അധ്യായം 9
ഉയർന്ന ഒരുവൻ ഉണ്ട്
“ഞാൻ ആഗ്രഹിക്കുന്ന എന്തും ചെയ്യാൻ കഴിയത്തക്കവണ്ണം ഞാൻ പ്രായപൂർത്തിയായ ഒരാളായിരുന്നെങ്കിൽ” എന്ന് ആരെങ്കിലും പറയുന്നതു നീ എന്നെങ്കിലും കേട്ടിട്ടുണ്ടോ?—നീ അത് എന്നെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ?—
കുട്ടികൾക്കു ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങൾ മുതിർന്നവർക്കു ചെയ്യാൻ കഴിയുമെന്നുളളതു സത്യം തന്നെ. എന്നാൽ നമ്മിൽ ആർക്കുംതന്നെ നമുക്കുവേണ്ടി സ്വന്തമായ ജീവിതചട്ടങ്ങളെല്ലാം ഉണ്ടാക്കാൻ കഴികയില്ല. നമ്മെക്കാൾ ഉയർന്ന ഒരുവനുണ്ട്. അതാരാണെന്നു നിനക്കറിയാമോ?—
ദൈവം തീർച്ചയായും നമ്മെക്കാൾ ഉയർന്നവനാണെന്നു മിക്ക ആളുകളും സമ്മതിക്കുന്നു. എന്നാൽ അതു പറഞ്ഞാൽ മാത്രം പോരാ. നാം ചെയ്യുന്ന കാര്യങ്ങളാൽ നാം അതു വിശ്വസിക്കുന്നുവെന്നു തെളിയിക്കേണ്ടിയിരിക്കുന്നു.
ഇത് ആദാമിനും ഹവ്വായിക്കും സംഭവിച്ചതിനാൽ പ്രകടമാക്കപ്പെട്ടിരിക്കുന്നു. അവരായിരുന്നു ആദ്യമനുഷ്യനും സ്ത്രീയും. ആദാമിനെയും ഹവ്വായെയും സംബന്ധിച്ചുളള കഥ ഒരു സങ്കല്പം മാത്രമാണെന്നു ചിലയാളുകൾ പറയുന്നു. എന്നാൽ മഹദ്ഗുരു അതു പറഞ്ഞില്ല. അതു സത്യമാണെന്ന് അവനറിയാമായിരുന്നു. ശ്രദ്ധിക്കൂ, എന്താണു സംഭവിച്ചതെന്നു ഞാൻ നിന്നോടു പറയാം.
ദൈവം ആദാമിനെയും ഹവ്വായെയും ഉണ്ടാക്കിയപ്പോൾ അവൻ ഏദെൻ എന്നു വിളിക്കപ്പെട്ട ഒരു സ്ഥലത്ത് ഒരു മനോഹരമായ തോട്ടത്തിൽ അവരെ ആക്കിവെച്ചു. അത് ഒരു പാർക്ക്, ഒരു പറുദീസ, ആയിരുന്നു. അവർക്ക് അവിടെ എന്നേക്കും ജീവിക്കാൻ കഴിയുമായിരുന്നു. എന്നാൽ അവർ പഠിക്കേണ്ടിയിരുന്ന ഒരു പാഠമുണ്ടായിരുന്നു. അതു നാമും പഠിക്കേണ്ട ഒരു പാഠമാകുന്നു. അതു പ്രയാസമുളള ഒന്നല്ല. നാം അതു പഠിക്കാൻ യഥാർഥത്തിൽ ആഗ്രഹിക്കുന്നുവെങ്കിൽ അത് എളുപ്പമാണ്.
