അച്ഛനെ കുറിച്ച് അഭിമാനം
‘എന്റെ അച്ഛനെ കുറിച്ച് ഇരട്ടി അഭിമാനം തോന്നാൻ അത് ഇടയാക്കിയിരിക്കുന്നു!’ എന്ന് ഒരു പന്ത്രണ്ടു വയസ്സുകാരി യഹോവയുടെ സാക്ഷികളുടെ ഇന്ത്യാ ബ്രാഞ്ചിന് അയച്ച ഒരു കത്തിൽ പറഞ്ഞു. 1999 ആഗസ്റ്റ് 22 ലക്കം ഉണരുക!യിലെ “ലോകത്തെ വീക്ഷിക്കൽ” പംക്തിയിൽ പ്രസിദ്ധീകരിച്ച “താത്പര്യമെടുക്കുന്ന പിതാക്കന്മാർക്ക് സന്തുഷ്ടരായ പുത്രന്മാർ” എന്ന തലക്കെട്ടിൻകീഴിൽ വന്ന വിവരങ്ങളെ കുറിച്ചു പറയുകയായിരുന്നു അവൾ. പിതാക്കന്മാർ തങ്ങളുടെ പുത്രന്മാരിൽ വ്യക്തിപരമായ താത്പര്യം കാണിക്കുമ്പോൾ അവർ തികഞ്ഞ ആത്മവിശ്വാസവും ശുഭപ്രതീക്ഷയുമുള്ള പുരുഷന്മാരായി വളർന്നുവരുന്നു എന്നു കാണിച്ച ഒരു പഠനത്തെ കുറിച്ച് അതിൽ റിപ്പോർട്ടു ചെയ്തിരുന്നു.
തങ്ങളിൽ വളരെയധികം താത്പര്യം എടുക്കുന്ന ഒരു അച്ഛനെ ലഭിച്ചതിൽ താനും തന്റെ ഇരട്ട സഹോദരിയും വളരെ അനുഗൃഹീതരാണെന്ന് ആ പെൺകുട്ടി പറഞ്ഞു. ഉണരുക! ലോകസംഭവങ്ങളെ കുറിച്ചു റിപ്പോർട്ടു ചെയ്യുന്ന രീതി തനിക്കു വളരെ ഇഷ്ടമാണെന്നും അത് “ഇന്നത്തെ വിദ്യാർഥികൾക്ക് വളരെ ഉപയോഗപ്രദമായ ഒരു മാസികയാണ്” എന്നും അവൾ കൂട്ടിച്ചേർത്തു.
മനുഷ്യവർഗം ഇന്നു നേരിടുന്ന അസാധാരണ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിന് ഉത്കണ്ഠാകുലരായ കുടുംബങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾ കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന 192 പേജുള്ള ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് കുടുംബത്തിലെ ഓരോ അംഗത്തിനും—ഭാര്യയ്ക്കും ഭർത്താവിനും മാതാപിതാക്കൾക്കും കുട്ടികൾക്കും മുത്തശ്ശീമുത്തശ്ശന്മാർക്കുമെല്ലാം—സഹായകമായ മാർഗനിർദേശം പ്രദാനം ചെയ്യുന്നു. “ശൈശവം മുതലേ നിങ്ങളുടെ കുട്ടിയെ പരിശീലിപ്പിക്കുക,” “നിങ്ങളുടെ കൗമാരപ്രായക്കാരെ അഭിവൃദ്ധി പ്രാപിക്കാൻ സഹായിക്കുക,” “നശീകരണ സ്വാധീനങ്ങളിൽനിന്നു നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക,” “നിങ്ങളുടെ കുടുംബസമാധാനം നിലനിർത്തൽ” എന്നിവ അതിലെ പ്രബോധനാത്മകമായ അധ്യായങ്ങളിൽ ചിലതാണ്.
ഈ പുസ്തകത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അതിൽ കാണുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുക. കുടുംബത്തിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും സ്രഷ്ടാവ് ഉദ്ദേശിച്ചിരുന്നതു പോലുള്ള ആനന്ദപ്രദമായ ഒരു കുടുംബ ജീവിതം നയിക്കാനും സഹായിക്കുന്ന കൃത്യമായ മാർഗനിർദേശങ്ങൾ നിങ്ങൾക്ക് അതിൽനിന്നു ലഭിക്കും. (g01 12/22)
□ കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചുതരിക.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്.