തങ്ങളുടെ കൂടുകളിലേക്കു പറക്കുന്ന പ്രാവുകളെപ്പോലെ
ഒരുപക്ഷേ മനുഷ്യൻ മെരുക്കിയെടുത്ത ആദ്യ പക്ഷികളിൽ പ്രാവുകൾ ഉൾപ്പെടുന്നു. ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പു വർഷത്തിലുടനീളം ഭക്ഷണം ഉണ്ടായിരിക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമായി ഈജിപ്ററുകാർ അവരുടെ വീടുകൾക്കു സമീപം പ്രാവിൻ കൂടുകൾ സ്ഥാപിച്ചു. ഈ പക്ഷികളുടെ മാംസം വളരെ വിലമതിക്കപ്പെട്ടിരുന്നു. അവയുടെ കാഷ്ഠം വളമായി ഉപയോഗിക്കപ്പെട്ടിരുന്നു. മദ്ധ്യയുഗങ്ങൾ ആയപ്പോഴേക്കും പ്രാവിൻകൂടുകൾ വളരെ അഭികാമ്യമായ സ്വത്തുക്കളായിരുന്നതിനാൽ ചില രാജ്യങ്ങളിൽ പ്രഭുക്കൻമാരും സന്യാസസഭകളും മാത്രമേ അവ സ്വന്തമായി ഉണ്ടായിരിക്കാൻ അനുവദിക്കപ്പെട്ടിരുന്നുള്ളു.
മിക്ക തീൻമേശകളിലും മാംസത്തിന്റെ ഉറവുകൾ എന്ന നിലയിൽ പ്രാവുകളുടെ സ്ഥാനം കോഴികൾ ഏറെറടുത്തിരിക്കുന്നെങ്കിലും, ചില പുരാതന പ്രാവിൻ കൂടുകൾ ഇപ്പോഴും കണ്ടെത്താൻ കഴിയും. ഇവിടെ ചിത്രീകരിച്ചിരിക്കുന്ന പ്രാവിൻകൂടുകൾ ഈജിപ്ററിലുള്ളവയാണ്.
വൈകുന്നേരങ്ങളിൽ കൂട്ടത്തോടെ മടങ്ങിവരുമ്പോൾ പക്ഷികളുടെ ഒരു യഥാർത്ഥ മേഘമാണു പ്രാവിൻ കൂടുകളിൻമേൽ വന്നിറങ്ങുന്നത്. “മേഘം പോലെയും തങ്ങളുടെ കിളിവാതിലുകളിലേക്കു പ്രാവുകളെപ്പോലെയും പറന്നുവരുന്ന ഇവർ ആർ?” എന്നു ചോദിച്ചപ്പോൾ എബ്രായ പ്രവാചകനായ യെശയ്യാവ് ഇതേപ്പററിയാണ് സംസാരിച്ചത്. മറെറാരു ഭാഷാന്തരം ഇങ്ങനെ വായിക്കപ്പെടുന്നു: “മേഘങ്ങളെപ്പോലെ ഒഴുകി വരികയും പ്രാവിൻ കൂട്ടിലേക്ക് പ്രാവുകളെപ്പോലെ പറന്നുവരികയും ചെയ്യുന്നോരിവർ ആർ?”—യെശയ്യാവ് 60:8, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ.
യഹോവയുടെ സ്ഥാപനത്തിലേക്കു കൂടി വരുന്ന ശതസഹസ്രക്കണക്കിനു ദൈവഭയമുള്ള ജനങ്ങളിൽ ഇന്ന് അതിനുള്ള ഉത്തരം കണ്ടെത്താൻ കഴിയും. യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകളിൽ അവർ ദൈവത്തിൽ പ്രത്യാശവയ്ക്കാൻ പഠിക്കുന്നു. (യെശയ്യാവ് 60:9) ദൈവജനത്തിനിടയിൽ ആത്മീയമൂല്യങ്ങളും സജീവമായ വിശ്വാസവും ആരോഗ്യാവഹമായ സഹവാസവും പ്രാവിൻകൂടുകളിൽ പ്രാവുകൾക്കു ലഭിക്കുന്നതുപോലുള്ള സമാധാനവും സുരക്ഷിതത്വവും പ്രദാനം ചെയ്യുന്നതായി അവർ കണ്ടെത്തുന്നു. (w92 7/15)
[32-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Pictorial Archive (Near Eastern History) Est.