ഏദെനിലെ വൃക്ഷങ്ങളിൽനിന്നു തങ്ങൾ ആഗ്രഹിക്കുന്ന സകല കായ്കനികളും തിന്നാൻ കഴിയുമെന്നു യഹോവ ആദാമിനോടും ഹവ്വായോടും പറഞ്ഞു. എന്നാൽ അവർ ഫലം തിന്നരുതാഞ്ഞ ഒരു വൃക്ഷം മാത്രമുണ്ടായിരുന്നു. യഹോവ ആദാമിനോട് ഇങ്ങനെ പറഞ്ഞു: “നൻമതിൻമകളുടെ അറിവിന്റെ വൃക്ഷത്തെ സംബന്ധിച്ചിടത്തോളം, നീ അതിൽ നിന്നു തിന്നരുത്. എന്തുകൊണ്ടെന്നാൽ നീ അതിൽനിന്നു തിന്നുന്ന ദിവസത്തിൽ നീ തീർച്ചയായും മരിക്കും.”—ഉല്പത്തി 2:17.
അവർ ആ ഒരു വൃക്ഷത്തിൽനിന്നു തിന്നാൽ എന്തു സംഭവിക്കും?—അവർ മരിക്കും. അവരുടെ ജീവൻ യഹോവയാം ദൈവത്തോടുളള അനുസരണത്തെ ആശ്രയിച്ചിരുന്നു. അവർ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നു പറഞ്ഞാൽ മാത്രം മതിയാവുകയില്ലായിരുന്നു. അവർ ചെയ്യുന്ന കാര്യങ്ങളാൽ അവർ അതു തെളിയിക്കേണ്ടിയിരുന്നു. അതായിരുന്നു പാഠം. അതു യഥാർഥത്തിൽ പ്രയാസമുളള ഒന്നായിരുന്നില്ല, ആയിരുന്നോ?—എന്നാൽ അതു വളരെ പ്രധാനപ്പെട്ടതായിരുന്നു.
ആദാമും ഹവ്വായും ദൈവത്തെ അനുസരിച്ചാൽ, അവർ അവനെ സ്നേഹിക്കുന്നുവെന്നും അവൻ അവരുടെ ഭരണാധിപനായിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവർ പ്രകടമാക്കുന്നതായിരിക്കും. എന്നാൽ അവർ ആ വൃക്ഷത്തിൽനിന്നു തിന്നാൽ അത് എന്തു പ്രകടമാക്കും?—ദൈവം അവർക്കു കൊടുത്ത സകലത്തിനും യഥാർഥത്തിൽ അവർ നന്ദിയുളളവരല്ലെന്ന് അതു പ്രകടമാക്കും. “എന്തുചെയ്യണമെന്ന് ആർക്കും ഞങ്ങളോടു പറയാൻ സാദ്ധ്യമല്ല. ഞങ്ങൾ ഞങ്ങളുടെ ഇഷ്ടംപോലെ ചെയ്യാൻ പോകുകയാണ്” എന്ന് അവർ പറയുകയായിരിക്കും.
നീ അവിടെയായിരുന്നുവെങ്കിൽ നീ എന്തു ചെയ്യുമായിരുന്നു? നീ യഹോവയെ അനുസരിക്കുമായിരുന്നോ? അതോ, നീ ആ വൃക്ഷത്തിൽനിന്നു തിന്നുമായിരുന്നോ?—
ആദ്യം ആദാമും ഹവ്വായും ദൈവത്തെ അനുസരിച്ചു. എന്നാൽ പിന്നീടൊരുദിവസം ഒരു സർപ്പം അഥവാ പാമ്പ് ഹവ്വായോടു സംസാരിച്ചു. തീർച്ചയായും ഒരു സർപ്പത്തിനു സ്വയം സംസാരിക്കാൻ കഴികയില്ല. സർപ്പം സംസാരിക്കുന്നതുപോലെ തോന്നിച്ചത് ഒരു ദൂതനായിരുന്നു. ആ ദൂതൻ ദുഷ്കാര്യങ്ങൾ ചിന്തിച്ചുതുടങ്ങിയിരുന്നു. അവൻ ആദാമും ഹവ്വായും തന്നെ ആരാധിക്കണമെന്ന് ആഗ്രഹിച്ചു. താൻ പറഞ്ഞ കാര്യങ്ങൾ അവർ ചെയ്യണമെന്ന് അവനാഗ്രഹിച്ചു. അവൻ ദൈവത്തിന്റെ സ്ഥാനമെടുക്കാനാഗ്രഹിച്ചു.
