‘വന്ന് എന്നെ അനുഗമിക്കുക’
ജീവിതപാതയിൽ വഴിനയിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നു നിങ്ങൾ ആശിച്ചിട്ടുണ്ടോ? സന്തോഷകരമെന്നു പറയട്ടെ, അത്തരത്തിലുള്ള ഒരു മാർഗദർശിയെ ദൈവം മനുഷ്യരാശിക്ക് നൽകിയിട്ടുണ്ട്, അത് യേശുക്രിസ്തുവാണ്. യേശു ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ഞാനാണു നല്ല ഇടയൻ. എനിക്ക് എന്റെ ആടുകളെ അറിയാം, എന്റെ ആടുകൾക്ക് എന്നെയും.” (യോഹന്നാൻ 10:14) ആകട്ടെ, ഈ നല്ല ഇടയനെ നിങ്ങൾക്ക് അടുത്തറിയാമോ? യേശുവിന്റെ വ്യക്തിത്വം, യേശു അറിയിച്ച സന്ദേശം, യേശുവിന്റെ ശുശ്രൂഷ, തീക്ഷ്ണത, സ്നേഹം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് എത്രത്തോളം അറിയാം? യേശുവിനെ നന്നായി അറിയാനും അങ്ങനെ യേശുവിന്റെ കാൽച്ചുവടുകൾ അടുത്ത് പിന്തുടരാനും ഈ പുസ്തകം തീർച്ചയായും നിങ്ങളെ സഹായിക്കും.