രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
മെകസിക്കോയിൽ “ആത്മാവുകൊണ്ടു ജ്വലിക്കു”ന്നു
“മുഴുരാജ്യവും പ്രവർത്തനത്താൽ ജ്വലിക്കുകയും തുടിക്കുകയും ചെയ്യുന്നതായി തോന്നുന്നു.” വാച്ച്ററവർ സൊസൈററിയുടെ മെക്സിക്കോയിലെ ബ്രാഞ്ചാഫീസ് എഴുതുന്നതിങ്ങനെയാണ്. ആ പ്രസ്താവന എത്ര സത്യമാണ്! ഓഗസ്ററ് വരെ ആ രാജ്യത്ത് തുടർച്ചയായ പ്രതിമാസ അത്യുച്ചങ്ങൾ ലഭിച്ച് 2,77,436 പ്രസാധകരിലെത്തിയതിൽനിന്ന് ആ രാജ്യത്തെ തുടിക്കുന്ന പ്രവർത്തനത്തിന്റെ തെളിവു ലഭിക്കുന്നു. കൂടാതെ, 4,00,000ത്തിൽപരം ബൈബിളദ്ധ്യയനങ്ങൾ റിപ്പോർട്ടുചെയ്യപ്പെട്ടു. കഴിഞ്ഞ വർഷം സ്മാരകഹാജർ 10,46,291-ൽ എത്തി. ഭാവി വളർച്ചക്ക് എത്ര നല്ല അടിസ്ഥാനം!
ആയിരത്തിത്തൊള്ളായിരത്തി എൺപത്തൊൻപതിലെ ഒരു സവിശേഷത മെക്സിക്കോയിലെ യഹോവയുടെ സാക്ഷികളുടെ പദവിയിലുള്ള ഒരു മാററമായിരുന്നു. തത്ഫലമായി ആദ്യമായി വീടുതോറുമുള്ള പ്രസംഗവേലയിൽ ബൈബിൾ ഉപയോഗിക്കാൻ കഴിഞ്ഞു, യോഗങ്ങൾ പ്രാർത്ഥനയോടെ ആരംഭിക്കാനും കഴിഞ്ഞു. ഇതിന് ഒരു സത്വരഫലമുണ്ടായിരുന്നു. രണ്ടുമാസം കൊണ്ട് പ്രസാധകരുടെ എണ്ണം 17,000-ൽ പരം കണ്ട് കുതിച്ചുയർന്നു.
ഈ വികാസത്തിൽ സഹോദരങ്ങൾക്കുണ്ടായ സന്തോഷം അവരുടെ അഭിപ്രായങ്ങളിൽ ദൃശ്യമാണ്. ഒരാൾ ഇങ്ങനെ എഴുതി: “എഴുത്തു സഭയിൽ വായിക്കപ്പെട്ടപ്പോൾ അത് സ്വതഃപ്രേരിതമായ കരഘോഷത്താൽ രണ്ടു പ്രാവശ്യം തടസ്സപ്പെട്ടു. അതു പുളകപ്രദമായിരുന്നു!” മറെറാരാൾ പറഞ്ഞു: “ഞങ്ങൾക്ക് സന്തോഷാശ്രു അടക്കാൻ കഴിഞ്ഞില്ല. ഫലങ്ങൾ മെച്ചപ്പെട്ട സമയനിഷ്ഠയിൽ പ്രകടമായി. എല്ലാവരും പ്രാരംഭപ്രാർത്ഥനക്ക് ഹാജരായിരിക്കാൻ ആഗ്രഹിക്കുന്നു.
“ഞങ്ങളുടെ പ്രദേശത്ത് കത്തോലിക്കാസഭയുടെ ബൈബിൾപഠന പരിപാടിയിൽ സജീവമായി ഏർപ്പെടുന്ന ഒരു സ്ത്രീ: ‘മുമ്പ് അവരുടെ [സാക്ഷികളുടെ] സംസാരത്താലും മാസികകളാലും നമ്മളെ അവർ മിണ്ടാതാക്കിയെങ്കിൽ ഇപ്പോൾ വീട്ടുവാതിൽക്കൽ അവർ ബൈബിൾ തുറക്കുന്നതിനാൽ നമ്മൾ കുഴഞ്ഞു!’ എന്ന് പ്രസ്താവിക്കുകയുണ്ടായി” എന്ന് മറെറാരു സാക്ഷി പറഞ്ഞു.
മെക്സിക്കോയിലെ യഹോവയുടെ സാക്ഷികൾ ബൈബിൾ ഉപയോഗിച്ചുള്ള അനൗപചാരിക സാക്ഷീകരണത്തിനും ഊന്നൽ കൊടുക്കുന്നു. ഒരു സഹോദരി ഒരു സ്ത്രീയെ സമീപിച്ചപ്പോൾ ഗർഭച്ഛിദ്രത്തെക്കുറിച്ച് അവൾ എന്തു വിചാരിക്കുന്നുവെന്ന് സ്ത്രീ ചോദിച്ചു. “ഞാൻ വിചാരിക്കുന്നതിന് ബൈബിൾ പറയുന്നിടത്തോളം പ്രാധാന്യമില്ല” എന്ന് സാക്ഷി മറുപടി പറഞ്ഞു. പല തിരുവെഴുത്തുകൾ വായിച്ചശേഷം സഹോദരി ഇങ്ങനെ ന്യായവാദം ചെയ്തു: “സ്രഷ്ടാവിന് ജീവൻ വളരെ പ്രധാനമാണ്, ഇതുവരെ ജനിച്ചിട്ടില്ലാത്തവരുടെ ജീവൻപോലും.”