അതുകൊണ്ട് ആ ദുഷ്ട ദൂതൻ ഹവ്വായുടെ മനസ്സിൽ തെററായ ആശയങ്ങൾ കടത്തിവിട്ടു. അവൻ അവളോട്: ‘ദൈവം നിങ്ങളോടു സത്യം പറഞ്ഞില്ല. നിങ്ങൾ ആ വൃക്ഷത്തിൽനിന്നു തിന്നാൽ നിങ്ങൾ മരിക്കുകയില്ല. നിങ്ങൾ ദൈവത്തെപ്പോലെ ജ്ഞാനികളായിത്തീരും’ എന്നു പറഞ്ഞു. ആ ശബ്ദം പറഞ്ഞതു നീ വിശ്വസിക്കുമായിരുന്നോ?—
സർപ്പം പറഞ്ഞതു വിശ്വസിക്കുന്നതിനു ഹവ്വായ്ക്ക് ഒരവകാശവുമില്ലായിരുന്നു. അവൾക്കുണ്ടായിരുന്നതെല്ലാം ദൈവത്തിൽനിന്നായിരുന്നു. ഇപ്പോൾ അവൾ, ദൈവം അവൾക്കു കൊടുക്കാഞ്ഞ എന്തോ ആഗ്രഹിച്ചുതുടങ്ങി. അവൾ ആ വൃക്ഷത്തിൽനിന്നു തിന്നു. അവൾ കുറെ ആദാമിനും കൊടുത്തു.
സർപ്പം പറഞ്ഞത് ആദാം വിശ്വസിച്ചില്ല. എന്നാൽ ഹവ്വായോടുകൂടെയായിരിക്കാനുളള അവന്റെ ആഗ്രഹം ദൈവത്തോടുളള അവന്റെ സ്നേഹത്തെക്കാൾ ശക്തമായിരുന്നു. അതുകൊണ്ട് അവനും ആ വൃക്ഷത്തിൽനിന്നു തിന്നു.—ഉല്പത്തി 3:1-6.
ഫലമെന്തായിരുന്നു?—ദൈവം ഭോഷ്കു പറഞ്ഞിരുന്നില്ല. ജീവൻ അവനോടുളള അനുസരണത്തെ ആശ്രയിച്ചുതന്നെയിരിക്കുന്നു. അതുകൊണ്ട് ആദാമും ഹവ്വായും മരിച്ചു. അവർ സകല മനുഷ്യവർഗത്തിനും മരണം വരുത്തി.
ഹവ്വായോടു ഭോഷ്കു പറഞ്ഞ ദൂതൻ പിശാചായ സാത്താൻ എന്നു വിളിക്കപ്പെടുന്നുവെന്നു ബൈബിൾ നമ്മോടു പറയുന്നു. അവൻ ദൈവത്തിന്റെ ശത്രുവാകുന്നു. അവൻ നമ്മുടേയും ശത്രുവാകുന്നു.—വെളിപ്പാടു 12:9.
