ദൈവത്തിന്റെ സൃഷ്ടിയിൽനിന്ന് നമുക്ക് എന്ത് പഠിക്കാൻ കഴിയും?
മാടപ്രാവുകൾ അവയുടെ തലയിലും കഴുത്തിലും കാന്തപരലുകളുടെ സഞ്ചയങ്ങൾ ഉപയോഗിച്ച് ദിശ അറിയുന്നു. ചിലതരം മൽസ്യം വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു. വിവിധയിനം പക്ഷികൾ അവ കുടിക്കുന്ന സമുദ്രജലത്തിൽ നിന്ന് അധികമുള്ള ഉപ്പ് നീക്കം ചെയ്യുന്നു. ചില കക്കാപ്രാണികൾക്ക് മുങ്ങുന്നതിന് വെള്ളം നിറക്കാൻ കഴിയുന്നതോ വീണ്ടും പൊങ്ങിവരുന്നതിന് വാതകം നിറക്കാൻ കഴിയുന്നതോ ആയ ദ്വാരങ്ങളുണ്ട്.
അതെ, ഒരു മനുഷ്യൻ ഒരു വടക്കുനോക്കി യന്ത്രം ഉപയോഗിക്കുകയോ വൈദ്യുതി ഉൽപ്പാദിപ്പിക്കുകയോ ഒരു അന്തർവാഹിനി രൂപകൽപ്പന ചെയ്യുകയോ കടൽവെള്ളത്തിന്റെ ഉപ്പ് നീക്കുകയോ ചെയ്യുമ്പോൾ, അയാൾ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, യഥാർത്ഥത്തിൽ അയാൾ ദൈവത്തിന്റെ സൃഷ്ടിയെ അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്.
തീർച്ചയായും, ദൈവത്തിന്റെ സൃഷ്ടിയിൽ മനുഷ്യനുവേണ്ടിയുള്ള അനേകം പാഠങ്ങൾ ഉള്ളതുകൊണ്ട് അത് ചിലപ്പോൾ “പ്രകൃതിയാകുന്ന പുസ്തകം” എന്ന് വിളിക്കപ്പെടുന്നു. ദൃഷ്ടാന്തമായി, ബയോണിക്സ് എന്നത് സൃഷ്ടിയിൽ കാണുന്ന വ്യവസ്ഥകളുടെ പ്രയോജനകരമായ പ്രയുക്തത കൈകാര്യം ചെയ്യുന്ന ഒരു ശാസ്ത്രശാഖയാണ്. ഇവയിൽ പക്ഷികളുടേതുപോലെയുള്ള സവിശേഷതകളോടുകൂടിയ വിമാന ചിറകുകളും ഡോൾഫിനുകളുടെ ആകൃതിയിലുള്ള അന്തർവാഹിനികളും മനുഷ്യാസ്ഥികൾ പോലെ രൂപകൽപ്പന ചെയ്യുന്ന കോൺക്രീററ് നിർമ്മിതികളും ഉൾപ്പെടുന്നു. എന്നാൽ പ്രകൃതിയാകുന്ന പുസ്തകത്തിന് സാങ്കേതിക ശാസ്ത്രവിജ്ഞാനം മാത്രമാണോ സമർപ്പിക്കാനുള്ളത്?
അല്ല, അത് ചില സമയങ്ങളിൽ ധാർമ്മിക സ്വഭാവത്തിലുള്ള പ്രായോഗിക പാഠങ്ങളും നൽകുന്നു. ഉദാഹരണത്തിന് ഉറുമ്പിന്റെ ഉൽസാഹ പ്രകടനത്തിനുള്ള സഹജവാസനയെ പരാമർശിച്ചുകൊണ്ട് സദൃശവാക്യങ്ങൾ എന്ന ബൈബിൾ പുസ്തകം ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “മടിയാ, ഉറുമ്പിന്റെ അടുക്കലേക്ക് പോയി അതിന്റെ രീതികൾ കാണുകയും ജ്ഞാനിയായിത്തീരുകയും ചെയ്യുക. അതിന് സേനാപതിയോ തലവനോ അധിപതിയോ ഇല്ലെങ്കിലും അത് വേനലിൽ പോലും അതിന്റെ ആഹാരം ഒരുക്കിവെക്കുന്നു; കൊയ്തുകാലത്തു തന്നെ അത് അതിന്റെ ഭക്ഷ്യവിഭവങ്ങൾ ശേഖരിച്ചുവെച്ചിരിക്കുന്നു.”—സദൃശവാക്യങ്ങൾ 6:6-8.
