പാഠം 9
ദൈവദാസൻമാർ ശുദ്ധിയുളളവരായിരിക്കണം
നാം എല്ലാ വിധത്തിലും ശുദ്ധിയുളളവരായിരിക്കേണ്ടത് എന്തുകൊണ്ട്? (1)
ആത്മീയമായി ശുദ്ധിയുളളവരായിരിക്കുക എന്നാൽ അർഥമെന്ത്? (2)
ധാർമികമായി ശുദ്ധിയുളളവരായിരിക്കുക എന്നാലോ? (3) മാനസികമായി ശുദ്ധിയുളളവരായിരിക്കുക എന്നാലോ? (4) ശാരീരികമായി ശുദ്ധിയുളളവരായിരിക്കുക എന്നാലോ? (5)
നാം ഏതുതരം അസഭ്യ സംസാരം ഒഴിവാക്കണം? (6)
1. യഹോവയാം ദൈവം നിർമലനും വിശുദ്ധനുമാകുന്നു. തന്റെ ആരാധകർ ആത്മീയമായും ധാർമികമായും മാനസികമായും ശാരീരികമായും ശുദ്ധിയുളളവരായിരിക്കാൻ അവൻ പ്രതീക്ഷിക്കുന്നു. (1 പത്രൊസ് 1:16) ദൈവദൃഷ്ടിയിൽ ശുദ്ധിയുളളവരായി കഴിയുന്നതിനു യഥാർഥ ശ്രമം ആവശ്യമാണ്. നാം അശുദ്ധമായ ഒരു ലോകത്തിലാണു ജീവിക്കുന്നത്. തെററു ചെയ്യാനുളള നമ്മുടെ സ്വന്തം പ്രവണതകൾക്കെതിരായ ഒരു പോരാട്ടവും നമുക്കുണ്ട്. എന്നാൽ നാം പിൻമാറരുത്.
2. ആത്മീയ ശുദ്ധി: നാം യഹോവയെ സേവിക്കാനാഗ്രഹിക്കുന്നുവെങ്കിൽ, നമുക്കു വ്യാജമതത്തിന്റെ പഠിപ്പിക്കലുകളിൽ അല്ലെങ്കിൽ ആചാരങ്ങളിൽ ഒന്നിനോടുപോലും പററിനിൽക്കാനാവില്ല. നാം വ്യാജമതത്തിൽനിന്നു പുറത്തുപോരുകയും അതിനെ യാതൊരു വിധത്തിലും പിന്താങ്ങാതിരിക്കുകയും വേണം. (2 കൊരിന്ത്യർ 6:14-18; വെളിപ്പാടു 18:4) നാം ദൈവത്തെ സംബന്ധിച്ച സത്യം പഠിച്ചുകഴിഞ്ഞാൽ, വ്യാജം പഠിപ്പിക്കുന്ന ആളുകളാൽ വഴിതെററിക്കപ്പെടാതിരിക്കാൻ ശ്രദ്ധാലുക്കളായിരിക്കണം.—2 യോഹന്നാൻ 10, 11.
3. ധാർമിക ശുദ്ധി: തന്റെ ആരാധകർ എല്ലാ സമയങ്ങളിലും സത്യക്രിസ്‌ത്യാനികളായി വർത്തിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (1 പത്രൊസ് 2:12) രഹസ്യത്തിൽ പോലും നാം ചെയ്യുന്ന സകലവും അവൻ കാണുന്നു. (എബ്രായർ 4:13) നാം ലൈംഗിക ദുർമാർഗവും ഈ ലോകത്തിലെ മററ് അശുദ്ധ നടപടികളും ഒഴിവാക്കണം.—1 കൊരിന്ത്യർ 6:9-11.
