‘വഴങ്ങുന്ന വിശ്വാസ’ത്തിന്റെ മതം
“സ്വതന്ത്ര ജനാധിപത്യ രാജ്യങ്ങളിലും സർവ്വാധിപത്യ സമൂഹങ്ങളിലും പിടിച്ചു കയറാനുള്ള മോർമൺ മതത്തിന്റെ കഴിവ് അത്ഭുതകരം തന്നെ.” യേശുക്രിസ്തുവിന്റെ പിൽക്കാല വിശുദ്ധൻമാരുടെ സഭക്ക് ഹംഗേറിയൻ ഗവൺമെൻറ് പൂർണ്ണ അംഗീകാരം നൽകിയപ്പോൾ ദ വോൾ സ്റ്രറീററ് ജേർണൽ അഭിപ്രായപ്പെട്ടത് അപ്രകാരമായിരുന്നു. ആ സഭ എങ്ങനെയാണ് ഇത് നേടിയെടുത്തത്? “അതിന്റെ താക്കോൽ,” ജേർണലിന്റെ അഭിപ്രായമനുസരിച്ച്, “മോർമൺസിന്റെയിടയിലെ കേവലം ഉയർന്ന ജനന നിരക്കോ കേറി ആക്രമിക്കുന്ന അവരുടെ സുവിശേഷ പ്രചരണമോ അല്ല. മറിച്ച്, അത് വിശ്വാസത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വഴക്കമാണ്.” അതെങ്ങനെയാണ്?
കിഴക്കൻ യൂറോപ്പിലെ ഈ അടുത്തകാലത്തുണ്ടായ മാററങ്ങളുടെ മുമ്പത്തെ കാലഘട്ടത്തെപ്പററി സംസാരിക്കവേ, ജേർണൽ ഇപ്രകാരം പറഞ്ഞു: “ബ്രിഗ്ഹാം യംഗ് യൂണിവേഴ്സിററിയിൽ നിന്നുള്ള സംഗീത, നൃത്ത സംഘങ്ങളെ ഉപയോഗിച്ചുകൊണ്ട് മിക്ക കമ്മ്യൂണിസ്ററ് രാജ്യങ്ങളിലും മിഷനറിമാർ സാധാരണയായി അഭിമുഖീകരിക്കേണ്ടിവരുന്ന അടിച്ചമർത്തലും നിസ്സഹകരണവും മറികടക്കുന്നതിൽ മോർമൺ മതക്കാർ വിജയിച്ചിരിക്കുന്നു.” അവരുടെ സംഘങ്ങൾ റൊമേനിയ, ചെക്കോസ്ലൊവാക്കിയ, ഹംഗറി, പോളണ്ട്, റഷ്യ, ചൈന എന്നീ രാജ്യങ്ങളിലേക്കും കൂടാതെ സൗദി അറേബ്യ, ലിബിയ, ഈജിപ്ററ്, ജോർഡാൻ, സൊമാലിയ, ഇസ്രയേൽ എന്നിവിടങ്ങളിലേക്കും കടന്നു ചെന്നിരിക്കുന്നു. മാത്രവുമല്ല, “മോർമൺ സഭയുടെ സമ്പത്ത് മാർക്സിസ്ററ് രാജ്യങ്ങളിലേക്കും മൂന്നാം ലോക രാജ്യങ്ങളിലേക്കും കടന്നു ചെല്ലുന്നതിന് ഒരു ഉത്തോലകമായി അവർ ഉപയോഗിച്ചിരിക്കുന്നു.” അണക്കെട്ടു നിർമ്മാണവും കിണർ കുഴിക്കലും മോർമൺ സംഭാവനകളാൽ പിന്താങ്ങപ്പെടുന്ന പദ്ധതികളിൽ ചിലതാണ്.
ഉല്ലാസപ്രിയവും പണക്കൊതിയുമുള്ള ഇന്നത്തെ ലോകത്തിൽ അത്തരം സംഗീത നൃത്ത പരിപാടിക്കും കൈ അയച്ചു സാമ്പത്തിക സഹായം ചെയ്യുന്ന സംഭാവന തന്ത്രങ്ങൾക്കും ശക്തമായ വശീകരണ പ്രാപ്തി ഉണ്ടായിരിക്കുന്നത് അതിശയമല്ല. (2 തിമൊഥെയോസ് 3:2, 4) എന്നാൽ വാസ്തവത്തിൽ ചെമ്മരിയാടുതുല്യരായവർ നല്ല ഇടയനായ യേശുക്രിസ്തുവിന്റെ ശബ്ദത്താൽ ആകർഷിക്കപ്പെടുന്നു. (യോഹന്നാൻ 10:27) അതുകൊണ്ടാണ് “സകല ജനതകളിലെയും ആളുകളെ ശിഷ്യരാക്കാൻ” അവൻ തന്റെ അനുയായികളോട് കൽപ്പിച്ചപ്പോൾ ഏതു മാർഗ്ഗം ഉപയോഗിച്ചും അല്ലെങ്കിൽ എന്തു വിലകൊടുത്തും അപ്രകാരം ചെയ്യാൻ പറയാതെ ‘താൻ കൽപ്പിച്ചിട്ടുള്ളതൊക്കെയും അനുഷ്ഠിക്കാൻ തക്കവണ്ണം പഠിപ്പിച്ചു’ ശിഷ്യരാക്കാൻ പറഞ്ഞത്. (മത്തായി 28:19, 20, NW) ഈ നിയോഗം നിവർത്തിക്കുകയിൽ ബൈബിൾനിലവാരങ്ങൾ സംബന്ധിച്ച് വിട്ടുവീഴ്ച ചെയ്യുക സാദ്ധ്യമല്ല.