എന്നിരുന്നാലും, മൃഗങ്ങളുടെ പെരുമാററത്തിൽ നിന്ന് പാഠങ്ങൾ സ്വീകരിക്കുന്നതായി അവകാശപ്പെടുന്ന ഒരു ശാസ്ത്രമായ സ്വഭാവശാസ്ത്രത്തിന് പരിമിതികളുണ്ട്. മനുഷ്യപെരുമാററത്തെ മൃഗങ്ങളുടേതിന്റെ അതേ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴികയില്ല. ഭാഷയും മനുഷ്യനിലെ അതിരററ വിധം പരിഷ്കൃതമായ ചിന്താ പ്രക്രിയയും പോലെയുള്ള ശ്രദ്ധാർഹമായ വ്യത്യാസങ്ങൾ പരിഗണിക്കേണ്ടതാണ്. ഒരു ശാസ്ത്രജ്ഞൻ പ്രസ്താവിച്ച പ്രകാരം: “നാം സാമർത്ഥ്യം കൂടിയ ആൾക്കുരങ്ങുകൾ മാത്രമല്ല.” നമ്മുടെ മനസ്സുകൾ “മറെറല്ലാ ജീവരൂപങ്ങളിൽ നിന്നും ഗുണപരമായി നമ്മെ വ്യത്യസ്തരാക്കുന്നു.”
മാത്രവുമല്ല, സൃഷ്ടിയുടെ ഒരു സൂക്ഷ്മ പഠനത്തിനു മാത്രമായി ഒരിക്കലും ഉത്തരം പറയാൻ കഴിയാത്ത ചില ചോദ്യങ്ങളുണ്ട്. ഇവയിൽ ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ടോ? ദൈവം സ്ഥിതിചെയ്യുന്നുവോ, എങ്കിൽ അവൻ നമ്മെക്കുറിച്ച് കരുതുന്നുവോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്നു. അങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയുമോ എന്ന് നമുക്കിപ്പോൾ നോക്കാം. (w88 3/1)
[8-ാം പേജിലെ ചതുരം⁄ചിത്രം]
സൃഷ്ടിയിൽ അത് ആദ്യം ഉണ്ടായിരുന്നു: സോണാർ
വവ്വാലുകൾ സോണാറിനോട് ഏറെക്കുറെ സമാനമായ ഒരു വ്യവസ്ഥയാൽ സജ്ജമാണ്. അത് ശബ്ദങ്ങൾ പുറത്തേക്കയച്ചുകൊണ്ടും പ്രതിധ്വനികളെ വിശകലനം ചെയ്തുകൊണ്ടും അവയുടെ ഇരയുടെ നീക്കങ്ങൾ തിട്ടപ്പെടുത്താനും പിൻതുടരാനും അവയ്ക്ക് കഴിവ് കൊടുക്കുന്നു. എന്നാൽ ഒരു പ്രത്യേക ഇനം ശലഭത്തിന് (ടോഗ്ബെയ്ൻ ടൈഗർ) അതിന്റെ ശത്രുവിന്റേതിനോട് സമാനമായ തരംഗങ്ങൾ അയക്കുന്ന, തടസ്സപ്പെടുത്തുന്ന ഒരു സിഗ്നൽ ഉണ്ട്. സിഗ്നൽ ലഭിക്കുമ്പോൾ അതൊരു തടസ്സമാണോ അല്ലയോ എന്ന് വിശകലനം ചെയ്യാൻ വേണ്ടത്ര സമയം ഇല്ലാത്തതുകൊണ്ട് വവ്വാൽ ആ ശലഭത്തെ ക്രമീകൃതമായി ഒഴിവാക്കുന്നു.
