ആർച്ചുബിഷോപ്പിനു ചെറുക്കാൻ കഴിയുകയില്ല!
കഴിഞ്ഞ വർഷം കത്തോലിക്കാ സഭക്കു വലിയ ഉത്ക്കണ്ഠയുള്ള ചില കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഒരു കർദ്ദിനാളസമിതി കൂടി. ഈൽ സാബാറെറാ വർത്തമാനപ്പത്രമനുസരിച്ച് അവയിൽ ഒന്ന് “കക്ഷിവിഭാഗങ്ങളുടെ ആക്രമണോത്സുകത”യാണ്. എന്നിരുന്നാലും, ആ വർത്തമാനപ്പത്രം ഇങ്ങനെ പറഞ്ഞു: “കർദ്ദിനാൾമാർക്ക് ഈ പോയിൻറിൽ യോജിപ്പിൽ എത്തുക പ്രശ്നമായിരിക്കരുത്. പുതിയ മതപ്രസ്ഥാനങ്ങളാകുന്ന പ്രതിഭാസം സംബന്ധിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകതയും സാദ്ധ്യമാകുന്നടത്തോളം അവയുടെ വികാസം തടയേണ്ടതിന്റെ ആവശ്യകതയും സംബന്ധിച്ച് എല്ലാവരും യോജിപ്പിലാണ്.”
എന്നിരുന്നാലും, തെളിവനുസരിച്ച്, “കക്ഷിവിഭാഗങ്ങളുടെ ആക്രമണോത്സുകത” ഇററലിയിലെ മാത്രം പ്രശ്നമല്ല. ഈൽ സാബാറെറാ ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “സ്മോളൻസ്കിലെ [റഷ്യയിലെ ഏററവും പഴക്കംചെന്ന നഗരങ്ങളിലൊന്ന്] ആർച്ചുബിഷപ്പ് കീറിൽ അടുത്തകാലത്ത് വത്തിക്കാൻ സന്ദർശിച്ചപ്പോൾ, സോവിയററു യൂണിയനിലെ യഹോവയുടെ സാക്ഷികളുടെയും സമാന കൂട്ടങ്ങളുടെയും അപ്രതിരോധ്യമായ വളർച്ചയെ ചെറുക്കുന്നതിന് പോപ്പിനോട് സഭൈക്യപ്രസ്ഥാനത്തിന്റെ സഹായം അഭ്യർത്ഥിച്ചു.”
ഒന്നാം നൂററാണ്ടിൽ, ക്രിസ്ത്യാനിത്വം അതിന്റെ അനുയായികളാൽ തീവ്രമായി വ്യാപിപ്പിക്കപ്പെട്ടപ്പോൾ സ്ഥാപിത മതങ്ങളുടെ നേതാക്കൻമാർക്ക് സമാനമായ പരാതികളുണ്ടായിരുന്നു. ഒരവസരത്തിൽ കോപാകുലരായ യഹൂദൻമാർ നഗര ഭരണാധിപൻമാരോട് ഇപ്രകാരം പരാതിപ്പെട്ടു: “ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി”! (പ്രവൃത്തികൾ 17:6) അന്ന് മതനേതാക്കൻമാർ ക്രിസ്ത്യാനിത്വത്തിന്റെ വ്യാപനം തടയാൻ കഠിനമായി പരിശ്രമിച്ചു, എന്നാൽ അവർ പരാജയപ്പെട്ടു. ഇന്നും, യഥാർത്ഥ ക്രിസ്തീയ ഉപദേശം വ്യപിപ്പിക്കുന്നതിനെ തടയുന്നതിനുള്ള ഏതൊരു ശ്രമവും പരാജയത്തിനു വിധിക്കപ്പെട്ടിരിക്കുന്നു. ദൈവംതന്നെ വാഗ്ദാനം ചെയ്യുന്നു: “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേൽക്കുന്ന എല്ലാ നാവിനെയും നീ കുററം വിധിക്കും; യഹോവയുടെ ദാസൻമാരുടെ അവകാശവും എന്റെ പക്കൽനിന്നുള്ള അവരുടെ നീതിയും ഇതു തന്നേ ആകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.”—യെശയ്യാവ് 54:17. (w92 8/15)