അസൗകര്യവും അപകടവുമുണ്ടായിരുന്നിട്ടും അവർ വന്നു
തീയതി 1992 ജനുവരി 2 ആയിരുന്നു. സ്ഥലം മാക്കിക്കെ ഇനിയംബനെ പ്രോവിൻസ്. ഒരു റേഡിയോ ഓൺചെയ്തപ്പോൾ മൊസാംബിക്കിലെ ആഫ്രിക്കൻ നിശാശബ്ദങ്ങൾക്ക് ശക്തമായ തടസ്സമുണ്ടായി. “യഹോവയുടെ സാക്ഷികൾ അവരുടെ ‘സ്വാതന്ത്ര്യസ്നേഹികൾ’ ഡിസ്ട്രിക്ററ് കൺവെൻഷൻ നമ്മുടെ പ്രോവിൻസിൽ നടത്തുന്നു” എന്ന് പ്രക്ഷേപകൻ പ്രഖ്യാപിച്ചു. “അവരുടെ ഉദ്ദേശ്യം ഇന്നത്തെ ലോകത്തിൽ യഥാർത്ഥ സ്വാതന്ത്ര്യം എങ്ങനെ കണ്ടെത്താൻ കഴിയുമെന്ന് ആളുകളെ ഉദ്ബോധിപ്പിക്കുകയാണ്. എല്ലാവർക്കും ഹാജരാകാൻ സ്വാഗതമുണ്ട്.”
ആഫ്രിക്കയിലെ ആ വിദൂരമൂലയിൽ ചരിത്രം സൃഷ്ടിക്കപ്പെടുകയായിരുന്നു. ഇദംപ്രഥമമായി യഹോവയുടെ സാക്ഷികളുടെ ഒരു ഡിസ്ട്രിക്ററ് കൺവെൻഷൻ നടത്തപ്പെടുകയായിരുന്നു, അത് ആസ്വദിക്കുന്നതിന് 1,024 പേർ അവിടെ ഉണ്ടായിരുന്നു. ചുരുക്കംചില വർഷങ്ങൾക്കു മുമ്പ് അങ്ങനെയൊരു സംഭവം മൊസാംബിക്കിൽ ഇത്ര പരസ്യമായി നടക്കുമായിരുന്നില്ല. കാരണം യഹോവയുടെ സാക്ഷികളുടെ വേല അന്ന് നിരോധിക്കപ്പെട്ടിരുന്നു. ഈ കൺവെൻഷന് ഹാജരാകാൻ ചെയ്യപ്പെട്ട ധീരമായ ത്യാഗങ്ങളെക്കുറിച്ച് കേൾക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
ഇനിയംബനെ പ്രോവിൻസ്, ആഫ്രിക്കയുടെ മററനേകം ഭാഗങ്ങളെപ്പോലെ, അതിമനോജ്ഞമാണ്. ത്രികോണ പായ്കളോടുകൂടിയ അറബി മത്സ്യബന്ധന ബോട്ടുകൾ സമുദ്രതീരങ്ങളിൽനിന്നു മാറി സഞ്ചരിച്ചിരുന്നു. കേരവൃക്ഷങ്ങൾ മനോഹരമാണ്. എന്നാൽ ഒരു വികൃത ഭൂതം നാട്ടിൻപുറത്തെ ഭീഷണിപ്പെടുത്തുകയാണ്: ആഭ്യന്തരയുദ്ധം!
വനപ്രദേശയുദ്ധം രാത്രിയിൽ ഉഗ്രമായി നടക്കുമ്പോൾ, സമീപഗ്രാമങ്ങളിൽ വൻതോക്കുകളിൽനിന്ന് കേൾക്കുന്ന വിരസമായ ബൂം-ബൂം-ബൂം ശബ്ദങ്ങളാൽ കൊച്ചുവെളുപ്പാൻകാലത്ത് ഓലമടലുകൾകൊണ്ടുള്ള കുടിലുകളിൽ കിടുന്നുറങ്ങുന്നവർ ഉണർത്തപ്പെടുന്നത് അസാധാരണമല്ല. ഒട്ടുമിക്കപ്പോഴും നിർദ്ദോഷികളായ പൗരൻമാരാണ് കഷ്ടപ്പെടുന്നത്. ചിലപ്പോൾ നഷ്ടപ്പെട്ട അഥവാ ഛേദിക്കപ്പെട്ട അവയവങ്ങളുമായി കുട്ടികൾ വേച്ചുവേച്ചു നടക്കുന്നതു കാണാം. യഹോവയുടെ സാക്ഷികളിൽ ചിലർപോലും അനുഭവിച്ച മൃഗീയതകളിൽനിന്ന് ഏററ വടുക്കൾ തങ്ങളുടെ മുഖങ്ങളിലും ശരീരങ്ങളിലും വഹിക്കുന്നുണ്ട്.
