സ്പെയിൻകാരുടെ ദേശത്തേക്കു പോകുകയാണ്, അവിടെ നിങ്ങൾ വിശ്വാസകാര്യങ്ങൾ പഠിക്കും. നിങ്ങൾ എവിടെനിന്നു പോന്നുവെന്നു മേലാൽ ചിന്തിക്കരുത് . . . സൻമനസ്സോടെ പോകുക.”
തീർച്ചയായും, കൈസ്ത്രവലോകത്തിലെ മിഷനറിമാർ മാത്രമല്ല അടിമവ്യാപാരത്തെ അംഗീകരിച്ചത്. “പതിനെട്ടാം നൂററാണ്ടിന്റെ ഒടുവിലത്തെ പകുതിവരെ അതു പൊതുലോകത്തിന്റെ മനോഭാവമായിരുന്നു” എന്നു ജെഫ്രി മൂർഹൗസ് ദി മിഷനറി എന്ന തന്റെ പുസ്തകത്തിൽ വിശദീകരിക്കുന്നു. മൂർഹൗസ് 18-ാംനൂററാണ്ടിലെ ഒരു പ്രൊട്ടസ്ററൻറ് മിഷനറിയായിരുന്ന തോമസ് തോംപ്സന്റെ മാതൃക ഉദ്ധരിക്കുന്നു, അദ്ദേഹം നീഗ്രോ അടിമകൾക്കായുള്ള ആഫ്രിക്കൻ വ്യാപാരം മനുഷ്യരാശിയുടെ തത്ത്വങ്ങളോടും വെളിപ്പെടുത്തപ്പെട്ട മതത്തിന്റെ തത്ത്വങ്ങളോടും പൊരുത്തപ്പെടുന്നു എന്ന അഭിധാനത്തിൽ ഒരു ലഘുലേഖ എഴുതി.
എന്നിരുന്നാലും ക്രൈസ്തവലോകം അവളുടെ പങ്കുപററൽ നിമിത്തം ദശലക്ഷക്കണക്കിന് ആഫ്രിക്കൻ അടിമകളുടെമേൽ വരുത്തപ്പെട്ട ഭയങ്കര ദുരിതത്തിന്റെ ഉത്തരവാദിത്തത്തിൽ പങ്കുവഹിക്കുന്നു. “ആഫ്രിക്കയിൽനിന്നു സമുദ്രയാത്ര തുടങ്ങുന്നതിനു മുമ്പു മരണമടഞ്ഞ അടിമകൾക്കുപുറമേ, 121⁄2% വെസ്ററിൻഡീസിലേക്കുള്ള പോക്കിൽ നഷ്ടപ്പെട്ടു; ജമയ്ക്കായിൽ തുറമുഖങ്ങളിലായിരുന്നപ്പോഴോ വില്പനക്കുമുമ്പോ 41⁄2% മരണമടഞ്ഞു, മൂന്നിലൊന്നുകൂടെ ‘പരുവപ്പെടുത്ത’ലിന്റെ സമയത്തും” എന്ന് ദി എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ പ്രസ്താവിക്കുന്നു.
പെട്ടെന്നുതന്നെ യഹോവയാം ദൈവം ക്രൈസ്തവലോകവും വ്യാജമതത്തിന്റെ മററു രൂപങ്ങളും വെച്ചുപൊറുപ്പിച്ചതും അനുഗ്രഹിക്കുകപോലും ചെയ്തതുമായ സകല രക്തപാതകകൃത്യങ്ങൾക്കും അവരോടു കണക്കു ചോദിക്കും.—വെളിപ്പാട് 18:8, 24.
[8-ാം പേജിലെ രേഖാചിത്രം]
[പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.]
അടിമകൾ ഒരു അടിമക്കപ്പലിലേക്കു തിക്കിക്കൊള്ളിക്കപ്പെട്ട വിധത്തിന്റെ പടം
[കടപ്പാട്]
Schomburg Center for Research in Black Culture / The New York Public Library / Astor, Lenox and Tilden Foundations