കേൾക്കുന്നതിന് നമുക്കാരെങ്കിലും വേണം
മനുഷ്യരെന്ന നിലയിൽ നാം ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്താൻ ശ്രമിക്കുന്നു. എന്നാൽ വ്യക്തിപരമായ പ്രശ്നങ്ങൾ പൊന്തിവരുമ്പോൾ നമ്മുടെ കുഴപ്പങ്ങളെക്കുറിച്ച് സംസാരിക്കാൻ ഒരാളുണ്ടായിരിക്കുന്നത് എത്ര സഹായകവും ആശ്വാസപ്രദവുമാണ്!
ഡോ. ജോർജ്ജ് എസ്. സ്ററീവൻസൺ ഇങ്ങനെ പറയുന്നു: “കാര്യങ്ങൾ പറഞ്ഞുതീർക്കുന്നത് നിങ്ങളുടെ സംഘർഷം നീക്കുന്നതിനു നിങ്ങളെ സഹായിക്കുന്നു, നിങ്ങളുടെ വ്യഥയെ കുറേക്കൂടെ വ്യക്തമായ വെളിച്ചത്തിൽ കാണുന്നതിനു നിങ്ങളെ സഹായിക്കുന്നു, മിക്കപ്പോഴും നിങ്ങൾക്ക് അതു സംബന്ധിച്ച് എന്തു ചെയ്യാൻ കഴിയുമെന്ന് കാണാൻ നിങ്ങളെ സഹായിക്കുന്നു.” ഡോ. റോസ് ഹിൽഫെർഡിംഗ് ഇങ്ങനെ പ്രസ്താവിച്ചു: “നാം നമ്മുടെ പ്രയാസങ്ങൾ പങ്കുവെക്കേണ്ടതുണ്ട്. നാം വ്യഥ പങ്കുവെക്കേണ്ടതുണ്ട്. കേൾക്കാൻ സന്നദ്ധനും മനസ്സിലാക്കാൻ പ്രാപ്തനുമായ ആരെങ്കിലും ലോകത്തിലുണ്ടെന്ന് നാം വിചാരിക്കേണ്ടതുണ്ട്.”
തീർച്ചയായും, യാതൊരു മനുഷ്യനും പൂർണ്ണമായി ഈ ആവശ്യം നിറവേററാൻ കഴിയില്ല. സമയപരിമിതിയും മററു വസ്തുതകളും നിമിത്തം, നമുക്കു വിശ്വസിച്ചുസംസാരിക്കാവുന്നയാളുകളെ ഏററവും ആവശ്യമായിരിക്കുന്ന സമയത്ത് അവർ ലഭ്യമല്ലായിരിക്കാം. അല്ലെങ്കിൽ നമ്മുടെ ഏററവും അടുത്ത സുഹൃത്തുക്കളോടുപോലും ചില കാര്യങ്ങൾ ചർച്ചചെയ്യാൻ നാം വിമുഖരായിരിക്കാം.
എന്നിരുന്നാലും, സത്യക്രിസ്ത്യാനികൾക്ക് കേൾക്കുന്ന ഒരു ചെവി ഒരിക്കലും തികച്ചും ഇല്ലാതിരിക്കുന്നില്ല, എന്തുകൊണ്ടെന്നാൽ പ്രാർത്ഥനയെന്ന സമീപനമാർഗ്ഗം എല്ലായ്പ്പോഴും ലഭ്യമാണ്. യഹോവയെന്നു നാമമുള്ള നമ്മുടെ സ്രഷ്ടാവായ ദൈവത്തോട് പ്രാർത്ഥിക്കാൻ ബൈബിൾ നമ്മെ ആവർത്തിച്ചു പ്രോൽസാഹിപ്പിക്കുന്നു. നാം യേശുവിന്റെ നാമത്തിലും ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയായും ആത്മാർത്ഥതയോടെ പ്രാർത്ഥിക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. വ്യക്തിപരവും സ്വകാര്യവുമായ കാര്യങ്ങൾപോലും പ്രാർത്ഥനക്കുള്ള ഉചിതമായ വിഷയങ്ങളാണ്. “എല്ലാററിലും . . . നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്ക” എന്ന് ഫിലിപ്പിയർ 4:6-ൽ നമ്മോടു പറയപ്പെട്ടിരിക്കുന്നു. എടുത്തുപറയത്തക്ക എന്തൊരു വരം! നമ്മുടെ അഖിലാണ്ഡത്തിന്റെ പരമാധികാരിയാം ഭരണാധികാരി തന്റെ എളിയ ദാസൻമാർ അവനെ സമീപിക്കാനാഗ്രഹിക്കുമ്പോഴെല്ലാം അവരുടെ പ്രാർത്ഥനകൾ സ്വാഗതംചെയ്യാനും കൈക്കൊള്ളാനും എല്ലായ്പ്പോഴും ഒരുക്കമാണ്.—സങ്കീർത്തനം 83:18; മത്തായി 6:9-15; യോഹന്നാൻ 14:13, 14; 1 യോഹന്നാൻ 5:14.
എന്നിരുന്നാലും, ദൈവം യഥാർത്ഥത്തിൽ കേൾക്കുന്നുണ്ടോ? പ്രാർത്ഥനയുടെ ഫലപ്രദത്വം മനുഷ്യപ്രാപ്തിയിൽ പരിമിതപ്പെട്ടിരിക്കുന്നുവോയെന്ന് ചിലർ സംശയിച്ചേക്കാം: ഒരു വ്യക്തി തന്റെ ചിന്തകൾ ക്രമീകരിച്ചുകൊണ്ടും അവ വാക്കുകളാൽ പ്രകാശിപ്പിച്ചുകൊണ്ടും പ്രാർത്ഥിക്കുന്നു. അങ്ങനെ തന്റെ പ്രശ്നം വിശദീകരിച്ചശേഷം അയാൾ ഉചിതമായ ഒരു പരിഹാരം തേടുകയും അതു കണ്ടെത്തുന്നതിനു സഹായകമായിരിക്കാവുന്ന സകലവും സംബന്ധിച്ചു ജാഗ്രത പുലർത്തുകയും ചെയ്യുന്നു. തന്റെ പ്രശ്നം പരിഹരിക്കപ്പെടുമ്പോൾ അയാൾ ദൈവത്തിന് ബഹുമതി കൊടുത്തേക്കാം, എന്നാൽ യഥാർത്ഥത്തിൽ അയാളുടെ സ്വന്തം ബുദ്ധിയും ശ്രമങ്ങളുമാണ് അഭിലഷിക്കപ്പെട്ട ഫലങ്ങൾ ഉളവാക്കിയത്.
പ്രാർത്ഥനസംബന്ധിച്ച് അത്രമാത്രമേയുള്ളുവെന്ന് ഇന്ന് അനേകർ വിചാരിക്കുന്നു. നിങ്ങളോ? പ്രാർത്ഥനയുടെ ശക്തി അങ്ങനെ പരിമിതപ്പെട്ടിരിക്കുന്നുവോ? ഒരു വ്യക്തിയുടെ പ്രാർത്ഥനകൾക്ക് അനുയോജ്യമായ മാനസികവും ശാരീരികവുമായ ശ്രമങ്ങൾ ഉത്തരങ്ങൾ കിട്ടുന്നതിൽ ഒരു സുപ്രധാനപങ്കു വഹിക്കുന്നുവെന്ന് സമ്മതിക്കുന്നു. ഏതായാലും ഈ സംഗതിയിൽ ദൈവത്തിന്റെ സ്വന്തം പങ്ക് എന്താണ്? നിങ്ങൾ ദൈവത്തോടു പ്രാർത്ഥിക്കുമ്പോൾ അവൻ കേൾക്കുന്നുവോ? അവൻ നിങ്ങളുടെ പ്രാർത്ഥനകളെ പ്രധാനമെന്നു പരിഗണിക്കുകയും അവയുടെ ഉള്ളടക്കത്തിന് പരിഗണന കൊടുക്കുകയും അവയോടു പ്രതികരിക്കുകയും ചെയ്യുന്നുവോ?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സുപ്രധാനമാണ്. ദൈവം നമ്മുടെ പ്രാർത്ഥനകൾക്ക് ശ്രദ്ധ നൽകുന്നില്ലെങ്കിൽ, അപ്പോൾ പ്രാർത്ഥനക്ക് മനഃശാസ്ത്രപരമായതിൽ കവിഞ്ഞ മൂല്യമില്ല. മറിച്ച്, ദൈവം നമ്മുടെ പ്രാർത്ഥനകളിൽ ഓരോന്നും തീർച്ചയായും കൈക്കൊള്ളുകയും താത്പര്യപൂർവം കേൾക്കുകയും ചെയ്യുന്നുവെങ്കിൽ, അങ്ങനെയുള്ള ഒരു കരുതലിനുവേണ്ടി നാം എത്ര നന്ദിയുള്ളവരായിരിക്കണം! അത് ഓരോ ദിവസവും ആ കരുതൽ വിനിയോഗിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്.
അപ്പോൾ, അടുത്ത ലേഖനത്തിൽ ഈ പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്നതിനാൽ, തുടർന്നു വായിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്.