ദൈവം തങ്ങളെ സ്നേഹിക്കുന്നു എന്ന് അവർ മനസ്സിലാക്കി
ആർക്കെങ്കിലും—ദൈവത്തിനു പോലും—തങ്ങളെ അകമഴിഞ്ഞു സ്നേഹിക്കാൻ കഴിയുമെന്നു വിശ്വസിക്കാൻ ചിലർക്കു ബുദ്ധിമുട്ടു തോന്നുന്നു. അതുകൊണ്ട് യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകം വായിച്ച ശേഷം, അത് നൽകിയ ഉറപ്പിന് വിലമതിപ്പു പ്രകടിപ്പിച്ചുകൊണ്ട് അനേകർ കത്തുകൾ അയച്ചു. “കുറ്റങ്ങളും കുറവുകളുമെല്ലാം ഉണ്ടായിരുന്നിട്ടും അവൻ എന്നെ ഇത്രയധികം സ്നേഹിക്കുന്നുണ്ടെന്ന അറിവ് അതിശയകരമാണ്,” ഇല്ലിനോയ്സിലെ ഡികേറ്ററിൽനിന്ന് (യു.എസ്.എ.) ഒരു സ്ത്രീ എഴുതി.
അവർ ഇങ്ങനെ തുടർന്നു: “‘ന്യായപ്രിയനായ അല്ലെങ്കിൽ നീതിമാനായ ഒരു പിതാവെന്ന നിലയിൽ യഹോവ, ശരിയായ കാര്യങ്ങൾക്കുവേണ്ടി ദൃഢമായി നിലകൊള്ളുമ്പോൾത്തന്നെ തന്റെ സഹായവും ക്ഷമയും ആവശ്യമുള്ള തന്റെ ഭൗമിക മക്കളോട് കരുണാർദ്രതയോടെ ഇടപെടുന്നു’ എന്ന [117-ാം പേജിലെ] വാചകം വായിച്ചപ്പോൾ സന്തോഷംകൊണ്ടു ഞാൻ കരഞ്ഞുപോയി.”
കാലിഫോർണിയയിലെ റിപാൻ നഗരത്തിൽനിന്ന് ഒരാൾ ഇങ്ങനെ എഴുതി: “യഹോവ യഥാർഥത്തിൽ എന്നെ സ്നേഹിക്കുന്നുണ്ട് എന്നു കാണിച്ചുതന്നതിന് വളരെ നന്ദി. ശരിയാണ്, അവൻ എന്നിൽ അങ്ങേയറ്റം തത്പരനാണ്. ഒരു കടലാസു കഷണത്തിൽ കുറിച്ചിട്ട വെറുമൊരു അക്കമായല്ല അവൻ എന്നെ കണക്കാക്കുന്നത്.” ന്യൂ ഹാംപ്ഷയറിൽ നിന്നുള്ള ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞു: “പലപ്പോഴും ഈ പുസ്തകം താഴെ വെക്കാനേ എനിക്കു തോന്നാറില്ല.” അവർ തുടർന്ന് ഇങ്ങനെ വിശദീകരിച്ചു: “യഹോവയ്ക്ക് എന്നെ സ്നേഹിക്കാനാകുമെന്നു വിശ്വസിക്കാൻ എനിക്കു വളരെ ബുദ്ധിമുട്ടു തോന്നിയിരുന്നു.” അതേ, അവർക്ക് ആവശ്യമായ സഹായംതന്നെയായിരുന്നു ആ പുസ്തകം.
ഈ പുസ്തകത്തിൽനിന്ന് നിങ്ങൾക്കും പ്രയോജനം ലഭിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആദ്യത്തെ മൂന്ന് അധ്യായങ്ങൾക്കു ശേഷം ‘ശക്തിയുടെ ആധിക്യമുള്ളവൻ,’ ‘നീതിപ്രിയൻ,’ “ഹൃദയത്തിൽ ജ്ഞാനി,” “ദൈവം സ്നേഹം ആകുന്നു” എന്നിങ്ങനെ നാലു ഭാഗങ്ങളായി പുസ്തകം തിരിച്ചിട്ടുണ്ട്. ഓരോ ഭാഗവും ദൈവത്തിന്റെ ഒരു പ്രമുഖ ഗുണത്തെ കുറിച്ചു ചർച്ച ചെയ്യുന്നു. “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും” എന്ന അധ്യായത്തോടെ ഈ പ്രചോദനാത്മകമായ പുസ്തകം അവസാനിക്കുന്നു.
കട്ടിബയന്റിടാത്ത, 320 പേജുള്ള ഈ പുസ്തകത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്ക്കുക. (g03 12/08)
□ കടപ്പാടുകളൊന്നും കൂടാതെ, യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു.