നിങ്ങളുടെ ലക്ഷ്യങ്ങൾ എങ്ങനെയുള്ളതാണ്?
● ജീവിതത്തിൽ എന്തെല്ലാം ലക്ഷ്യങ്ങളാണ് നിങ്ങൾക്കുള്ളത്? അവ ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളാണോ അതോ കൈവരിക്കാനാകുന്ന ന്യായമായ പ്രതീക്ഷകളാണോ? മനുഷ്യന്റെ സ്വഭാവരീതികളും മനോവിചാരങ്ങളും പഠിക്കാൻ ശ്രമിച്ച ജ്ഞാനിയായ ഒരാൾ ഈ ഉപദേശം നൽകി: “കൺമുൻപിലുള്ളതുകൊണ്ട് തൃപ്തിപ്പെടുന്നതാണ് സങ്കൽപങ്ങളിൽ അലയുന്നതിനെക്കാൾ നല്ലത്. ഇതും മിഥ്യയും പാഴ്വേലയുമാണ്.”—സഭാപ്രസംഗി 6:9, പി.ഒ.സി. ബൈബിൾ.
‘കൺമുൻപിലുള്ളത്’ എന്ന പ്രയോഗം നമ്മുടെ ഇപ്പോഴത്തെ ജീവിതസാഹചര്യത്തെയും നമ്മുടെ മുമ്പിലുള്ള യാഥാർഥ്യങ്ങളെയും കുറിക്കുന്നു. ജീവിതസാഹചര്യം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത് തെറ്റാണെന്നാണോ ആ തിരുവെഴുത്തു പറയുന്നത്? ഒരിക്കലുമല്ല! പകരം, ജ്ഞാനമുള്ള ഒരു വ്യക്തി ഒരിക്കലും എത്തിപ്പിടിക്കാനാവാത്ത ലക്ഷ്യങ്ങൾക്കു പിന്നാലെ പോകുകയില്ല എന്നാണ് അതിന്റെ സാരം. ശരി, എന്തൊക്കെയായിരിക്കാം ആ ലക്ഷ്യങ്ങൾ? പണം, പ്രശസ്തി, സമ്പൂർണ ആരോഗ്യം എന്നിവ നേടാനുള്ള പ്രയത്നമാകാം. അല്ലെങ്കിൽ എല്ലാം തികഞ്ഞ ഒരു ഇണയെ കണ്ടെത്താനുള്ള ശ്രമമാകാം.
ചില ലക്ഷ്യങ്ങൾക്കു പുറകെ പോകുന്നത് നമ്മെ ഒന്നിനൊന്ന് അസംതൃപ്തരാക്കുകയേയുള്ളൂ. ഉദാഹരണത്തിന് പണത്തിന്റെ പുറകെ പായുന്നവരെക്കുറിച്ച് ബൈബിൾ ഇപ്രകാരം പറയുന്നു: “ദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും ഐശ്വര്യ പ്രിയന്നു ആദായം കിട്ടീട്ടും തൃപ്തിവരുന്നില്ല. അതും മായ അത്രേ.” (സഭാപ്രസംഗി 5:10) ആത്മീയ ജ്ഞാനമുള്ളവർ, തങ്ങളുടെ ‘കൺമുൻപിലുള്ളതുകൊണ്ട് തൃപ്തിപ്പെടുന്നു.’ എന്നുവെച്ചാൽ ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കുന്നു. അതെ, “ഈ ലോകത്തിലേക്ക് നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും സാധ്യമല്ല” എന്ന വസ്തുത അവർ തിരിച്ചറിയുന്നു.—1 തിമൊഥെയൊസ് 6:7.
ആത്മീയ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതാണ് മനുഷ്യന് സന്തോഷം കൈവരുത്തുന്നത്. കാരണം, ആ വിധത്തിലാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. (മത്തായി 5:3) ആത്മീയ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ എന്താണു മാർഗം? “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, യഹോവയുടെ വായിൽനിന്നു വരുന്ന സകല വചനംകൊണ്ടും ജീവിക്കേണ്ടതാകുന്നു” എന്ന് യേശുക്രിസ്തു പറഞ്ഞു. (മത്തായി 4:4) ജീവദായകമായ ആ വചനങ്ങൾ ബൈബിളിലുണ്ട്. അത് ആർക്കും സൗജന്യമായി വാങ്ങുകയും ചെയ്യാം.
ആ അമൂല്യ വചസ്സുകളിലൊന്ന് സങ്കീർത്തനം 37:4-ൽ കാണാം: “യഹോവയിൽ തന്നേ രസിച്ചുകൊൾക; അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.” ഒരു മനുഷ്യനും നൽകാൻ സാധിക്കാത്ത മഹത്തായ അനുഗ്രഹങ്ങളാണ് സർവശക്തനായ യഹോവ തന്റെ വിശ്വസ്ത ദാസന്മാർക്കുവേണ്ടി കരുതിവെച്ചിരിക്കുന്നത്: സമ്പൂർണ ആരോഗ്യം, സമ്പദ്സമൃദ്ധി, പറുദീസാഭൂമിയിലെ നിത്യജീവൻ. (ലൂക്കോസ് 23:43; വെളിപാട് 21:3, 4) ഈ അനുഗ്രഹങ്ങൾ പ്രാപിക്കുകയെന്ന ലക്ഷ്യത്തിൽ മുന്നേറുന്നെങ്കിൽ നമുക്ക് ഒരിക്കലും നിരാശപ്പെടേണ്ടിവരില്ല! (g11-E 02)