വാഗ്ദത്തദേശത്തുനിന്നുള്ള രംഗങ്ങൾ
ജനതകൾ മെഗിദ്ദോയിൽ കൂടിവരുന്നു
“ഗവേഷകർ ലോക അർമ്മഗെദ്ദോന്റെ കാര്യത്തിൽ ചുവടുമാററി ചവിട്ടുന്നു” എന്ന്, ഒരു ന്യൂക്ലിയർ യുദ്ധം “ഒരു ന്യൂക്ലിയർ ശൈത്യ”മോ ഒരു പൊള്ളിക്കുന്ന “ന്യൂക്ലിയർ വേനലോ” വരുത്തുമോയെന്നതുസംബന്ധിച്ച ഒരു ശാസ്ത്രീയലേഖനം റിപ്പോർട്ടുചെയ്തു.
ഒരുപക്ഷേ നിങ്ങൾ “അർമ്മഗെദ്ദോനെ”യും നമ്മുടെ ദുർഘടകാലങ്ങളെയും ബന്ധിപ്പിക്കുന്ന അത്തരം അഭിപ്രായങ്ങൾ കണ്ടിരിക്കും. എന്താണ് “അർമ്മഗെദ്ദോൻ”? നിങ്ങളുടെ ജീവൻ ഉൾപ്പെട്ടിരിക്കുന്നതുകൊണ്ട് നിങ്ങൾ അറിയേണ്ടതാണ്.
മെഗിദ്ദോയുടെ ആകാശത്തുനിന്നുള്ള വീക്ഷണം മുകളിൽ കാണുക. ഇത് പുരാതന ഇസ്രായേലിൽ ഒരു നയതന്ത്രപ്രധാനമായിരുന്ന സ്ഥാനമായിരുന്നു. അപ്പോസ്തലനായ യോഹന്നാൻ “എബ്രായയിൽ ഹാർ-മെഗദ്ദോൻ [മെഗിദ്ദോ പർവതം]” അല്ലെങ്കിൽ അർമ്മഗെദ്ദോൻ “എന്നു വിളിക്കപ്പെടുന്ന സ്ഥല”ത്തെക്കുറിച്ചെഴുതിയപ്പോൾ അതിന്റെ പേർ ഉപയോഗിക്കുകയുണ്ടായി. (വെളിപ്പാട് 16:16) മെഗിദ്ദോയുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള അറിവ് ആ വാക്കുകളുടെമേൽ വെളിച്ചം വീശുന്നു.
ഇതോടുകൂടെ ചേർത്തിരിക്കുന്ന പടത്തിൽ നിങ്ങൾക്ക് അതിന്റെ സ്ഥാനം കാണാൻ കഴിയും. അത് യഥാർത്ഥത്തിൽ രണ്ടു വഴികൾക്കഭിമുഖമായിട്ടാണു നിന്നിരുന്നത്. കർമ്മേൽ പർവതങ്ങൾ തെക്ക് ഈജിപ്ററിനും വടക്ക് ഡമാസ്ക്കസിനും അല്ലെങ്കിൽ യൂപ്രട്ടീസിനടുത്തുള്ള മററു നഗരങ്ങൾക്കുമിടയിലെ ഉത്തര—ദക്ഷിണ പാതയ്ക്ക് വിഘാതം സൃഷ്ടിക്കുന്നു. അതുകൊണ്ട് സൈന്യങ്ങളും കച്ചവടസംഘങ്ങളും മെഗിദ്ദോയിക്കടുത്തുള്ള ഒരു താഴ്ന്ന പാതയിലൂടെ പോകാൻ നിർബന്ധിതരായി, അതാണ് പടത്തിന്റെ വലതുവശത്തു കാണുന്നത്. അതിലേകൂടെയുള്ള ഉത്തര—ദക്ഷിണ പാത ഇസ്രെയേൽതാഴ്വരയിൽ സോരിനും യോർദ്ദാൻതാഴ്വരക്കുമിടക്കുള്ള അല്ലെങ്കിൽ ശമര്യക്കും യെരുശലേമിനുമിടക്കുള്ള സുപ്രധാന പാതയെ മുറിക്കുന്നു. ഈ പാതകൾക്ക് ഇപ്പുറത്തും അപ്പുറത്തുമായിരിക്കുന്ന മെഗിദ്ദോയിക്ക് യഥാർത്ഥത്തിൽ കടന്നുപോകുന്നവരെ ഭരിക്കാൻ കഴിയുന്നു. മെഗിദ്ദോയിക്കു മുമ്പിലെ താഴ്വര നിർണ്ണായകയുദ്ധങ്ങളുടെ സ്ഥാനമായിത്തീർന്നു.