ഈ അവസ്ഥകളിൽ “സ്വാതന്ത്ര്യസ്നേഹികൾ” കൺവെൻഷൻ ഹാജരായ എല്ലാവരാലും ആഴമായി വിലമതിക്കപ്പെട്ടു. കൺവെൻഷനിലേക്കുള്ള വഴിമദ്ധ്യേ പതിയിരിപ്പുസ്ഥാനങ്ങളുണ്ടായിരിക്കാനുള്ള സാദ്ധ്യതയുണ്ടായിരുന്നിട്ടും ഗ്രാമപ്രദേശങ്ങളിൽനിന്നുള്ള അനേകം കുടുംബക്കൂട്ടങ്ങൾ ഹാജരാകാൻ ദൃഢനിശ്ചയം ചെയ്തിരുന്നു. അവിടെ ചെന്നെത്തുന്നതും സൗകര്യപ്രദമായിരുന്നില്ല, കാരണം പൊതു വാഹനസൗകര്യം ഏറിയ പങ്കും തുറസ്സായ വലിയ ട്രക്കുകളുടെ പുറത്തായിരുന്നു. ചിലപ്പോൾ 400 യാത്രക്കാർ വരെ ഒരു ട്രക്കിൽ ഞെരുങ്ങിക്കയറുമായിരുന്നു! ഇങ്ങനെയുള്ള നിരവധി ട്രക്കുകൾ വാഹനസമൂഹങ്ങളായി അണിനിരക്കുകയും സായുധ പട്ടാളം അകമ്പടിസേവിക്കുകയും ചെയ്യുന്നു.
നോറയും ഒന്നും മൂന്നും ആറും വയസ്സുള്ള അവളുടെ മൂന്നു പുത്രിമാരും ഈ വിധത്തിൽ യാത്രചെയ്തുകൊണ്ട് തങ്ങളുടെ ജീവനെ അപകടപ്പെടുത്തിയ ഒരു കുടുംബമായിരുന്നു. ഈ യാത്ര നടത്തുന്നതിനുവേണ്ടി അവൾ മാസങ്ങൾക്കുമുമ്പെ പണം സ്വരൂപിച്ചിരുന്നു. കൺവെൻഷനിൽ ക്രമീകൃതമായ താമസസൗകര്യങ്ങൾ ലഭ്യമല്ലായിരുന്നുവെന്ന വസ്തുത അവളെ പിന്തിരിപ്പിച്ചില്ല. മററനേകരോടൊപ്പം നോറയും കുടുംബവും സമ്മേളനസ്ഥലത്തുതന്നെ തുറസ്സായ തറയിൽ പാചകംചെയ്യുകയും ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്തു.
ഉഷ്ണമേഖലയിലെ ഉഗ്രചൂടിനുശേഷമുള്ള കോരിച്ചൊരിയുന്ന മഴക്കുപോലും ഒത്തൊരുമിച്ചുള്ള ആത്മീയവിരുന്നാസ്വദിക്കുന്നതിന്റെ അനിയന്ത്രിതമായ ഉല്ലാസത്തെ മന്ദീഭവിപ്പിക്കാൻ കഴിഞ്ഞില്ല. യാതൊന്നും അവർക്ക് ആ കൺവെൻഷനിൽ ചെന്നെത്തുന്നതിനേക്കാൾ പ്രധാനമല്ലെന്ന് അവർ വിചാരിച്ചു. ഇൻഡ്യൻമഹാസമുദ്രത്തിലെ ചെറുചൂടുള്ള വെള്ളത്തിൽ മൊത്തം 17പേർ തങ്ങളുടെ സമർപ്പണത്തെ ലക്ഷ്യപ്പെടുത്തി. സ്നാപനം നടന്നപ്പോൾ സന്തോഷമുള്ള കാണികളുടെ ഒരു വലിയ സമൂഹം യഹോവക്ക് സ്തുതി പാടാൻ സ്വതേ പ്രേരിതരായി.
ആരാധകരുടെ ഈ കൂട്ടം സത്യമായി ദൈവികസ്വാതന്ത്ര്യസ്നേഹികളായിത്തീരുന്നതിന്റെ അർത്ഥമെന്തെന്ന് പഠിച്ചിരുന്നു. തലസ്ഥാനമായ മാപ്പുട്ടോയിൽനിന്നുള്ള ഒരു പ്രതിനിധിയായിരുന്ന ഹാൻസ് പറഞ്ഞപ്രകാരം “ആഫ്രിക്കയുടെ ഈ ഭാഗത്ത് ഞങ്ങൾ യഹോവയുടെ സാക്ഷികളുടെ വേലയിലെ ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കം കണ്ടുകഴിഞ്ഞിരിക്കുന്നു.”