ചരിത്രപ്രധാനമായ ആശുപത്രി അനുപമമായ രാജ്യഹാളായിത്തീരുന്നു
ആയിരത്തിയെഴുനൂററിയെഴുപതിൽ പ്രസിദ്ധ ഇംഗ്ലീഷ് പര്യവേക്ഷകനായിരുന്ന ലഫ്ററനൻറ് ജെയിംസ് കുക്ക് പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടില്ലാഞ്ഞ ആസ്ത്രേലിയായുടെ കിഴക്കൻതീരത്തിനു സമീപം എൻഡവർ എന്ന 369-ടൺ കപ്പൽ ഓടിക്കുകയായിരുന്നു. ജൂൺ 11-ലെ സന്ധ്യാസമയത്ത് ഭൂഖണ്ഡത്തിന്റെ വടക്കു മാറിയുള്ള ഒരു വിദൂരപ്രദേശത്തെ ഒരു പവിഴപ്പുററിൽ ഈ യാനപാത്രം ഇടിച്ചു. ഓക്ക്മരംകൊണ്ടുള്ള കപ്പലിന്റെ ചട്ടക്കൂടിനു ഗുരുതരമായ കേടുപററി. ജോലിക്കാർ രക്ഷപ്പെടണമെങ്കിൽ അടിയന്തിരമായ കേടുപോക്കൽ ആവശ്യമായിരുന്നു. അടുത്തുണ്ടായിരുന്ന ഒരു നദീമുഖം കേടുപോക്കലിനു പററിയ സ്ഥാനമാണെന്ന് തെളിഞ്ഞു. കേടുപോക്കുന്നതിന് ആറാഴ്ച എടുത്തു. നൂററിമൂന്നു വർഷങ്ങൾക്കുശേഷം ഈ പ്രദേശത്ത് സ്വർണ്ണം കണ്ടെത്തപ്പെട്ടു. സ്വർണ്ണശേഖരണത്തിനുവേണ്ടിയുള്ള പരക്കംപാച്ചിൽ തുടങ്ങി! പതിനായിരക്കണക്കിനാളുകൾ ധനം തേടിയെത്തി. കുക്ക്ടൗൺ ജാതമായി.
ആയിരത്തിഎണ്ണൂററിയെഴുപത്തൊൻപതിൽ രോഗികളെയും ഖനനവേളയിലുണ്ടാകുന്ന അപകടങ്ങളിൽ പരുക്കേററവരെയും ശുശ്രൂഷിക്കുന്നതിന് ഒരു സ്ഥിരമായ ആശുപത്രി സ്ഥാപിക്കുന്നതിനു ഗവൺമെൻറ് അനുവാദം കൊടുത്തു. ലോകത്തിന്റെ മറുവശത്ത് അതേ വർഷം ജൂലൈ 1-ന് സീയോന്റെ വീക്ഷാഗോപുരത്തിന്റെ ആദ്യപതിപ്പ് ഇറങ്ങി. അന്നുമുതൽ ഈ മാസിക ദൈവഭയമുള്ള ദശലക്ഷക്കണക്കിനാളുകളുടെ ആത്മീയാരോഗ്യത്തിനുവേണ്ടിയുള്ള ഒരു പരിപാടി പ്രദാനംചെയ്തിരിക്കുന്നു. കുക്ക്ടൗൺ ആശ്രുപത്രിക്കെട്ടിടത്തിന് ഒരു നാളിൽ ഈ മാസികയുമായി അടുത്ത ബന്ധങ്ങളുണ്ടാകുമെന്ന് അന്ന് അറിഞ്ഞിരുന്നില്ല.
