ഭയം എല്ലായപ്പോഴും മോശമാണോ?
അതിന് സന്തുഷ്ടിയെ ഹനിക്കാനും പ്രത്യാശയെ നശിപ്പിക്കാനും കഴിയും. അത് മാനസികവിഷമെന്നും ന്യായബോധത്തിന്റെ വിനാശകനെന്നും പരാമർശിക്കപ്പെട്ടിട്ടുണ്ട്, അത് അതിഘോരമായ ശാരീരികരോഗത്തെക്കാൾ വിനാശകരമാണെന്ന് പറയപ്പെടുന്നു. അതെ, ഭയം ഒരു ശക്തമായ വികാരമാണ്. എന്നിരുന്നാലും, അത് എല്ലായ്പ്പോഴും മോശമാണോ?
അപരിചിതമായ ഒരു റോഡിലൂടെ നിങ്ങൾ കാറോടിക്കുകയാണെന്നു സങ്കൽപ്പിക്കുക. റോഡ് പർവതത്തിലേക്കു കയറി വളഞ്ഞുതിരിഞ്ഞുപോകാൻ തുടങ്ങുന്നു. രാത്രിയാകുകയാണ്, അതോടെ ചെറിയ ഒരു മഞ്ഞുപൊഴിച്ചിലുണ്ടാകുന്നു. നിങ്ങളുടെ കാർ വശത്തേക്ക് അല്പം ചെരിയുന്നു. റോഡിൽ മഞ്ഞുനിറഞ്ഞിരിക്കുന്ന ഒരു കയററത്തിങ്കൽ നിങ്ങളുടെ കാർ എത്തിയിരിക്കുന്നതായി നിങ്ങൾ തിരിച്ചറിയുന്നു
ഇപ്പോൾ നിങ്ങൾ വളരെ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. മഞ്ഞുനിറഞ്ഞ ഓരോ വളവും കടക്കുമ്പോൾ തെന്നലുള്ള ഉപരിതലത്ത് കാറിന്റെ നിയന്ത്രണംവിട്ട് താഴ്വരയിലേക്ക് കുത്തനെ മറിയുക എത്ര എളുപ്പമാണെന്ന് നിങ്ങൾ ചിന്തിക്കുന്നു. തന്നെയുമല്ല, ഇരുട്ടിൽ വേറെ എന്തെല്ലാം അപകടങ്ങൾ പതിയിരുപ്പുണ്ടെന്ന് നിങ്ങൾക്കു വിവരമില്ല. ഇത്തരം ചിന്തകൾ മനസ്സിലേക്കു വരുമ്പോൾ, നിങ്ങളുടെ വായിലെ വെള്ളം വററുകയും നിങ്ങളുടെ ഹൃദയം അല്പം വേഗത്തിൽ മിടിക്കുകയും ചെയ്യുന്നു. നിങ്ങൾ തികച്ചും ജാഗ്രതപുലർത്തുന്നു. മുമ്പെ നിങ്ങൾ എന്തുതന്നെ ചിന്തിച്ചിരുന്നാലും ഇപ്പോൾ നിങ്ങൾ ചെയ്യേണ്ട കൃത്യത്തിൽ നിങ്ങൾ തികച്ചും ശ്രദ്ധാലുവാണ്: അപകടം ഒഴിവാക്കി റോഡിലൂടെ കാർ ഓടിക്കുക.
ഒടുവിൽ റോഡ് ഉയരം കുറഞ്ഞ ഒരു സ്ഥലത്തുകൂടെ കീഴോട്ടിറങ്ങുന്നു. തെരുവുവിളക്കുകളുണ്ട്, മഞ്ഞും ഇനിയില്ല. ക്രമേണ പിരിമുറുക്കം നിങ്ങളുടെ ശരീരത്തെ വിട്ടുമാറുന്നു. നിങ്ങളുടെ പിരിമുറുക്കം കുറയുകയും ആശ്വാസത്തിന്റെ ഒരു നെടുവീർപ്പ് ഉതിർക്കുകയുംചെയ്യുന്നു. ആ ഭയമെല്ലാം വെറുതെ!
എന്നാൽ അതെല്ലാം വെറുതെയായിരുന്നോ? യഥാർത്ഥത്തിലല്ല. അങ്ങനെയുള്ള സാഹചര്യങ്ങളിലെ ന്യായമായ ഒരു പേടി സാധാരണ പ്രതികരണമാണ്. അത് നമ്മെ ജാഗ്രതയും സൂക്ഷ്മതയുമുള്ളവരാക്കുന്നു. ആരോഗ്യാവഹമായ ഭയത്തിന് നമുക്കുതന്നെ ഉപദ്രവം വരുത്തിക്കൂട്ടിക്കൊണ്ട് സാഹസം പ്രവർത്തിക്കാതിരിക്കാൻ നമ്മെ സഹായിക്കാൻ കഴിയും. അതെ, ഭയം എല്ലായ്പ്പോഴും ന്യായബോധത്തിന്റെ ഒരു നാശകനോ ഒരു മാനസികവിഷമോ അല്ല. ചില സാഹചര്യങ്ങളിൽ അതിനു പ്രയോജനപ്രദം പോലുമായിരിക്കാൻ കഴിയും.
ബൈബിൾ ഭയത്തെക്കുറിച്ചു പറയുകയും രണ്ടു പ്രത്യേകതരം ഭയങ്ങളെ നമ്മുടെ ശ്രദ്ധയിലേക്കു വരുത്തുകയും ചെയ്യുന്നു. ഒരു തരം ഭയം തീർച്ചയായും ഒരു മാനസികവിഷമാണ്. മറേറത് സാധാരണഗതിയിലുള്ളതും ആരോഗ്യാവഹവുമാണെന്നു മാത്രമല്ല, നമ്മുടെ രക്ഷക്ക് അത്യന്താപേക്ഷിതവുമാണ്. ഈ രണ്ടു തരം ഭയങ്ങൾ ഏതൊക്കെയാണ്? ഒന്ന് ഒഴിവാക്കിക്കൊണ്ട് മറേറത് വികസിപ്പിച്ചെടുക്കാൻ നമുക്ക് എങ്ങനെ കഴിയും? അടുത്ത ലേഖനത്തിൽ ഇതു ചർച്ചചെയ്യുന്നതായിരിക്കും. (w89 6⁄1)