4. മാനസിക ശുദ്ധി: നാം ശുദ്ധവും നിർമലവുമായ ചിന്തകൾകൊണ്ടു നമ്മുടെ മനസ്സു നിറയ്‌ക്കുന്നുവെങ്കിൽ, നമ്മുടെ പെരുമാററവും ശുദ്ധമായിരിക്കും. (ഫിലിപ്പിയർ 4:8) എന്നാൽ നാം അശുദ്ധ കാര്യങ്ങളിൽ വ്യാപരിക്കുന്നുവെങ്കിൽ അതു ദുഷ്ടപ്രവൃത്തികളിൽ കലാശിക്കും. (മത്തായി 15:18-20) നമ്മുടെ മനസ്സിനെ കളങ്കപ്പെടുത്താൻ കഴിയുന്ന വിനോദരൂപങ്ങൾ നാം ഒഴിവാക്കണം. ദൈവവചനം പഠിച്ചുകൊണ്ടു നമുക്കു നമ്മുടെ മനസ്സുകളെ ശുദ്ധമായ ചിന്തകളാൽ നിറയ്‌ക്കാൻ കഴിയും.
5. ശാരീരിക ശുദ്ധി: ക്രിസ്‌ത്യാനികൾ ദൈവത്തെ പ്രതിനിധാനം ചെയ്യുന്നതിനാൽ അവർ തങ്ങളുടെ ശരീരവും വസ്‌ത്രവും ശുദ്ധമായി സൂക്ഷിക്കണം. നാം കക്കൂസ് ഉപയോഗിച്ച ശേഷം നമ്മുടെ കൈകൾ കഴുകണം, ഭക്ഷണം കഴിക്കുന്നതിനുമുമ്പും അല്ലെങ്കിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നതിനുമുമ്പും നാം കൈകൾ കഴുകണം. നിങ്ങൾക്കു കാര്യക്ഷമമായ ഒരു മാലിന്യനിർമാർജനപദ്ധതി ഇല്ലെങ്കിൽ കക്കൂസ്‌വിസർജ്യങ്ങൾ കുഴിച്ചുമൂടണം. (ആവർത്തനപുസ്‌തകം 23:12, 13) ശാരീരികമായി ശുദ്ധി പാലിക്കുന്നതു നല്ല ആരോഗ്യത്തിനു സംഭാവന ചെയ്യുന്നു. ഒരു ക്രിസ്‌ത്യാനിയുടെ ഭവനം അകത്തും പുറത്തും വൃത്തിയും ശുദ്ധിയുമുളളതായിരിക്കണം. അതു സമുദായത്തിൽ ഒരു നല്ല മാതൃകയെന്നവണ്ണം മുന്തിനിൽക്കണം.
6. സഭ്യമായ സംസാരം: ദൈവത്തിന്റെ ദാസൻമാർ എല്ലായ്‌പോഴും സത്യം സംസാരിക്കണം. നുണപറയുന്നവർ ദൈവരാജ്യത്തിൽ പ്രവേശിക്കയില്ല. (എഫെസ്യർ 4:25; വെളിപ്പാടു 21:8) ക്രിസ്‌ത്യാനികൾ അസഭ്യമായ ഭാഷ ഉപയോഗിക്കുന്നില്ല. അവർ വൃത്തികെട്ട തമാശകളോ അസഭ്യകഥകളോ ശ്രദ്ധിക്കുന്നില്ല അല്ലെങ്കിൽ പറയുന്നില്ല. അവർ തങ്ങളുടെ സഭ്യമായ സംസാരം നിമിത്തം ജോലിസ്ഥലത്തും സ്‌കൂളിലും അയലത്തും വ്യത്യസ്‌തരായി മുന്തിനിൽക്കുന്നു.—എഫെസ്യർ 4:29, 31; 5:3.
[18, 19 പേജുകളിലെ ചിത്രങ്ങൾ]
ദൈവത്തിന്റെ ദാസൻമാർ എല്ലാ കാര്യങ്ങളിലും ശുദ്ധിയുളളവരായിരിക്കണം