ഒരു നൂററാണ്ടിലധികം കഴിഞ്ഞപ്പോൾ, കുക്ക്ടൗൺ ആശുപത്രി മാററിസ്ഥാപിക്കേണ്ടയാവശ്യമുണ്ടായി. ഒരു പുതിയ കെട്ടിടത്തിന് ഗവൺമെൻറ്പണം ലഭ്യമായിരുന്നു. തന്നിമിത്തം പഴയ ആശുപത്രിക്കെട്ടിടം നീക്കംചെയ്യുന്നതിന് ടെൻഡർ വിളിക്കപ്പെട്ടു. ക്വീൻലാൻഡ് നാഷനൽ ട്രസ്ററ് എന്ന സൊസൈററി ഈ ചരിത്രപ്രാധാന്യമുള്ള കെട്ടിടത്തിൽ വലിയ താത്പര്യം പ്രകടമാക്കി. എന്നിരുന്നാലും, കെട്ടിടം മാററിസ്ഥാപിക്കുന്നതിന്റെ ചെലവ് വളരെ ഉയർന്നതായിരുന്നു. യാതൊരു ടെൻഡറും കൊടുക്കപ്പെട്ടില്ല.
ഏതാണ്ട് അതേ സമയത്ത്, കുക്ക്ടൗണിലെ യഹോവയുടെ സാക്ഷികളുടെ ചെറിയ സഭ ക്രിസ്തീയയോഗങ്ങൾ നടത്തുന്നതിനുള്ള ഒരു സ്ഥിരമായ സ്ഥലം അന്വേഷിക്കുകയായിരുന്നു. അവർക്ക് സ്വന്തം സ്ഥലമില്ലായിരുന്നു, 800 ആസ്ത്രേലിയൻ ഡോളർമാത്രമേ ഉണ്ടായിരുന്നുള്ളു. അവർക്ക് എങ്ങനെ ഒരു രാജ്യഹാൾ പണിയാൻ കഴിയും? സ്ഥലത്തെ സഭയുടെ പ്രതിനിധികൾ ആശുപത്രിക്കെട്ടിടം മാററി സ്ഥാപിക്കാൻ സന്നദ്ധത പ്രകടമാക്കി. പണം കൊടുക്കാമെന്ന് വാഗ്ദാനംചെയ്തതുമില്ല. യഹോവ എങ്ങനെ കാര്യങ്ങൾ നയിക്കും? ആവേശകരമായ വാർത്ത! അവരുടെ ടെൻഡർ അംഗീകരിക്കപ്പെട്ടു!
ഇനി അടുത്ത സംഗതി—കെട്ടിടത്തിനുവേണ്ടിയുള്ള സ്ഥലം. ഉവ്വ്, കെട്ടിടം സംരക്ഷിക്കപ്പെടുകയും പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുന്നുവെങ്കിൽ, സൗജന്യമായി ഗവൺമെൻറ് സ്ഥലം നൽകുമെന്നു തോന്നുന്നതായി അവരോടു പറയപ്പെട്ടു. എന്നിരുന്നാലും, ജനസമുദായത്തിലെ സൗഹാർദ്ദതയില്ലാഞ്ഞ ഒരു വിഭാഗത്തിൽ നിർദ്ദിഷ്ട പദ്ധതിയോടുള്ള എതിർപ്പു വർദ്ധിക്കുകയായിരുന്നു. യഹോവയുടെ സാക്ഷികളുടെ പദ്ധതിയെ തടയാൻ ഉദ്ദേശിച്ചുള്ള ഒരു ഹർജി തയ്യാറാക്കപ്പെട്ടു. യഹോവയുടെ സാക്ഷികൾ കുക്ക്ടൗൺ പിടിച്ചടക്കുകയും സകല ഹോട്ടലുകളും ചൂതാട്ട പരിസരങ്ങളും അടയ്ക്കുകയും പുകയിലവിൽപ്പന നിരോധിക്കുകയും ചെയ്യുമെന്നുള്ള ഒരു കിംവദന്തി പ്രചരിച്ചു. തീർച്ചയായും ഇത് ഒരിക്കലും സംഭവിച്ചില്ല, എന്നിരുന്നാലും വസ്തുവിന്റെ പുനർമേഖലാനിർണ്ണയം ചെയ്തുകിട്ടുന്നതും കെട്ടിടനിർമ്മാണത്തിനുള്ള അനുമതി കിട്ടുന്നതും കൂടുതൽ പ്രയാസമായിത്തീർന്നു. കെട്ടിടം നീക്കംചെയ്യാനുള്ള അന്തിമ തീയതി സത്വരം സമീപിച്ചുവരുകയായിരുന്നു. ക്വീൻലാൻഡിലെ സംസ്ഥാനഗവൺമെൻറിന്റെ ഇടപെടൽ തേടി. (റോമർ 13:2 താരതമ്യപ്പെടുത്തുക.) ഗവൺമെൻറ്വസ്തുവിന്റെ ഉപയോഗം പെട്ടെന്ന് അനുവദിക്കപ്പെട്ടു, കെട്ടിടനിർമ്മാണത്തിനുള്ള പെർമിററും നൽകപ്പെട്ടു. സ്ഥലവും കെട്ടിടവും കൈവശംലഭിച്ചിരിക്കെ, അടുത്തതായി എന്ത്?
