പാഠം 16
ദൈവത്തെ സേവിക്കാനുളള നിങ്ങളുടെ തീരുമാനം
ദൈവത്തിന്റെ ഒരു സ്‌നേഹിതനായിത്തീരുവാൻ നിങ്ങൾ എന്തു ചെയ്യണം? (1, 2)
നിങ്ങൾ ദൈവത്തിനു സമർപ്പണം ചെയ്യുന്നത് എങ്ങനെ? (1)
നിങ്ങൾ എപ്പോൾ സ്‌നാപനമേൽക്കണം? (2)
ദൈവത്തോടു വിശ്വസ്‌തനായി നിലകൊളളാനുളള ശക്തി നിങ്ങൾക്ക് എങ്ങനെ നേടാനാവും? (3)
1. ദൈവത്തിന്റെ ഒരു സ്‌നേഹിതനായിത്തീരുവാൻ നിങ്ങൾ ബൈബിൾസത്യത്തിന്റെ നല്ല പരിജ്ഞാനം സമ്പാദിക്കണം (1 തിമൊഥെയൊസ് 2:3, 4), നിങ്ങൾ പഠിച്ചിരിക്കുന്ന കാര്യങ്ങളിൽ വിശ്വാസമർപ്പിക്കണം (എബ്രായർ 11:6), നിങ്ങളുടെ പാപങ്ങൾ സംബന്ധിച്ച് അനുതപിക്കണം (പ്രവൃത്തികൾ 17:30, 31), നിങ്ങളുടെ ജീവിതഗതിയിൽ തിരിഞ്ഞുവരുകയും ചെയ്യണം. (പ്രവൃത്തികൾ 3:19) പിന്നീടു നിങ്ങളുടെ ദൈവസ്‌നേഹം നിങ്ങളെത്തന്നെ അവനു സമർപ്പിക്കാൻ നിങ്ങളെ പ്രേരിപ്പിക്കണം. നിങ്ങൾ അവന്റെ ഇഷ്ടം ചെയ്യാൻ നിങ്ങളെത്തന്നെ അവനു വിട്ടുകൊടുക്കുകയാണ് എന്നു വ്യക്തിപരവും സ്വകാര്യവുമായ പ്രാർഥനയിൽ അവനോടു പറയുന്നുവെന്നാണ് അതിന്റെ അർഥം.—മത്തായി 16:24; 22:37.
2. നിങ്ങൾ ദൈവത്തിനു സമർപ്പണം നടത്തിയശേഷം സ്‌നാപനമേൽക്കണം. (മത്തായി 28:19, 20) സ്‌നാപനം നിങ്ങൾ നിങ്ങളെത്തന്നെ യഹോവക്കു സമർപ്പിച്ചിരിക്കുന്നു എന്ന് സകലരെയും അറിയിക്കുന്നു. അതുകൊണ്ടു സ്‌നാപനം ദൈവത്തെ സേവിക്കാൻ തീരുമാനം ചെയ്യാൻതക്ക പ്രായമുളളവർക്കുവേണ്ടി മാത്രമാണ്. ഒരു വ്യക്തി സ്‌നാപനമേൽക്കുമ്പോൾ, അയാളുടെ മുഴുശരീരവും നിമിഷനേരത്തേക്കു വെളളത്തിനടിയിൽ ആഴ്‌ത്തണം.a—മർക്കൊസ് 1:9, 10; പ്രവൃത്തികൾ 8:36.
3. നിങ്ങൾ സമർപ്പണം ചെയ്‌തശേഷം നിങ്ങളുടെ വാഗ്‌ദാനപ്രകാരം നിങ്ങൾ ജീവിക്കാൻ യഹോവ പ്രതീക്ഷിക്കും. (സങ്കീർത്തനം 50:14; സഭാപ്രസംഗി 5:4, 5) യഹോവയെ സേവിക്കുന്നതിൽനിന്നു നിങ്ങളെ തടയാൻ പിശാചു ശ്രമിക്കും. (1 പത്രൊസ് 5:8) എന്നാൽ പ്രാർഥനയിൽ ദൈവത്തോട് അടുക്കുക. (ഫിലിപ്പിയർ 4:6, 7) ഓരോ ദിവസവും അവന്റെ വചനം പഠിക്കുക. (സങ്കീർത്തനം 1:1-3) സഭയോട് അടുത്തു പററിനിൽക്കുക. (എബ്രായർ 13:17) ഇതെല്ലാം ചെയ്യുന്നതിനാൽ നിങ്ങൾ ദൈവത്തോടു വിശ്വസ്‌തനായി നിലകൊളളാനുളള ശക്തി നേടും. അങ്ങനെ ദൈവം നിങ്ങളിൽനിന്ന് ആവശ്യപ്പെടുന്ന കാര്യങ്ങൾ സകല നിത്യതയിലും നിങ്ങൾക്കു ചെയ്യാനാവും!
[അടിക്കുറിപ്പുകൾ]
a സ്‌നാപനത്തിനുളള ഒരുക്കമെന്നോണം, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്‌റ്റ് സൊസൈററി പ്രസിദ്ധീകരിച്ചിരിക്കുന്ന നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകത്തിന്റെയോ സമാനമായ ഒരു പുസ്‌തകത്തിന്റെയോ പഠനം നടത്താൻ ശുപാർശചെയ്യപ്പെടുകയാണ്.