യേശുവിന്റെ ജീവിതവും ശുശ്രൂഷയും
യരൂശലേമിലേക്കുള്ള ഒരു രഹസ്യ പര്യടനം
സമയം ക്രി.വ. 32ലെ ശരത്കാലമാണ്. കൂടാരപ്പെരുന്നാൾ അടുത്തിരിക്കുകയാണ്. യഹൂദൻമാർ യേശുവിനെ കൊല്ലാൻ ശ്രമിച്ച ക്രി.വ. 31ലെ പെസഹായിക്കുശേഷം യേശു തന്റെ പ്രവർത്തനം ഏറെയും ഗലീലയിൽ പരിമിതപ്പെടുത്തിയിരിക്കുകയാണ്. അതിനുശേഷം യേശു യരൂശലേം സന്ദർശിച്ചത് യഹൂദൻമാരുടെ മൂന്ന് വാർഷികപെരുന്നാളുകൾക്കു മാത്രമായിരിക്കാനിടയുണ്ട്.
യേശുവിന്റെ സഹോദരൻമാർ ഇപ്പോൾ അവനെ ശക്തമായി ഉപദേശിക്കുകയാണ്: “ഇവിടം വിട്ട് യഹൂദ്യയിലേക്കു പോകുക.” യരൂശലേമാണ് യഹൂദ്യയിലെ മുഖ്യനഗരവും മുഴുരാജ്യത്തെയും മതകേന്ദ്രവും. അവന്റെ സഹോദരൻമാർ ന്യായവാദംചെയ്യുന്നു: “പരസ്യമായി അറിയപ്പെടാൻ ശ്രമിക്കവേ ആരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ല.”
തങ്ങളുടെ മൂത്ത സഹോദരനായ യേശു യഥാർത്ഥത്തിൽ മശിഹാ ആണെന്ന് യാക്കോബും ശിമോനും യോസെ യൂദായും വിശ്വസിക്കുന്നില്ലെങ്കിലും പെരുന്നാളിന് കൂടിവന്നിരിക്കുന്ന എല്ലാവരെയും അവന്റെ അത്ഭുതശക്തികൾ അവൻ കാണിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. എന്നിരുന്നാലും യേശുവിന് അപകടത്തെക്കുറിച്ച് അറിവുണ്ട്. “നിങ്ങളെ വെറുക്കാൻ ലോകത്തിന് കാരണമില്ല, എന്നാൽ അത് എന്നെ വെറുക്കുന്നു, എന്തുകൊണ്ടെന്നാൽ അതിന്റെ പ്രവൃത്തികൾ ദുഷ്ടമാണെന്ന് ഞാൻ അതിനെക്കുറിച്ച് സാക്ഷ്യംപറഞ്ഞിരിക്കുന്നു” എന്ന് അവൻ പറയുന്നു. അതുകൊണ്ട് “നിങ്ങൾ പെരുന്നാളിന് പോകുക; ഞാൻ ഇപ്പോൾ ഈ പെരുന്നാളിന് പോകുന്നില്ല” എന്ന് യേശു തന്റെ സഹോദരൻമാരോട് പറയുന്നു.
കൂടാരപ്പെരുന്നാൾ ഏഴു ദിവസത്തെ ആഘോഷമാണ്, എട്ടാമത്തെ ദിവസത്തെ പാവനമായ പ്രവർത്തനങ്ങളോടെ അത് സമാപനത്തിലേക്ക് വരുത്തപ്പെടുന്നു. ഈ പെരുന്നാൾ കാർഷികവൽസരത്തിന്റെ അവസാനത്തെ കുറിക്കുന്നു, അത് വലിയ സന്തോഷത്തിന്റെയും നന്ദിപ്രകടനത്തിന്റെയും ഒരു സമയവുംകൂടെയാണ്. യാത്രക്കാരുടെ മുഖ്യസമൂഹത്തോടൊത്ത് യേശുവിന്റെ സഹോദരൻമാർ പെരുന്നാളിന് സംബന്ധിക്കാൻ പോയ ശേഷം യേശുവും അവന്റെ ശിഷ്യൻമാരും പൊതുജനദൃഷ്ടിയിൽനിന്ന് മറഞ്ഞ് രഹസ്യമായി പോകുന്നു. യോർദ്ദാൻനദിക്കരികെകൂടെ മിക്കയാളുകളും പോകുന്ന വഴിക്കു പോകാതെ ശമര്യവഴിക്കാണ് അവർ പോകുന്നത്.
യേശുവിനും അവന്റെ കൂട്ടത്തിനും ഒരു ശമര്യഗ്രാമത്തിൽ താമസസൗകര്യം ആവശ്യമായി വരുമെന്നുള്ളതുകൊണ്ട് ഒരുക്കം ചെയ്യാൻ അവൻ സന്ദേശവാഹകരെ മുമ്പുകൂട്ടി അയക്കുന്നു. എന്നിരുന്നാലും യേശു യരൂശലേമിലേക്കു പോകുകയാണെന്ന് മനസ്സിലാക്കിയശേഷം യേശുവിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ ആളുകൾ വിസമ്മതിക്കുന്നു. അമർഷംപൂണ്ട് യാക്കോബും യോഹന്നാനും ചോദിക്കുകയാണ്: “കർത്താവേ, ആകാശത്തുനിന്ന് തീയിറങ്ങി അവരെ നിർമ്മൂലമാക്കാൻ ഞങ്ങൾ പറയണമെന്ന് നീ ആഗ്രഹിക്കുന്നുവോ?” അങ്ങനെയൊരു സംഗതി സൂചിപ്പിച്ചതിന് യേശു അവരെ ശാസിക്കുന്നു, അവർ മറെറാരു ഗ്രാമത്തിലേക്ക് യാത്ര തിരിക്കുന്നു.
