വിലമതിപ്പുള്ള ഒരു വൃദ്ധ
ജപ്പാനിലെ 79 വയസ്സുള്ള ഒരു വൃദ്ധ 1987 ജൂൺ 1-ലെ വീക്ഷാഗോപുര ലക്കത്തിൽ (ഇംഗ്ലീഷ്) പ്രത്യക്ഷപ്പെട്ട “വാർദ്ധക്യം ചെന്നവർക്കുവേണ്ടി ആർ കരുതും?” എന്ന ലേഖനം വായിച്ചശേഷം പിൻവരുന്ന കത്തെഴുതാൻ പ്രേരിതയായി:
ഞാൻ ആദരിക്കുന്ന സഹോദരങ്ങൾക്ക്,
വാർദ്ധക്യംചെന്നവരെക്കുറിച്ചുള്ള 1987 ജൂൺ 1-ലെ മാസിക ഞാൻ പഠിച്ചപ്പോൾ അതിലെ വിവരങ്ങൾ വളരെ ഗ്രാഹ്യത്തോടെയുള്ളതും ദയാപുരസ്സരമായതും ആയി കണ്ടെത്തി. ഞാൻ 11-ാമത്തെ ഖണ്ഡികയിലെത്തിയപ്പോൾ എനിക്ക് എന്റെ തൂവാല എടുക്കേണ്ടതായി വന്നു. കാരണം ഞാൻ കരഞ്ഞുകൊണ്ടേയിരുന്നു. എനിക്കു നിർത്താൻ കഴിഞ്ഞില്ല. അവ ആഴമേറിയ വിലമതിപ്പിന്റെ കണ്ണുനീരായിരുന്നു. എന്തോരു സ്നേഹദയ! സങ്കീർത്തനം 150 പറയുന്നതു മാത്രമേ എനിക്ക് ചെയ്യാൻ കഴിഞ്ഞുള്ളു—യാഹിനെ സ്തുതിക്കുക! വൃദ്ധജനങ്ങളോട് ദയ കാണിക്കുന്നത് സംബന്ധിച്ച് ഉൾക്കാഴ്ച നൽകുന്ന ഇത്തരം ലേഖനങ്ങൾ വിശദമായി പ്രസിദ്ധീകരിക്കുന്ന സഹോദരൻമാരായ നിങ്ങൾക്ക് ഞാൻ എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുന്നു. നിശ്ചയമായും ഓരോ മാസവും നിങ്ങൾ പ്രസിദ്ധീകരിക്കുന്ന നല്ല ലേഖനങ്ങൾക്കായും ഞാൻ നന്ദിയുള്ളവളാണ്. എന്റെ വിലമതിപ്പ് വേണ്ടവിധം പ്രകടിപ്പിക്കാൻ എന്റെ പക്കൽ വാക്കുകളില്ല. വീണ്ടും ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു.
സന്തോഷകരമെന്ന് പറയട്ടെ, ഞങ്ങളുടെ സഭയിലുള്ള എല്ലാവരും വളരെ സ്നേഹവും ദയയുമുള്ളവരാണ്. അവർ തങ്ങളുടെ കാറുകളിൽ എന്നെ പ്രസംഗ പ്രദേശത്ത് കൊണ്ടുപോവുകയും അവിടെ നിന്ന് കൊണ്ടുവരികയും ചെയ്യും. അവരുടെ ദയാപ്രവർത്തനം നിമിത്തം ഞാൻ ഒരു സഹായ പയനിയറാണ്. സംരക്ഷണം നൽകുന്ന ഇത്തരമൊരു വിലപ്പെട്ട സ്ഥാപനത്തിലായിരിക്കുന്നതിൽ ഞാൻ എന്നും ആഴമായ നന്ദിയുള്ളവളാണ്.
പ്രായം ചെന്നവരുടെ എണ്ണം കൂടുന്നതും അവർക്ക് സ്വാഗതം കുറയുന്നതുമായ ഇന്നത്തെ ലോകത്തിൽ, ഇത്ര സ്നേഹവാനായ ദൈവത്തിൽ നിന്ന് നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെക്കാൾ വലിയ മറെറാന്നുമില്ല. സത്യം പഠിക്കാൻ എനിക്ക് എത്രയധികം ആളുകളെ സഹായിക്കാൻ കഴിയുമോ അത്രയധികം ആളുകളെ സഹായിക്കാൻ കഴിയണമേ എന്നതാണ് എന്റെ പ്രാർത്ഥന. അങ്ങനെ അവർക്കും നമ്മോടൊപ്പം സന്തോഷിക്കാൻ കഴിയും.
യഹോവയ്ക്ക് സ്തുതിയും എന്റെ പ്രിയ സഹോദരൻമാരായ നിങ്ങൾക്ക് നന്ദിയും. എന്റെ മോശമായ കൈയക്ഷരത്തെ കുറിച്ച് എനിക്ക് ലജ്ജ തോന്നുന്നു, അതിന് എന്നോട് ക്ഷമിക്കുക. യഹോവ നിങ്ങളെ അനുഗ്രഹിക്കുകയും നല്ല ആരോഗ്യം നൽകുകയും ചെയ്യട്ടെ.
എന്ന് ഒരു എളിയ വൃദ്ധ,
[ഒപ്പ്] നൊഗാമി
ഇതുപോലുള്ള വാക്കുകളും വികാരങ്ങളും ക്രിസ്തീയ സ്നേഹത്തിന് പ്രായപരിധിയും അതിരും ഇല്ലെന്നുള്ള വസ്തുത തെളിയിക്കുന്നു. യഹോവയുടെ സാക്ഷികളുടെ ചെറുപ്പക്കാരും പ്രായംചെന്നവരും യേശുവിന്റെ പ്രസ്താവനക്കനുസൃതമായി ജീവിച്ചുകൊണ്ട് അവരുടെ ശിഷ്യത്വം പ്രകടിപ്പിക്കുന്നു: “നിങ്ങൾക്ക് നിങ്ങളുടെയിടയിൽ സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന് ഇതിനാൽ എല്ലാവരും അറിയും.”—യോഹന്നാൻ 13:35.