യേശുവിന്റെ ജീവിതവും ശുശ്രൂഷയും
ജീവനിലേക്കുള്ള വഴി
ജീവനിലേക്കുള്ള വഴി യേശുവിന്റെ പഠിപ്പിക്കലുകൾക്കനുസരണമായി പ്രവർത്തിക്കുന്ന വഴിയാണ്. എന്നാൽ ഇത് എളുപ്പത്തിൽ ചെയ്യാവുന്നതല്ല. ദൃഷ്ടാന്തത്തിന് പരീശൻമാർ മററുള്ളവരെ പരുഷമായി വിധിക്കുന്നതിന് ചായ്വുള്ളവരാണ്, സാധ്യതയനുസരിച്ച് പലരും അവരെ അനുകരിക്കയും ചെയ്യുന്നു. അതുകൊണ്ട് യേശു തന്റെ ഗിരിപ്രഭാഷണം തുടരുമളവിൽ, അവൻ ഈ താക്കീതു നൽകുന്നു: “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കുന്നത് നിർത്തുക; എന്തുകൊണ്ടെന്നാൽ നിങ്ങൾ ഏതു ന്യായവിധി നിർവഹിക്കുന്നുവോ അതിനാൽ നിങ്ങളും വിധിക്കപ്പെടും.”
അമിതവിമർശകരായ പരീശൻമാരുടെ നേതൃത്വത്തെ പിൻപററുന്നത് അപകടകരമാണ്. ലൂക്കോസിന്റെ വിവരണമനുസരിച്ച് യേശു ഈ അപകടത്തെ ഇപ്രകാരം ദൃഷ്ടാന്തീകരിക്കുന്നു: “അന്ധനായ ഒരു മനുഷ്യന് ഒരു അന്ധനായ മനുഷ്യനെ നയിക്കാൻ കഴിയുകയില്ല, കഴിയുമൊ? ഇരുവരും ഒരു കുഴിയിൽ വീഴും, ഇല്ലേ?”
മററുള്ളവരുടെ തെററുകൾ വലിപ്പപ്പെടുത്തിക്കാണിച്ചുകൊണ്ടും അവരെ അധിക്ഷേപിച്ചുകൊണ്ടും അമിത വിമർശകരായിരിക്കുന്നത് ഒരു ഗൗരവമുള്ള കുററമാണ്. അതുകൊണ്ട് യേശു ഇങ്ങനെ ചോദിക്കുന്നു: “നോക്കൂ! നിന്റെ സ്വന്തം കണ്ണിൽ ഒരു കഴുക്കോൽ ഇരിക്കുമ്പോൾ സഹോദരനോട് ‘നിന്റെ കണ്ണിൽ നിന്ന് തുരുമ്പ് എടുക്കാൻ എന്നെ അനുവദിക്കുക’ എന്ന് എങ്ങനെ പറയാൻ കഴിയും? കപടഭക്താ! ആദ്യം നിന്റെ സ്വന്തം കണ്ണിൽ നിന്ന് കഴുക്കോൽ എടുത്തുകളയുക, അപ്പോൾ നിന്റെ സഹോദരന്റെ കണ്ണിൽ നിന്ന് തുരുമ്പ് നീക്കം ചെയ്യുന്നതിന് വ്യക്തമായി കാണും.”
യേശുവിന്റെ ശിഷ്യൻമാർ മററാളുകളോടുള്ള ബന്ധത്തിൽ വിവേചനയൊന്നും ഉപയോഗിക്കരുത് എന്ന് ഇതിനർത്ഥമില്ല, എന്തുകൊണ്ടെന്നാൽ അവൻ ഇപ്രകാരം പറയുന്നു: “വിശുദ്ധമായത് പട്ടികൾക്ക് കൊടുക്കരുത്, നിങ്ങളുടെ മുത്തുകൾ പന്നികളുടെ മുമ്പിൽ എറിയുകയുമരുത്.” ദൈവത്തിന്റെ വചനത്തിൽ നിന്നുള്ള സത്യങ്ങൾ വിശുദ്ധമാണ്. അവ ആലങ്കാരിക മുത്തുകളേപ്പോലെയാണ്. എന്നാൽ, പട്ടികളെപ്പോലെയൊ പന്നികളെപ്പോലെയൊ ഉള്ള ചില വ്യക്തികൾ ഈ വിലയേറിയ സത്യങ്ങൾക്ക് യാതൊരു വിലമതിപ്പും കാണിക്കുന്നില്ലെങ്കിൽ യേശുവിന്റെ ശിഷ്യൻമാർ ആ ആളുകളെ വിട്ടുപോകയും കൂടുതൽ സ്വീകാര്യക്ഷമമായ കാതുകൾ തേടുകയും ചെയ്യണം.
