തീ പിടിത്തം ഒരു നിർമ്മാണപരിപാടിക്ക് ഉത്തേജനം നൽകുന്നു
“തീ! തീ! യഹോവയുടെ സാക്ഷികളുടെ സമ്മേളന ഹാളിന് തീ പിടിച്ചിരിക്കുന്നു!” ഞെട്ടിക്കുന്ന ആ നിലവിളി 1989 ഒക്ടോബറിലെ ഒരു വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നെതർലൻഡ്സിന്റെ വടക്കു ഭാഗത്തുള്ള ഒരു പട്ടണമായ ഹെറൻവാനിലെങ്ങും മാറെറാലിക്കൊണ്ടു.
യഹോവയുടെ സാക്ഷികൾ ഈ സുന്ദരമായ സമ്മേളനഹാൾ 11 വർഷങ്ങളായി ഉപയോഗിച്ചിരുന്നു. ഏതാണ്ട് എല്ലാ വാരാന്ത്യത്തിലും നൂറുകണക്കിനാളുകൾ രണ്ടു ദിവസത്തെ സർക്കീട്ട് സമ്മേളനത്തിനോ ഒരു ദിവസത്തെ ഏകദിന സമ്മേളനത്തിനോ വേണ്ടി അവിടെ കൂടി വന്നിരുന്നു. അത് ബൈബിൾ പ്രബോധനത്തിന് പററിയ ഒരു സ്ഥലമായിരുന്നു.
ഹാളിന്റെ മേൽക്കൂരയിൽ എന്തോ പണി നടന്നുകൊണ്ടിരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മിനിററുകൾക്കുള്ളിൽ ഈ അപകടം ഹാളിനെ കത്തിയമരുന്ന ഒരു ശൂന്യശിഷ്ടമാക്കി മാററി. എന്നിരുന്നാലും, സന്തോഷകരമെന്നു പറയട്ടെ, ആളുകൾക്ക് ആർക്കും പരിക്കൊന്നും പററിയില്ല.
ഹാൾ നഷ്ടമായതിൽ ദുഃഖിതരെങ്കിലും നിരാശരാകാതെ സാക്ഷികൾ മറെറാരു സ്ഥലത്തു ഒരു ഹാൾ നിർമ്മിക്കുന്നതിന് പദ്ധതിയിട്ടു. ഫ്ളേവാലാൻഡ് പ്രവിശ്യയിലെ സ്വിഫ്ററർബാൻറിൽ അവർ അതിനു പററിയ സ്ഥലം കണ്ടെത്തി. അത് നേരത്തെ സൂയിഡർ സീ എന്നറിയപ്പെട്ടിരുന്ന വിശാലമായ നിമ്നഭൂമിയിൽ സമുദ്രനിരപ്പിൽ നിന്ന് 16 അടി താഴെയാണ്.
ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂററിയൊന്ന് ജനുവരിയായപ്പോഴേക്ക് ഹാൾപണി ആരംഭിക്കാനുള്ള സമയമായി എന്ന് അറിയിപ്പുവന്നു. അത് 1991 മേയ് മാസത്തിനും സെപ്ററംബറിനുമിടക്ക് പണിയപ്പെടും. നൂറുകണക്കിന് സാക്ഷികൾ പണിയിൽ പങ്കെടുക്കാൻ സ്വമേധയാ മുമ്പോട്ടുവന്നു. ചില യുവാക്കളാകട്ടെ ഇതിനെ യഹോവയാം ദൈവത്തിനുവേണ്ടിയുള്ള തങ്ങളുടെ മുഴുസമയസേവനത്തിന്റെ ഒരു ചവിട്ടുപടിയായി കണ്ടു. ഡസ്സൻകണക്കിന് ജോലിക്കാർ ബെൽജിയത്തിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും വന്നു.
ഭംഗിയായി രൂപകൽപ്പന ചെയ്ത ഒരു കെട്ടിടം നിർമ്മിക്കപ്പെട്ടു. അതിന്റെ ഓഡിറേറാറിയവും ഭോജനശാലയും ഗ്ലാസ്സ് മേൽക്കൂരയോടുകൂടിയ ഒരു വരാന്തയാൽ വേർതിരിക്കപ്പെട്ടു. പ്രധാനഹാളിൽ 1,008 പേർക്ക് ഇരിപ്പിടമുണ്ട്, വേറെ 230 പേർക്ക് ഒരു വശത്തുള്ള ഹാളിലിരുന്നു ടെലിവിഷൻ സ്ക്രീനുകളിൽ പരിപാടി വീക്ഷിക്കാം.
‘വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്ക് കയറിച്ചെല്ലാം, അവൻ തന്റെ വഴികളെക്കുറിച്ച് നമ്മെ പ്രബോധിപ്പിക്കും’ എന്ന് ഇന്ന് അനേകായിരങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നു. (യെശയ്യാവ് 2:2, 3, NW) അത്തരം പ്രബോധനം നൽകപ്പെടുന്ന അനേകം സ്ഥലങ്ങളിൽ ഒന്നു മാത്രമാണ് ഈ പുതിയ സമ്മേളനഹാൾ. യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാൾ അതുപോലുള്ള മറെറാന്നാണ്. അവിടെ നിങ്ങൾക്ക് ഊഷ്മളമായ സ്വാഗതം ലഭിക്കും. (w92 5/15)