പിന്നീട് സ്ത്രീ തന്റെ ആദ്യശിശുവിനെ പ്രസവിക്കാൻ പോവുകയാണെന്ന് ഏററുപറഞ്ഞു. എന്നാൽ ശിശുവിന് വൈരൂപ്യമുണ്ടായിരിക്കുമെന്ന് ക്ലിനിക്കൽ പരിശോധനകൾ സൂചിപ്പിച്ചു. അവൾ ഗർഭച്ഛിദ്രം നടത്തണമെന്ന് ഡോക്ടർ ആഗ്രഹിച്ചു. അവളുടെ ഭർത്താവും സമ്മതിച്ചു. എന്നാൽ സ്ത്രീക്കു നിശ്ചയമില്ലായിരുന്നു. പ്രസാധിക ബൈബിളിൽനിന്ന് കൂടുതലായി ന്യായവാദം ചെയ്യുകയും അവളുടെ പേർകൊടുക്കുകയും അനന്തരം പിരിയുകയും ചെയ്തു.
അഞ്ചു വർഷം കഴിഞ്ഞ് ഒരു ഡിസ്ട്രിക്ട് കൺവെൻഷൻ സമയത്ത് നാലു വയസ്സുള്ള ഒരു കുട്ടിയോടുകൂടിയ ഒരു ദമ്പതിമാർ ഈ സഹോദരിയെയും അവരുടെ ഭർത്താവിനെയും കാണാനാഗ്രഹിച്ചു. അത് ആ സ്ത്രീ തന്നെയായിരുന്നു! എന്തു സംഭവിച്ചിരുന്നു? സാക്ഷിയുമായുള്ള അവളുടെ സംഭാഷണത്തിനുശേഷം സ്ത്രീ തന്റെ ശിശുവിനെ പ്രസവിക്കാൻ തീരുമാനിച്ചു. ഡോക്ടർ അവളെ വീണ്ടും കാണാൻ വിസമ്മതിച്ചു. അവളുടെ ഭർത്താവ് വൈരൂപ്യത്തോടെ ശിശു ജനിക്കുകയാണെങ്കിൽ അവളെ ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകപോലും ചെയ്തു. പ്രസവത്തിനുള്ള സമയം വന്നപ്പോൾ തനിക്കു കണ്ടെത്താൻ കഴിഞ്ഞ ആദ്യഡോക്ടറുടെ അടുക്കലേക്കുതന്നെ അവൾ സഹായത്തിനായി പോയി.
ശിശു ജനിച്ച ഉടൻതന്നെ “തള്ളയേ, അഭിനന്ദനങ്ങൾ! നിങ്ങൾ സുന്ദരിയായ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു” എന്ന് ഡോക്ടർ പറയുകയുണ്ടായി. തന്റെ കാതുകളെ വിശ്വസിക്കാൻ കഴിയാതെ ശിശുവിനെ ശ്രദ്ധാപൂർവം പരിശോധിക്കാൻ അവൾ അദ്ദേഹത്തോടപേക്ഷിച്ചു. പിന്നീട് അവൾ അദ്ദേഹത്തോട് തന്റെ കഥ പറഞ്ഞു. “ഇതൊരത്ഭുതമാണല്ലൊ” എന്നു മാത്രമെ ആ ഡോക്ടർക്കു പറയാൻ കഴിഞ്ഞുള്ളു. ജീവന്റെ പവിത്രതയെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണത്തെ ആദരിക്കാനുള്ള ധൈര്യം തനിക്കുണ്ടായതിൽ സ്ത്രീ സന്തോഷിച്ചു. സുന്ദരിയും ആരോഗ്യവതിയുമായ പെൺകുഞ്ഞിന് അവൾ സഹോദരിയുടെ പേരിട്ടു. അവൾക്ക് വേണ്ടത്ര ശക്തി ഉണ്ടായപ്പോൾ അവൾ സാക്ഷികളെ തേടിപ്പിടിക്കുകയും അവരുമായി ബൈബിൾപഠനം തുടങ്ങുകയും ചെയ്തു. ഒരു വർഷത്തിൽ കുറഞ്ഞ സമയം കൊണ്ട് അവളും ഭർത്താവും സ്നാപനമേററു.
“ആത്മാവുകൊണ്ട് ജ്വലിക്കുക. യഹോവക്കുവേണ്ടി അടിമവേല ചെയ്യുക,” അപ്പോസ്തലനായ പൗലോസ് പ്രോത്സാഹിപ്പിച്ചു. (റോമർ 12:11) എല്ലായിടത്തുമുള്ള സത്യക്രിസ്ത്യാനികളെപ്പോലെ മെക്സിക്കോയിലെ യഹോവയുടെ സാക്ഷികൾ തങ്ങളുടെ മുഴുഹൃദയത്തോടെ ഈ ഉത്ബോധനത്തിനു ചെവി കൊടുക്കുന്നു. അതുകൊണ്ടാണ് മുഴുരാജ്യവും ആത്മീയപ്രവർത്തനത്താൽ ജ്വലിക്കുകയും തുടിക്കുകയും ചെയ്യുന്നത്. യഹോവ തന്റെ വിശ്വസ്തരെ എത്ര സമൃദ്ധമായി അനുഗ്രഹിക്കുന്നു! (w90 1/1)