ദൃഷ്ടാന്തമായി, സേനാധിപനായിരുന്ന സിസെരയുടെ കീഴിലെ കനാന്യരെ ന്യായാധിപനായിരുന്ന ബാരാക്ക് തോൽപ്പിച്ചത് ഇവിടെവച്ചായിരുന്നു. സിസെരക്ക് ഇരുമ്പുവാൾ ഘടിപ്പിച്ച 900 രഥങ്ങളുണ്ടായിരുന്നു. (ന്യായാധിപൻമാർ 4:1-3, 12-16; 5:19) പിന്നീട് നെഖോ ഫറവോൻ സൈന്യങ്ങളും രഥങ്ങളുമടങ്ങുന്ന ഒരു ശക്തമായ ഈജിപ്ഷ്യൻസേനയെ തീരദേശ പാതയിലേക്ക് (വയാ മേരിസ് അഥവാ കടൽവഴി എന്ന് അതിനു പേരുകിട്ടാൻ കാരണമതാണ്) അയച്ചുകൊണ്ട് യൂപ്രട്ടീസിനടുത്തുണ്ടായിരുന്ന അസ്സീറിയക്കാർക്കു ശക്തി പകർന്നു. യഹൂദരാജാവായിരുന്ന യോശീയാവ് ഏതോ കാരണത്താൽ നെഖോയുമായി ഒരു അന്താരാഷ്ട്ര ഏററുമുട്ടലിന് തീരുമാനിച്ചു. എന്നാൽ എവിടെ? യരൂശലേമിന് ഏതാണ്ട് 55 മൈൽ വടക്കായിരുന്നെങ്കിലും യോശീയാവ് തെരഞ്ഞെടുത്തത് മെഗിദ്ദോയിക്കടുത്തുള്ള സമതലമായിരുന്നു.—2 ദിനവൃത്താന്തം 35:20-22; യിരെമ്യാവ് 46:2.
ഈജിപ്ററുകാർ അവിടം കടന്നുപോകേണ്ടതുണ്ടെന്ന് അയാൾക്കറിയാമായിരുന്നു. താൻ ഒരു ഇസ്രയേല്യശക്തികേന്ദ്രത്തോടടുത്തായിരിക്കുന്നതിനാൽ തനിക്ക് നേട്ടമുണ്ടായിരിക്കുമെന്ന് അവൻ വിചാരിച്ചിരുന്നിരിക്കണം. നിങ്ങൾക്കു കാണാൻ കഴിയുന്നതുപോലെ, റെറൽ (കൂന) മെഗിദ്ദോ വളരെ വലുതാണ്. പുരാതന നഗരം അജയ്യമായിരുന്നു. പ്രസ്പഷ്ടമായി, ബൃഹത്തായ കൽചുവരുകളും ഒരു വലിയ സംരക്ഷണഗേററുംa നിർമ്മിച്ചുകൊണ്ട് ശലോമോൻ മെഗിദ്ദോയെ ബലപ്പെടുത്തി. (1 രാജാക്കൻമാർ 9:15) റെറൽ-ന്റെ ഇടതുവശത്ത് നിങ്ങൾക്ക് വലിയ ഒരു ദീർഘചതുര കുഴി കാണാൻ കഴിയും. അത് സങ്കീർണ്ണമായ ഒരു ജലവിതരണപദ്ധതിയിലേക്കുള്ള കവാടമായിരുന്നു. കുത്തനെയുള്ള ഒരു ഗോവണി പാറയിൽ കൊത്തിയ നീണ്ട ഒരു തുരങ്കത്തിലേക്കു നയിച്ചു. ഇസ്രായേല്യർ ആക്രമണത്തിൽനിന്ന് സംരക്ഷിക്കപ്പെട്ടപ്പോൾത്തന്നെ അവർക്ക് ഉറവജലം ലഭ്യമാകുകയും ചെയ്തു. പുരാവസ്തുശാസ്ത്രജ്ഞൻമാർ ഏതാണ്ട് 450 കുതിരകൾക്കായുള്ള ഒരു ലായവും കണ്ടുപിടിച്ചിട്ടുണ്ട്, ഒരുപക്ഷേ ആഹാബിന്റെ വാഴ്ചക്കാലത്തേത്.— 1 രാജാക്കൻമാർ 9:19 താരതമ്യപ്പെടുത്തുക.
മെഗിദ്ദോയിക്കു സമീപം നടന്ന നിർണ്ണായക യുദ്ധത്തിൽ യോശീയാവിന് മാരകമായി മുറിവേററു. യെരൂശലേമിലേക്കു തിരികെ പോകുമ്പോൾ അവൻ മരണമടഞ്ഞു. (2 രാജാക്കൻമാർ 23:28-30) സെഖര്യാവ് 12:11-ൽ പറഞ്ഞിരിക്കുന്ന ‘മെഗിദ്ദോ താഴ്വരയിലെ വിലാപ’ത്തിനു കാരണം ഇതായിരുന്നിരിക്കാം. യോശീയാവിന്റെ പരാജയം കഴിഞ്ഞ് അധികം താമസിയാതെ ബാബിലോൻ തന്റെ സൈനിക സ്വാധീനം ദുർബലയായിത്തീർന്ന യഹൂദയിലേക്കു വ്യാപിപ്പിച്ചു.—2 രാജാക്കൻമാർ 24:1, 2, 12-14; 2 ദിനവൃത്താന്തങ്ങൾ 36:1-6.