ക്വീൻസ്ലാൻഡ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് പരിചയസമ്പന്നരായ തൊഴിൽക്കാരും സഹായികളുമായ നൂറുകണക്കിനു സാക്ഷികൾ വന്നെത്തി. അവർ തങ്ങളുടെ സമയം സൗജന്യമായി നൽകുന്നവരും വളരെ പെട്ടെന്നു രാജ്യഹാളുകൾ പണിയുന്നതിനുള്ള വൈദഗ്ദ്ധ്യം നേടിയിട്ടുള്ളവരുമായിരുന്നു. ഈ പദ്ധതി പ്രത്യേക വെല്ലുവിളികളുയർത്തി: ഇരുനില ആശുപത്രിക്കെട്ടിടത്തിന്റെ ഭാഗങ്ങൾ പുതിയ സ്ഥലത്തേക്കു മാററുന്നതും അനന്തരം കെട്ടിടം പുനഃസംഘടിപ്പിക്കുന്നതും തന്നെ. മൺസൂൺകാലം സത്വരം സമീപിച്ചുവരുകയായിരുന്നതുകൊണ്ട് പെരുമഴയുടെ ഭീഷണിയുമുണ്ടായിരുന്നു. പണി കൃത്യസമയത്ത് പൂർത്തിയാകുമോ? പട്ടണവാസികളിൽ ചിലർക്ക് സംശയവിചാരങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, ചിലർക്ക് അസാദ്ധ്യമെന്നു തോന്നിയത് പെട്ടെന്നു നിർവഹിക്കപ്പെട്ടു. ആയിരത്തിത്തൊള്ളായിരത്തിഎൺപത്തിയാറ് ഏപ്രിലിൽ കെട്ടിടം മറെറാരിടത്തേക്കു മാററുകയും അനന്തരം ആദ്യമഹത്വത്തോടെതന്നെ പുനഃസ്ഥാപിക്കുകയും ചെയ്തു.
ഈ പ്രവർത്തനമൊക്കെ ശ്രദ്ധിക്കപ്പെടാതെ പോയില്ല, കുക്ക്ടൗണിലെ ആംഗ്ലിക്കൻ ന്യൂസ്ലെറററിലെ അഭിപ്രായങ്ങളിൽനിന്ന് അതു തെളിയുന്നു. ഭാഗികമായി അതിങ്ങനെ പ്രസ്താവിച്ചു: “ഞാൻ വിമർശിക്കപ്പെടുമെന്നുള്ളതിനു സംശയമില്ല, എന്നാൽ . . . പള്ളിയിലെങ്ങുമൊന്നു നോക്കുക, അത് നിറയാതിരിക്കുന്നതു കാണുക. മറേറ കൂട്ടത്തെയും [യഹോവയുടെ സാക്ഷികൾ] ഒന്നു നോക്കുകയും അത് എത്രയധികമായി നിറയുന്നുവെന്ന്, ആംഗ്ലിക്കൻ വിശ്വാസികളെയും റോമൻകത്തോലിക്കരെയുംകൊണ്ടു, നിറയുന്നുവെന്നു കാണുകയും ചെയ്യുക. . . . ഒരു പ്രത്യേക സംഘടന . . . അവർ യോഗങ്ങൾ നടത്തിയിരുന്ന സ്കൂൾ എല്ലാവർക്കും ഇരിക്കുന്നതിന് തീരെ ചെറുതായിരുന്നതുകൊണ്ട് ഒരു പള്ളിക്കെട്ടിടമെന്നു വിളിക്കാവുന്നതാക്കി പുനർനിർമ്മിക്കുന്നതിന് പഴയ ആശുപത്രി വിലക്കുവാങ്ങിയത് നിങ്ങൾ അറിഞ്ഞോ? . . . ഇതു സംഭവിക്കാൻ അനുവദിച്ച നാം എത്ര ദുർബലരാണ്.”
