പാഠം 13
നിങ്ങൾക്കു സത്യമതം എങ്ങനെ കണ്ടെത്താം?
എല്ലാ മതങ്ങളും ദൈവത്തിനു പ്രസാദകരമാണോ, അതോ ഒന്നു മാത്രമോ? (1)
ക്രിസ്‌തീയമെന്ന് അവകാശപ്പെടുന്ന വളരെയധികം മതങ്ങൾ ഉളളത് എന്തുകൊണ്ട്? (2)
നിങ്ങൾക്ക് എങ്ങനെ സത്യക്രിസ്‌ത്യാനികളെ തിരിച്ചറിയാൻ കഴിയും? (3-7)
1. യേശു ഒരു സത്യ ക്രിസ്‌തീയമതത്തിനു തുടക്കമിട്ടു. അതുകൊണ്ട് ഇന്നു യഹോവയാം ദൈവത്തിന്റെ സത്യാരാധകരുടെ ഒരു സംഘം അല്ലെങ്കിൽ കൂട്ടം മാത്രമേ ഉണ്ടായിരിക്കാവൂ. (യോഹന്നാൻ 4:23, 24; എഫെസ്യർ 4:4, 5) ജീവനിലേക്കുളള ഇടുങ്ങിയ വഴിയിൽ ചുരുക്കം ചിലരേ ഉളളൂവെന്നു ബൈബിൾ പഠിപ്പിക്കുന്നു.—മത്തായി 7:13, 14.
2. അപ്പോസ്‌തലൻമാരുടെ മരണത്തിനുശേഷം തെററായ ഉപദേശങ്ങളും അക്രൈസ്‌തവാചാരങ്ങളും സാവധാനം ക്രിസ്‌തീയസഭയിലേക്കു കടക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. ക്രിസ്‌തുവിനുപകരം തങ്ങളെ അനുഗമിപ്പാൻ ആളുകൾ വിശ്വാസികളെ വലിച്ചുകളയും. (മത്തായി 7:15, 21-23; പ്രവൃത്തികൾ 20:29, 30) അതുകൊണ്ടാണു ക്രിസ്‌തീയമെന്ന് അവകാശപ്പെടുന്ന അനേകം വ്യത്യസ്‌ത മതങ്ങൾ നാം കാണുന്നത്. നമുക്ക് എങ്ങനെ സത്യക്രിസ്‌ത്യാനികളെ തിരിച്ചറിയാൻ കഴിയും?
3. സത്യക്രിസ്‌ത്യാനികളുടെ അത്യന്തം പ്രമുഖമായ ലക്ഷണം അവർക്ക് അവരുടെ ഇടയിൽത്തന്നെ യഥാർഥ സ്‌നേഹം ഉണ്ട് എന്നതാണ്. (യോഹന്നാൻ 13:34, 35) തങ്ങൾ മററു വർഗങ്ങളിലോ നിറങ്ങളിലോ ഉളള ആളുകളെക്കാൾ മെച്ചമാണെന്ന് അവരെ പഠിപ്പിക്കുന്നില്ല. മററു രാജ്യങ്ങളിൽനിന്നുളള ആളുകളെ വെറുക്കാനും അവരെ പഠിപ്പിക്കുന്നില്ല. (പ്രവൃത്തികൾ 10:34, 35) അതുകൊണ്ട് അവർ യുദ്ധങ്ങളിൽ പങ്കെടുക്കുന്നില്ല. സത്യക്രിസ്‌ത്യാനികൾ അന്യോന്യം സഹോദരീസഹോദരൻമാരെപ്പോലെ പെരുമാറുന്നു.—1 യോഹന്നാൻ 4:20, 21.
4. സത്യമതത്തിന്റെ മറെറാരു ലക്ഷണം അതിലെ അംഗങ്ങൾക്കു ബൈബിളിനോട് ആഴമായ ആദരവ് ഉണ്ട് എന്നതാണ്. അവർ അതിനെ ദൈവവചനമായി സ്വീകരിക്കുകയും അതു പറയുന്നതു വിശ്വസിക്കുകയും ചെയ്യുന്നു. (യോഹന്നാൻ 17:17; 2 തിമൊഥെയൊസ് 3:16, 17) അവർ ദൈവവചനത്തെ മാനുഷിക ആശയങ്ങളെക്കാളോ ആചാരങ്ങളെക്കാളോ കൂടുതൽ പ്രധാനമായി കരുതുന്നു. (മത്തായി 15:1-3, 7-9) അവർ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ബൈബിളനുസരിച്ചു ജീവിക്കാൻ ശ്രമിക്കുന്നു. അതുകൊണ്ട് അവർ ഒന്നു പ്രസംഗിക്കുകയും മറെറാന്നു പ്രവർത്തിക്കുകയും ചെയ്യുന്നില്ല.—തീത്തൊസ് 1:15, 16.
5. സത്യമതം ദൈവനാമത്തെ ബഹുമാനിക്കുകയും വേണം. (മത്തായി 6:9) യേശു യഹോവ എന്ന ദൈവനാമം മററുളളവരെ അറിയിച്ചു. സത്യക്രിസ്‌ത്യാനികൾ അതുതന്നെ ചെയ്യേണ്ടതാണ്. (യോഹന്നാൻ 17:6, 26; റോമർ 10:13, 14) നിങ്ങളുടെ ജനസമുദായത്തിൽ ദൈവനാമത്തെക്കുറിച്ചു മററുളളവരോടു പറയുന്ന ആളുകൾ ആരാണ്?
6. സത്യക്രിസ്‌ത്യാനികൾ ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിക്കണം. യേശു അങ്ങനെ ചെയ്‌തു. അവൻ എല്ലായ്‌പോഴും ദൈവരാജ്യത്തെക്കുറിച്ചു സംസാരിച്ചു. (ലൂക്കൊസ് 8:1) ഇതേ സന്ദേശം സർവഭൂമിയിലും പ്രസംഗിക്കാൻ അവൻ തന്റെ ശിഷ്യൻമാരോടു കൽപ്പിച്ചു. (മത്തായി 24:14; 28:19, 20) ദൈവരാജ്യം മാത്രമേ ഈ ഭൂമിയിൽ യഥാർഥ സമാധാനവും സുരക്ഷിതത്വവും കൈവരുത്തുകയുളളൂവെന്നു സത്യക്രിസ്‌ത്യാനികൾ വിശ്വസിക്കുന്നു.—സങ്കീർത്തനം 146:3-5.
7. യേശുവിന്റെ ശിഷ്യൻമാർ ഈ ദുഷ്ടലോകത്തിന്റെ ഭാഗമായിരിക്കരുത്. (യോഹന്നാൻ 17:16) അവർ ലോകത്തിലെ രാഷ്‌ട്രീയ കാര്യങ്ങളിലും സാമൂഹിക വിവാദങ്ങളിലും ഉൾപ്പെടുന്നില്ല. അവർ ലോകത്തിൽ സാധാരണമായ, ദ്രോഹംചെയ്യുന്ന നടത്തയെയും ആചാരങ്ങളെയും മനോഭാവങ്ങളെയും ഒഴിവാക്കുന്നു. (യാക്കോബ് 1:27; 4:4) സത്യക്രിസ്‌ത്യാനിത്വത്തിന്റെ ഈ ലക്ഷണങ്ങളുളള ഒരു മതസമൂഹത്തെ നിങ്ങളുടെ ജനസമുദായത്തിൽ നിങ്ങൾക്കു തിരിച്ചറിയാൻ കഴിയുമോ?
[26, 27 പേജുകളിലെ ചിത്രങ്ങൾ]
സത്യക്രിസ്‌ത്യാനികൾ പരസ്‌പരം സ്‌നേഹിക്കുകയും ബൈബിളിനെ ആദരിക്കുകയും ദൈവരാജ്യത്തെ ക്കുറിച്ചു പ്രസംഗിക്കുകയും ചെയ്യുന്നു