ഇങ്ങനെയുള്ള പശ്ചാത്തല വിവരങ്ങളുടെ സഹായത്താൽ നിങ്ങൾക്ക് അപ്പോസ്തലനായ യോഹന്നാനു കൊടുക്കപ്പെട്ട വെളിപ്പാടിൽ ‘സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിനായി’ ‘മുഴു നിവസിതഭൂമിയിലെയും രാജാക്കൻമാർ’ കൂടിവരുന്നതിനെക്കുറിച്ചു മുൻകൂട്ടിപ്പറയുന്നതിന് മെഗിദ്ദോയെ പ്രയോജനപ്പെടുത്താൻ കഴിഞ്ഞതെന്തുകൊണ്ടെന്ന് മനസ്സിലാക്കാൻ കഴിയും. ഭൂമിയിലെ യാതൊരു സ്ഥലത്തിനും, തീർച്ചയായും റെറൽ മെഗിദ്ദോയിക്ക് അഭിമുഖമായി കിടന്ന താഴ്വരക്ക്, ദൈവത്തോടെതിർക്കുന്ന സകല ജനതകളെയും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. എന്നാൽ ഹാർ-മഗെദ്ദോൻ അഥവാ അർമ്മഗെദ്ദോൻ ഉചിതമായി ആ നിർണ്ണായകയുദ്ധത്തിന്റെ സാഹചര്യത്തെ പ്രതിനിധാനംചെയ്യുന്നു.—വെളിപ്പാട് 16:14, 16; 19:11-21.
അതുകൊണ്ട് രാജ്യതന്ത്രജ്ഞൻമാരും വാർത്താലേഖകരും നമ്മുടെ ഗോളത്തെ ശൂന്യമാക്കുന്ന ഒരു ന്യൂക്ലിയർയുദ്ധമെന്ന നിലയിൽ അർമ്മഗെദ്ദോനെക്കുറിച്ച് തെററായി ചിന്തിച്ചുകൊള്ളട്ടെ. മെഗിദ്ദോയുടെ ചരിത്രം മനസ്സിൽ പിടിക്കുമ്പോൾ നിങ്ങൾക്ക് സംഗതി കൂടുതൽ കൃത്യമായി മനസ്സിലാക്കാൻ കഴിയും. ദൈവം നീതിയുള്ള ഒരു പുതിയ ലോകത്തിനു വഴിതുറന്നുകൊണ്ട് ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയെ തുടച്ചുനീക്കുന്ന മഹായുദ്ധത്തിലേക്ക് ജനതകൾ വരുത്തപ്പെടുന്ന സാഹചര്യമാണ് അർമ്മഗെദ്ദോൻ എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.—2 പത്രോസ് 3:11-13. (w89 1/1)
[അടിക്കുറിപ്പുകൾ]
a മെഗിദ്ദോയുടെ ഗേററിനെക്കുറിച്ചുള്ള ഒരു രസകരമായ വിവരണം നിങ്ങൾക്ക് 1988 ഓഗസ്ററ് 15-ലെ വാച്ച് ടവറിന്റെ 24-6 വരെ പേജുകളിൽ വായിക്കാൻ കഴിയും
[17-ാം പേജിലെ ഭൂപടം]
(For fully formatted text, see publication)
മഹാസമുദ്രം
ഡമാസ്കസിലേക്ക്
സോരിലേക്ക്
ഗലീലക്കടൽ
അക്കോ
കർമ്മേൽ പർവതം
മെഗിദ്ദോ
വയാ മേരിസ്
യോപ്പാ
ഈജിപ്ററിലേക്ക്
ബേത്-ശീൻ
ദോഥാൻ
ശമര്യ
ശേഖേം
യരൂശലേമിലേക്ക്
യോർദ്ദാൻ നദി
മി 0 10
കെ.എം 0 10 20
[കടപ്പാട്]
Based on a map copyrighted by Pictorial Archive (Near Eastern History) Est. and Survey of Israel
[16-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികളുടെ 1989-ലെ കലണ്ടറിൽ നിങ്ങൾക്ക് മെഗിദ്ദോയുടെ ഒരു വലിപ്പമേറിയ വീക്ഷണം ലഭിക്കും. അതിലെ ആറു ചിത്രങ്ങൾ ഈ വർഷം വീക്ഷാഗോപുര ലേഖനങ്ങളിൽ ചർച്ചചെയ്യപ്പെടും, നിങ്ങൾക്ക് അവ ഭാവി ഉപയോഗത്തിനുവേണ്ടി കലണ്ടറിനോടുകൂടെ സൂക്ഷിക്കാവുന്നതാണ്.
[കടപ്പാട്]
Pictorial Archive (Near Eastern History) Est.
[17-ാം പേജിലെ ചിത്രം]
നെഖൊ ഫറവോൻ മെഗിദ്ദോയിലൂടെ നടത്തിയ മുന്നേററത്തെ വിഭാവനചെയ്യാൻ ഈ ഈജിപ്ഷ്യൻകൊത്തുപണിക്ക് നിങ്ങളെ സഹായിക്കാൻകഴിയും, അവിടെവച്ച് അവൻ യോശീയാവ്രാജാവിനെ തോൽപ്പിച്ചു