അവർ വഴിയേ നടന്നുപോകുമ്പോൾ ഒരു ശാസ്ത്രി യേശുവിനോട്: “ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം” എന്നു പറയുന്നു.
“കുറുനരികൾക്ക് കുഴികളും ആകാശത്തിലെ പക്ഷികൾക്ക് കൂടുകളുമുണ്ട്, എന്നാൽ മനുഷ്യപുത്രന് തല ചായിക്കാൻ യാതൊരിടവുമില്ല” എന്ന് യേശു പ്രതിവചിക്കുന്നു. ശാസ്ത്രി തന്റെ അനുഗാമിയായിത്തീരുകയാണെങ്കിൽ അയാൾക്ക് പ്രയാസമനുഭവപ്പെടുമെന്ന് യേശു പ്രകടമാക്കുകയായിരുന്നു. ഇത്തരം ജീവിതരീതി സ്വീകരിക്കാൻ കഴിയാത്തവിധം ശാസ്ത്രി അത്ര അഹങ്കാരിയായിരുന്നുവെന്നാണ് സൂചന.
മറെറാരു മനുഷ്യനോട് “എന്റെ അനുഗാമിയായിരിക്കുക” എന്ന് യേശു പറയുന്നു.
“ആദ്യം പോയി എന്റെ അപ്പനെ കുഴിച്ചിടാൻ എന്നെ അനുവദിക്കുക” എന്ന് ആ മനുഷ്യൻ ഉത്തരം പറയുന്നു.
“മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ” എന്ന് യേശു മറുപടി പറയുന്നു, “എന്നാൽ നീ പോയി എല്ലായിടത്തും ദൈവരാജ്യം ഘോഷിക്കുക.” പ്രസ്പഷ്ടമായി ആ മമനുഷ്യന്റെ അപ്പൻ അതുവരെ മരിച്ചിരുന്നില്ല, മരിച്ചിരുന്നുവെങ്കിൽ അയാളുടെ പുത്രൻ യേശുവിനെ ശ്രദ്ധിച്ചുകൊണ്ട് ഇവിടെ ഉണ്ടായിരിക്കാനിടയില്ല. ആ മനുഷ്യൻ തന്റെ പിതാവിന്റെ മരണംവരെ സമയം ചോദിക്കുകയാണ്. അയാൾ തന്റെ ജീവിതത്തിൽ ദൈവരാജ്യം ഒന്നാമതുവെക്കാൻ ഒരുക്കമല്ല.
യരൂശലേമിലേക്കുള്ള മാർഗ്ഗമദ്ധ്യേ അവർ നീങ്ങുമ്പോൾ മറെറാരു മനുഷ്യൻ “കർത്താവേ, ഞാൻ നിന്നെ അനുഗമിക്കാം, എന്നാൽ ആദ്യം എന്റെ ഭവനത്തിലുള്ളവരോട് വിടപറയാൻ എന്നെ അനുവദിച്ചാലും” എന്ന് യേശുവിനോടു പറയുന്നു.
ഉത്തരമായി യേശു പറയുന്നു: “കലപ്പക്ക് കൈവെച്ചിട്ട് പുറകിലുള്ള വസ്തുക്കളിലേക്കു നോക്കുന്ന യാതൊരു മനുഷ്യനും ദൈവരാജ്യത്തിന് നന്നായി യോജിക്കുന്നവനല്ല.” യേശുവിന്റെ ശിഷ്യരായിരിക്കുന്നവർ രാജ്യസേവനത്തിൽ തങ്ങളുടെ ദൃഷ്ടികൾ പതിപ്പിച്ചിരിക്കണം. ഉഴുന്നവൻ നേരെ മുമ്പോട്ടുനോക്കുന്നില്ലെങ്കിൽ ഒരു ചാൽ വളഞ്ഞുപോകാനിടയുള്ളതുപോലെ പഴയ വ്യവസ്ഥിതിയിലേക്ക് തിരിഞ്ഞുനോക്കുന്ന ഏതൊരുവനും ജീവനിലേക്കുള്ള വഴിയിൽ ഇടറിപ്പോയേക്കാം. യോഹന്നാൻ 7:2-10; ലൂക്കോസ് 9:51-62; മത്തായി 8:19-22.
◆യേശുവിന്റെ സഹോദരൻമാർ ആരാണ്, അവർ അവനെക്കുറിച്ച് എങ്ങനെ വിചാരിക്കുന്നു?
◆ശമര്യക്കാർ വളരെ പരുഷരായിരിക്കുന്നതെന്തുകൊണ്ട്, യാക്കോബും യോഹന്നാനും എന്തു ചെയ്യാൻ ആഗ്രഹിക്കുന്നു?
◆വഴിമദ്ധ്യേ യേശു ഏതു മൂന്നു സംഭാഷണങ്ങൾ നടത്തുന്നു, അവൻ ആത്മത്യാഗപരമായ സേവനത്തിന്റെ ആവശ്യം ഊന്നിപ്പറയുന്നതെങ്ങനെ? (w88 3/15)