കാനഡാ, ടൊറണ്ടോ, യൂണിവേഴ്സിററിയിലെ പ്രൊഫസർ ജയിംസ് ഫുള്ളാർഡ് തന്റെ വിലമതിപ്പ് പ്രകടിപ്പിച്ചുകൊണ്ട് പറയുന്നു: “ശലഭങ്ങളും വവ്വാലുകളും വളരെ പരിമിതമായ നാഡീകോശങ്ങളുപയോഗിച്ചുകൊണ്ട് കൈകാര്യം ചെയ്യുന്ന വിജ്ഞാന സമ്പാദനത്തിന്റെയും ധാരാളമായ നാഡീശാസ്ത്ര തീരുമാനങ്ങളുടെയും വ്യാപ്തമാണ് അത്ഭുതകരമായ സംഗതി. അവ ഒരളവിലുള്ള മിതത്വവും പരിഷ്കരണവും പ്രദർശിപ്പിക്കുന്നു. അവ മാനുഷിക വ്യോമയുദ്ധ തന്ത്രങ്ങൾക്ക് അസൂയാർഹമായിരിക്കാൻ കഴിയും.”
[5-ാം പേജിലെ ചതുരം⁄ചിത്രം]
സൃഷ്ടിയിൽ അത് ആദ്യം ഉണ്ടായിരുന്നു: മുങ്ങൽ മണി
പതിനാറാം നൂററാണ്ടിന്റെ ആരംഭത്തിൽ ലേണാഡോ ഡാവിഞ്ചി ഒരു മുങ്ങൽ ഉപകരണം കണ്ടുപിടിച്ചതായി പറയപ്പെടുന്നു. എന്നാൽ ആർഗിറോനെററ അക്വററക്കാ എന്ന് പേരുള്ള ഒരു പ്രത്യേകതരം എട്ടുകാലി വെള്ളത്തിനടിയിൽ ശ്വസിക്കുന്നതിനുള്ള ഒരു ഉപകരണം രൂപപ്പെടുത്തിയിരുന്നു. ആൻഡ്രി ടെട്രി ലെസ് ഓട്ടിൽസ് ചെസ് ലെസ് എട്രെസ് വിവൻസ് (ജീവികൾ ഉപയോഗിക്കുന്ന പണിയായുധങ്ങൾ) എന്ന തന്റെ പുസ്തകത്തിൽ വിശദീകരിക്കുന്നതുപോലെ “ഈ എട്ടുകാലി സാവധാനത്തിലൊഴുകുന്ന അരുവികളിൽ മുങ്ങിക്കിടക്കുന്ന ജലസസ്യങ്ങളുടെയിടയിൽ ഇരിക്കുകയും നിരവധി നൂലുകൾ സ്ഥാനത്ത് അയഞ്ഞ നിലയിൽ പിടിച്ചുനിർത്തിയിരിക്കുന്ന ഒരു നേർത്ത തിരശ്ചീന വല മെനഞ്ഞെടുക്കുകയും ചെയ്യുന്നു. ഉപരിതലത്തിലേക്ക് മടങ്ങുമ്പോൾ, . . . എട്ടുകാലി പെട്ടെന്നുള്ള ഒരു പിടച്ചിലിനാൽ അതിന്റെ ജലനിർമ്മാർജ്ജന ഉദരരോമങ്ങളിൽ ഒരു കുമിളയെ പിടിക്കുന്നു. . . . എട്ടുകാലി വീണ്ടും കീഴോട്ടിറങ്ങുകയും പട്ടുനൂലുകൾകൊണ്ടുള്ള വലയ്ക്കടിയിൽ ആ കുമിളയെ വിടുകയും ചെയ്യുന്നു. അപ്പോൾ ആ കുമിള വലയിൽ അൽപ്പമായ വികാസം ഉളവാക്കുന്നതിന് ഉയരുന്നു.” ആവർത്തിച്ചുള്ള സഞ്ചാരങ്ങളാൽ എട്ടുകാലി അതിന്റെ മണിയുടെ ആകൃതിയിലുള്ള ഉപകരണത്തിൻ കീഴിൽ പകൽ കഴിച്ചുകൂട്ടാൻ ആവശ്യമായ വായു സംഭരിക്കുന്നു, രാത്രിയിൽ പിടിച്ച ഇരയെ അവിടെവച്ച് അത് തിന്നുകയും ചെയ്യുന്നു. ഇതിനെ സംബന്ധിച്ച് ടെട്രി ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അതുകൊണ്ട് മമനുഷ്യന്റെ മുങ്ങൽ ഉപകരണങ്ങൾ പ്രകൃതിയിൽ നിരീക്ഷിക്കപ്പെടുന്ന അത്യന്തം പ്രത്യേകവൽകൃതമായ മാതൃകകളോട് സാദൃശം വഹിക്കുന്നു.”