ഓരോ വർഷവും ആയിരക്കണക്കിനു വിനോദസഞ്ചാരികൾ കുക്ക്ടൗൺ സന്ദർശിക്കുന്നു. അവർ മനോഹരമായ മഴവനപരിസരവും ദി ഗ്രേററ് ബാരിയർ റീഫും ആസ്വദിക്കുന്നതിനും ആ പ്രദേശത്തിന്റെ ചരിത്രം പഠിക്കുന്നതിനുമാണ് വരുന്നത്. ക്യാപ്ററൻകുക്ക് മ്യൂസീയം മിക്ക സന്ദർശകർക്കും ഇഷ്ടമുള്ള ഒരു ആകർഷകസ്ഥലമാണ്. ആയിരത്തിത്തൊള്ളായിരത്തിഎൺപത്തിയൊൻപതു മുതൽ ചരിത്രപ്രധാനമായ കുക്ക്ടൗൺ ആശുപത്രിയും യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ എന്ന അതിന്റെ പുതിയ റോളിൽ വിനോദസഞ്ചാരികളുടെ ഒരു മുഖ്യ ആകർഷണമാണ്. സൂവനീർ സ്റേറാറുകൾ കുക്ക്ടൗൺ ആശുപത്രി-രാജ്യഹാൾ മുദ്രണംചെയ്തിരിക്കുന്ന, പാത്രം തുടക്കുന്നതിനുള്ള ടീ-ററൗവലുകളും ടീ-ഷർട്ടുകളും വിൽക്കുന്നു. വിനോദസഞ്ചാര സീസണിൽ അതിന്റെ 1879-ലെ അനുപമമായ ശില്പകല നേരിട്ടുകാണാൻ ഒരോ വാരത്തിലും അറുനൂറിനും ആയിരത്തിനുമിടക്ക് ആളുകൾ ഈ കെട്ടിടം സന്ദർശിക്കുന്നു.
ഇപ്പോൾ വീക്ഷാഗോപുരം എന്നറിയപ്പെടുന്ന മാസിക സന്ദർശകർക്ക് യഥേഷ്ടം ലഭ്യമാണ്. ആയിരത്തിഎണ്ണൂററിയെഴുപത്തൊൻപതു മുതൽ ഈ മാസികയുടെ പ്രചാരം 111 ഭാഷകളിൽ അർദ്ധമാസികമായി 1 കോടി 50 ലക്ഷത്തിൽപരമായി വർദ്ധിച്ചിരിക്കുന്നു. അത് 1914-ലെ തലമുറയിൽ പെട്ട ചിലർ മനുഷ്യവർഗ്ഗത്തിനു ശാരീരികവും ആത്മീയവുമായ നല്ല ആരോഗ്യം പുനഃസ്ഥാപിക്കപ്പെടുന്നതു കാണാൻ ജീവിച്ചിരിക്കുമെന്നുള്ള ബൈബിളിന്റെ വാഗ്ദാനത്തിലേക്കു വ്യക്തികളെ തിരിച്ചുവിടുന്നു. (യെശയ്യാവ് 33:24) ദശലക്ഷക്കണക്കിനു സന്നദ്ധസേവകരാൽ മുഴു ഭൂമിയും ഒരു പറുദീസായായി മാററപ്പെടും. (സങ്കീർത്തനം 37:29) നിങ്ങളുടെ പരിസരത്തെ ഒരു രാജ്യഹാൾ എന്തുകൊണ്ടു സന്ദർശിച്ചുകൂടാ? കുക്ക്ടൗൺപ്രദേശത്തു ഖനനംചെയ്തിട്ടുള്ള സകല സ്വർണ്ണത്തേക്കാളും വളരെ മൂല്യവത്തായ ചിലതു നിങ്ങൾ കണ്ടെത്തുന്നതായിരിക്കും.—സദൃശവാക്യങ്ങൾ 16:16.