യേശവിന്റെ ജീവിതവും ശുശ്രൂഷയും
യേശുവിന്റെ സ്നാപനം
യോഹന്നാൻ പ്രസംഗം തുടങ്ങി ഏതാണ്ട് ആറു മാസം കഴിഞ്ഞ്, ഇപ്പോൾ 30 വയസ്സുള്ള യേശു യോർദ്ദാനിൽ അവന്റെയടുത്തേക്ക് വരുന്നു. എന്തിനുവേണ്ടിയാണ്? ചങ്ങാത്തത്തിനുവേണ്ടിയുള്ള ഒരു സന്ദർശനം നടത്താനാണോ? യോഹന്നാന്റെ വേല എത്രമാത്രം പുരോഗമിക്കുന്നുണ്ടെന്ന് കാണുന്നതിലെ യേശുവിന്റെ താല്പര്യം നിമിത്തമാണോ? അല്ല. യേശു തന്നെ സ്നാനപ്പെടുത്താൻ യോഹന്നാനോട് ആവശ്യപ്പെടുന്നു.
യോഹന്നാൻ ഉടനെ എതിർക്കുന്നു. “ഞാൻ നിന്നാൽ സ്നാനം ഏൽക്കേണ്ടവനാണ്, പിന്നെ നീ എന്റെയടുക്കൽ വരുന്നുവോ?” എന്ന് അവൻ ചോദിക്കുന്നു. തന്റെ മച്ചുനനായ യേശു ദൈവത്തിന്റെ പ്രത്യേക സന്തതിയാണെന്ന് യോഹന്നാനറിയാം. എന്തിനധികം, മറിയ യേശുവിനെ ഗർഭം ധരിച്ചിരിക്കുമ്പോൾ അവരെ സന്ദർശിച്ച സന്ദർഭത്തിൽ യോഹന്നാൻ തന്റെ അമ്മയുടെ വയററിൽ കിടന്ന് സന്തോഷത്തോടെ തുള്ളിച്ചാടിയതാണ്! യോഹന്നാന്റെ മാതാവായ എലീശബെത്ത് പിന്നീട് ഇതു സംബന്ധിച്ച് അവനോട് തീർച്ചയായും പറഞ്ഞിട്ടുണ്ട്. കൂടാതെ, യേശുവിന്റെ ജനനത്തെ സംബന്ധിച്ച് ദൂതന്റെ അറിയിപ്പിനെക്കുറിച്ചും അവൻ ജനിച്ചരാത്രി ദൂതൻമാർ ഇടയൻമാർക്ക് പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചും അവൾ അവനോട് പറഞ്ഞിട്ടുണ്ടായിരിക്കണം.
അതുകൊണ്ട് യേശു യോഹന്നാന് ഒരു അപരിചിതനേയല്ല. തന്റെ സ്നാനം യേശുവിനുവേണ്ടിയുള്ളതല്ലെന്ന് യോഹന്നാന് അറിയുകയും ചെയ്യാം. അത് തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കുന്നവർക്കുവേണ്ടിയുള്ളതാണ്. എന്നാൽ യേശു പാപമില്ലാത്തവനാണ്. യോഹന്നാന്റെ എതിർപ്പ് ഉണ്ടായിരുന്നിട്ടും യേശു നിർബന്ധം പിടിക്കുന്നു: “ഇപ്രാവശ്യം ഇതു നടക്കട്ടെ, ആ വിധത്തിൽ നീതിയായതെല്ലാം നിർവ്വഹിക്കുന്നത് നമുക്ക് ഉചിതം.”
യേശു സ്നാനപ്പെടുന്നത് ഉചിതമായിരിക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യേശുവിന്റെ സ്നാനം പാപങ്ങളെക്കുറിച്ചുള്ള അനുതാപത്തിന്റെയല്ല, പിന്നെയോ തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിന് സ്വയം വിട്ടുകൊടുക്കുന്നതിന്റെ ഒരടയാളമാണ്. യേശു ഒരാശാരിയായിരുന്നു. എന്നാൽ ദൈവം തന്നെ ഭൂമിയിലേക്കയച്ചപ്പോൾ താൻ നിർവ്വഹിക്കേണ്ടിയിരുന്ന ശുശ്രൂഷ തുടങ്ങുന്നതിനുള്ള സമയമായിരുന്നു ഇത്. യോഹന്നാൻ യേശുവിനെ സ്നാനപ്പെടുത്തിയപ്പോൾ അവൻ അസാധാരണമായ എന്തെങ്കിലും സംഭവിക്കുമെന്ന് പ്രതീക്ഷിച്ചതായി നിങ്ങൾക്ക് തോന്നുന്നുണ്ടോ?
കൊള്ളാം, യോഹന്നാൻ പിന്നീട് ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു പറഞ്ഞു: ‘ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുന്നുവോ അവനാണ് പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കുന്നവൻ.’” അതുകൊണ്ട് താൻ സ്നാനപ്പെടുത്തുന്ന ആരുടെയെങ്കിലും മേൽ ദൈവാത്മാവ് വരാൻ യോഹന്നാൻ പ്രതീക്ഷിച്ചിരുന്നു. അതിനാൽ യേശു വൈള്ളത്തിൽനിന്ന് കയറിയ സമയം ‘ദൈവാത്മാവ് ഒരു പ്രാവിനെപ്പോലെ അവന്റെ മേൽവന്ന’പ്പോൾ അവൻ വാസ്തവത്തിൽ അതിശയിക്കാൻ ഇടയില്ല.
എന്നാൽ യേശുവിന്റെ സ്നാനസമയത്ത് അതിൽകൂടുതൽ സംഭവിച്ചു. യേശുവിന് സ്വർഗ്ഗങ്ങൾ തുറക്കപ്പെടുകയും ഒരു ശബ്ദം ഇപ്രകാരം കേൾക്കപ്പെടുകയും ചെയ്തു: “ഇത് ഞാൻ അംഗീകരിച്ചിരിക്കുന്ന എന്റെ പ്രിയപുത്രനാകുന്നു.” അത് ആരുടെ ശബ്ദമായിരുന്നു? യേശുവിന്റെതന്നെ ശബ്ദമായിരുന്നോ? ഒരിക്കലുമല്ല! അത് ദൈവത്തിന്റേതായിരുന്നു. വ്യക്തമായും ചിലർ അവകാശപ്പെടുന്നതുപോലെ യേശു ദൈവംതന്നെയല്ല മറിച്ച് ദൈവപുത്രനാണ്. മത്തായി 3:13-17; ലൂക്കോസ് 3:21-23; 1:34-36, 44; 2:10-14; യോഹന്നാൻ 1:32-34; എബ്രായർ 10:5-9.
◆ യേശു യോഹന്നാന് ഒരു അപരിചിതനല്ലാതിരുന്നതെന്തുകൊണ്ട്?
◆ യേശു യാതൊരു പാപവും ചെയ്യാഞ്ഞിട്ടും അവൻ സ്നാനമേററതെന്തുകൊണ്ട്?
◆ യേശുവിനെക്കുറിച്ച് യോഹന്നാൻ അറിഞ്ഞതിന്റെ വീക്ഷണത്തിൽ, ദൈവാത്മാവ് യേശുവിന്റെ മേൽ വന്നപ്പോൾ അവൻ വിസ്മയിച്ചുപോകാഞ്ഞതെന്തുകൊണ്ട്? (w85 9/15)