എല്ലാവരും യഹോവയോട് അനുസരണക്കേടു കാണിക്കാനിടയാക്കാൻ അവൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് അവൻ നമ്മുടെ മനസ്സുകളിലേക്കു ദുഷിച്ച ആശയങ്ങൾ കടത്താൻ ശ്രമിക്കുന്നു. ഒരുത്തരും യഥാർഥത്തിൽ യഹോവയെ സ്നേഹിക്കുന്നില്ലെന്ന് അവൻ പറയുന്നു. നീയും ഞാനും ദൈവത്തെ സ്നേഹിക്കുന്നില്ലെന്നും ദൈവം പറയുന്നതു ചെയ്യാൻ നാം യഥാർഥത്തിൽ ആഗ്രഹിക്കുന്നില്ലെന്നും അവൻ പറയുന്നു. എന്നാൽ അവൻ പറയുന്നതു ശരിയാണോ? നാം അതുപോലെയാണോ?—
യഹോവയെ സേവിക്കുന്നത് ആരെങ്കിലും നമുക്ക് അല്പം പ്രയാസകരമാക്കിത്തീർത്താൽ നാം അതു നിർത്തുമെന്നു പിശാചു പറയുന്നു. നാം ഇഷ്ടപ്പെടുന്നതുപോലെ എല്ലാം നടക്കുമ്പോൾ മാത്രമേ നാം യഹോവയെ അനുസരിക്കുന്നുളളുവെന്ന് അവൻ പറയുന്നു. എല്ലാവരും അങ്ങനെയാണെന്ന് അവൻ പറയുന്നു. അവൻ പറയുന്നതു ശരിയാണോ?—
പിശാച് ഒരു ഭോഷ്കാളിയാണെന്നു മഹദ്ഗുരു പറഞ്ഞു! യഥാർഥമായി യഹോവയെ സ്നേഹിക്കുന്ന ആളുകളുണ്ടെന്ന് അവൻ തെളിയിച്ചു. ‘എന്തുചെയ്യണമെന്നു ഒരുത്തർക്കും എന്നോടു പറയാൻ സാദ്ധ്യമല്ല’ എന്ന് അവൻ പറഞ്ഞില്ല. പകരം, “പിതാവ് എന്നെക്കാൾ വലിയവനാകുന്നു” എന്ന് അവൻ പറഞ്ഞു. അവൻ യഹോവയെ അനുസരിച്ചു. അതു നിഷ്പ്രയാസമായിരുന്നപ്പോൾ മാത്രമല്ല അവൻ അതു ചെയ്തത്. മററുളളവർ അത് അവനു പ്രയാസകരമാക്കിത്തീർത്തപ്പോൾപോലും അവൻ എല്ലാ സമയത്തും അനുസരിച്ചു. അവൻ മരിക്കുന്നതുവരെയും അവൻ യഹോവയോടു വിശ്വസ്തനെന്നു തെളിയിച്ചു. അതുകൊണ്ടാണ് എന്നേക്കും ജീവിക്കാനായി ദൈവം അവനെ ജീവനിലേക്കു തിരികെ വരുത്തിയത്.—യോഹന്നാൻ 14:28.
അതാണു മഹദ്ഗുരു ചെയ്തത്. എന്നാൽ നാം എന്തുചെയ്യും?—നാം യഹോവയെ അനുസരിക്കാതിരിക്കുന്നുവെങ്കിൽ, അപ്പോൾ നാം ചെയ്യണമെന്നു പിശാച് ആഗ്രഹിക്കുന്നതു നാം ചെയ്യുകയാണ്. എന്നാൽ നാം യഥാർഥമായി നമ്മുടെ ദൈവത്തെ സ്നേഹിക്കുന്നുവെങ്കിൽ നാം അവന്റെ കല്പനകളെ അനുസരിക്കും. നാം അത് ഓരോ ദിവസവും ചെയ്യും. യഥാർഥത്തിൽ നാം ആഗ്രഹിക്കുന്നതുകൊണ്ടായിരിക്കും അതു ചെയ്യുന്നത്.
(നാം ആരെ സേവിക്കും—യഹോവയെയോ പിശാചിനെയോ? ഈ കാര്യം സംബന്ധിച്ചു ബൈബിൾ ഇയ്യോബ് 1:8-12; 2:1-5; 27:5; സദൃശവാക്യങ്ങൾ 27:11 എന്നിവിടങ്ങളിൽ പറയുന്നതു വായിക്കുക.)