യേശു തന്റെ പ്രസംഗത്തിൽ നേരത്തെ പ്രാർത്ഥനയെ സംബന്ധിച്ച് ചർച്ചചെയ്തെങ്കിലും അവൻ ഇപ്പോൾ അതിൽ ഉററിരിക്കുന്നതിന്റെ ആവശ്യം ഊന്നിപ്പറയുന്നു. “ചോദിച്ചുകൊണ്ടിരിക്കുക,” അവൻ പ്രേരിപ്പിക്കുന്നു, “അത് നിങ്ങൾക്ക് നൽകപ്പെടും.” ദൈവത്തിന് പ്രാർത്ഥന കേൾക്കുന്നതിനുള്ള സന്നദ്ധതയെ ചിത്രീകരിക്കാൻ യേശു ഇപ്രകാരം ചോദിക്കുന്നു: “നിങ്ങളുടെയിടയിൽ മകൻ അപ്പം ചോദിക്കുന്ന മനുഷ്യൻ ആരാണ്—അയാൾ അവന് കല്ലു കൊടുക്കുകയില്ല, കൊടുക്കുമോ? . . . അതുകൊണ്ട്, ദുഷ്ടരെങ്കിലും നിങ്ങളുടെ മക്കൾക്ക് നല്ല ദാനങ്ങൾ കൊടുക്കാൻ നിങ്ങൾക്ക് അറിയാമെങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് നല്ല വസ്തുക്കൾ എത്രയധികം കൊടുക്കും?”
പിന്നീട് യേശു പൊതുവെ സുവർണ്ണനിയമം എന്നറിയപ്പെടുന്ന ഒരു സുപ്രസിദ്ധ പെരുമാററച്ചട്ടം നൽകുന്നു. അവൻ പറഞ്ഞു: “അതുകൊണ്ട്, മനുഷ്യർ നിങ്ങൾക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും നിങ്ങൾ അവർക്കും അതുപോലെതന്നെ ചെയ്യുവിൻ.” ഈ ചട്ടം അനുസരിച്ച് ജീവിക്കുന്നതിൽ, മററുള്ളവർ നിങ്ങളോട് പെരുമാറാൻ ആഗ്രഹിക്കുന്നതുപോലെ അവരോട് പെരുമാറിക്കൊണ്ട് അവർക്ക് നൻമ ചെയ്യുകയെന്ന ക്രിയാത്മക നടപടി ഉൾപ്പെടുന്നു.
ജീവനിലേക്കുള്ള വഴി എളുപ്പമുള്ളതല്ല എന്ന് യേശുവിന്റെ പ്രബോധനത്തിലൂടെ വെളിപ്പെടുത്തുന്നു: “ഇടുങ്ങിയ പടിവാതിലിലൂടെ അകത്തു കടക്കുക; എന്തുകൊണ്ടെന്നാൽ നാശത്തിലേക്കു നയിക്കുന്ന പാത വീതിയുള്ളതും വിശാലവുമാകുന്നു, അതിലെ പോകുന്നവർ അനേകരും ആകുന്നു; നേരേമറിച്ച് ജീവനിലേക്ക് നയിക്കുന്ന പടിവാതിൽ ഇടുങ്ങിയതും പാത ഞെരുക്കമുള്ളതും ആണ്, അതു കണ്ടെത്തുന്നവർ ചുരുക്കവുമാണ്.”
വഴിതെററിക്കപ്പെടുന്നതിന്റെ അപകടം വലുതാണ്, അതുകൊണ്ട് യേശു ഇപ്രകാരം മുന്നറിയിക്കുന്നു: “ചെമ്മരിയാടിന്റെ ആവരണത്തിൽ നിങ്ങളുടെ അടുക്കൽ വരുന്ന കള്ളപ്രവാചകൻമാരെ സൂക്ഷിച്ചുകൊള്ളുക, എന്നാൽ അകമെ അവർ ആർത്തിപൂണ്ട ചെന്നായ്ക്കളാണ്.” നല്ല വൃക്ഷങ്ങളെയും ചീത്ത വൃക്ഷങ്ങളെയും അവയുടെ ഫലങ്ങളാൽ തിരിച്ചറിയാൻ കഴിയുന്നതുപോലെതന്നെ വ്യാജപ്രവാചകൻമാരെ അവരുടെ നടത്തയാലും ഉപദേശങ്ങളാലും തിരിച്ചറിയാൻ കഴിയും എന്ന് യേശു ചൂണ്ടിക്കാട്ടി.
തുടർന്നുകൊണ്ട്, ഒരു ആൾ കേവലം എന്ത് പറയുന്നു എന്നതല്ല എന്നാൽ അയാൾ എന്തു ചെയ്യുന്നു എന്നതാണ് തന്റെ ശിഷ്യനാക്കുന്നത് എന്ന് യേശു വിശദീകരിക്കുന്നു. ചിലയാളുകൾ യേശു തങ്ങളുടെ കർത്താവാകുന്നു എന്ന് അവകാശപ്പെടുന്നു, എന്നാൽ അവർ തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നില്ലെങ്കിൽ, “ഞാൻ അവരോട്: നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല! അധർമ്മം പ്രവർത്തിക്കുന്നവരേ എന്നെ വിട്ടുപോകുക എന്ന് ഏററുപറയും” എന്ന് അവൻ പറയുന്നു.
ഒടുവിൽ, യേശു തന്റെ പ്രസംഗം സ്മരണാർഹമായ ഈ വാക്കുകളോടെ ഉപസംഹരിപ്പിക്കുന്നു: “എന്റെ ഈ വാക്കുകൾ കേൾക്കുകയും അവ ചെയ്യുകയും ചെയ്യുന്ന ഓരോരുത്തനും തന്റെ വീട് പാറക്കൂട്ടത്തിൻമേൽ പണിത വിവേകിയായ ഒരു മനുഷ്യനോട് ഉപമിക്കപ്പെടും. മഴ പെയ്യുകയും വെള്ളം പൊങ്ങുകയും കാററു വീശുകയും ആ വീടിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു എങ്കിലും അത് വീണില്ല, എന്തുകൊണ്ടെന്നാൽ അത് പാറക്കൂട്ടത്തിൻമേൽ അടിസ്ഥാനമിട്ടതായിരുന്നു.”
നേരേമറിച്ച്, യേശു ഇപ്രകാരം പ്രസ്താവിക്കുന്നു: “എന്റെ ഈ വാക്കുകൾ കേൾക്കുകയും അവയെ ചെയ്യാതിരിക്കുകയും ചെയ്യുന്ന ഓരോരുത്തനും തന്റെ വീട് മണലിൻമേൽ പണിത മടയനായ ഒരു ആളോട് ഉപമിക്കപ്പെടും. മഴ പെയ്യുകയും വെള്ളം പൊങ്ങുകയും കാററ് വീശുകയും ആ വീടിനെതിരെ അടിക്കുകയും ചെയ്തു, അത് തകർന്നുവീണു, അതിന്റെ തകർച്ച വലിയതായിരുന്നു.”
യേശു തന്റെ പ്രസംഗം പൂർത്തിയാക്കിയപ്പോൾ, ജനക്കൂട്ടം അവന്റെ പഠിപ്പിക്കൽവിധത്തിൽ അതിശയിക്കുന്നു, എന്തുകൊണ്ടെന്നാൽ അവൻ അവരെ അധികാരമുള്ള ഒരുവനെന്ന നിലയിലാണ്, അല്ലാതെ അവരുടെ മതനേതാക്കൻമാരെപ്പോലെയല്ല പഠിപ്പിക്കുന്നത്. മത്തായി 7:1-29; ലൂക്കോസ് 6:27-49.
◆ മററുള്ളവരെ വിധിക്കുന്നതിനെ സംബന്ധിച്ച് യേശു എന്തു പറയുന്നു; എന്നിരുന്നാലും തന്റെ ശിഷ്യൻമാർ ആളുകളെക്കുറിച്ച് വിവേചന ഉപയോഗിക്കേണ്ട ആവശ്യമുണ്ടെന്ന് അവൻ എങ്ങനെ കാണിക്കുന്നു?
◆ യേശു പ്രാർത്ഥനയെ സംബന്ധിച്ച് കൂടുതലായി എന്തു പറയുന്നു, ഏതു പെരുമാററച്ചട്ടം നൽകുകയും ചെയ്യുന്നു?
◆ ജീവനിലേക്കുള്ള വഴി എളുപ്പമുള്ളതല്ലായിരിക്കുമെന്നും വഴിതെററിക്കപ്പെടുന്നതിന്റെ ഒരു അപകടമുണ്ടെന്നും യേശു എങ്ങനെ കാണിക്കുന്നു?
◆ യേശു തന്റെ പ്രസംഗം എങ്ങനെ ഉപസംഹരിപ്പിക്കുന്നു, അതിന് എന്തു ഫലമുണ്ട്? (w86 11/15)