ധാർമിക പ്രതിസന്ധിക്കു കാരണം
കഴിഞ്ഞ ഒക്ടോബറിൽ, ഇക്വഡോറിലെ ലോഹായിലുള്ള ഒരു എഴുത്തുകാരൻ യഹോവയുടെ സാക്ഷികൾ ചെയ്യുന്ന ശുശ്രൂഷയെ കുറിച്ച് വിലമതിപ്പു പ്രകടിപ്പിച്ചു. മറ്റു പലതിന്റെയും കൂട്ടത്തിൽ അദ്ദേഹം നിരീക്ഷിച്ച ഒരു സംഗതി ഇതാണ്:
“മനുഷ്യവർഗം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് ധാർമിക പ്രതിസന്ധിയാണ്. . . . ആളുകൾ പത്തു കൽപ്പന അനുസരിക്കാൻ മറന്നു പോകുകയും തങ്ങളുടെ മനസ്സാക്ഷിയെ അവഗണിക്കുകയും ചെയ്തിരിക്കുന്നു എന്നു തോന്നുന്നു. അങ്ങനെ പരസ്പരം മനസ്സിലാക്കാൻ അവർക്കു കഴിയാതായിരിക്കുന്നു. ലോകത്തിൽ എവിടെയും ഓരോ ദിവസവും, വിദ്വേഷം, അക്രമം, കുറ്റകