ഭാഗം 4
ഇസ്രായേലിന്റെ ഒന്നാമത്തെ രാജാവു മുതൽ ബാബിലോണിലെ തടവുവരെ
ശൗൽ ഇസ്രായേലിന്റെ ഒന്നാമത്തെ രാജാവായി. എന്നാൽ പിന്നീട് യഹോവ അവനെ തള്ളിക്കളയുകയും അവനു പകരം ദാവീദിനെ രാജാവായി തിരഞ്ഞെടുക്കുകയും ചെയ്തു. നമ്മൾ ദാവീദിനെക്കുറിച്ചു ധാരാളം കാര്യങ്ങൾ പഠിക്കും: ചെറുപ്പത്തിൽത്തന്നെ അവൻ, ഒരു രാക്ഷസനോളം വലുപ്പം ഉണ്ടായിരുന്ന മല്ലനായ ഗൊല്യാത്തിനോടു പൊരുതി. പിന്നീട് അസൂയ നിറഞ്ഞ ശൗൽരാജാവിന്റെ കൈയിൽ അകപ്പെടാതിരിക്കാൻ അവന് ഓടിപ്പോകേണ്ടി വന്നു. പിന്നെ ഒരിക്കൽ, ഒരു വലിയ മണ്ടത്തരം കാണിക്കുന്നതിൽനിന്ന് അബീഗയിൽ എന്ന സുന്ദരിയായ സ്ത്രീ അവനെ രക്ഷിച്ചു.
അടുത്തതായി, ദാവീദിനു ശേഷം രാജാവായ, അവന്റെ പുത്രനായ ശലോമോനെക്കുറിച്ചു നാം പല കാര്യങ്ങൾ പഠിക്കും. ഇസ്രായേലിന്റെ ആദ്യത്തെ മൂന്നു രാജാക്കന്മാർ ഓരോരുത്തരും 40 വർഷം വീതം ഭരിച്ചു. ശലോമോന്റെ മരണശേഷം ഇസ്രായേൽ രണ്ടായി പിരിഞ്ഞു. ഒരു ഭാഗം വടക്കേ രാജ്യം എന്നും മറ്റേ ഭാഗം തെക്കേ രാജ്യം എന്നും അറിയപ്പെടാൻ തുടങ്ങി.
257 വർഷം കഴിഞ്ഞപ്പോൾ വടക്കേ 10 ഗോത്ര രാജ്യം അശ്ശൂരിനാൽ അഥവാ അസ്സീറിയയാൽ നശിപ്പിക്കപ്പെട്ടു. പിന്നെയുമൊരു 133 വർഷം കഴിഞ്ഞ് തെക്കേ രണ്ടു ഗോത്ര രാജ്യവും നശിപ്പിക്കപ്പെട്ടു. ഈ സമയത്ത് ബാബിലോണ്യർ ഇസ്രായേല്യരെ തടവുകാരായി ബാബിലോണിലേക്കു കൊണ്ടുപോയി. ഇത്തരത്തിലുള്ള ആവേശംകൊള്ളിക്കുന്ന അനേകം സംഭവങ്ങൾ നടന്ന 510 വർഷത്തെ ചരിത്രമാണ് നാലാം ഭാഗത്ത് ഉള്ളത്.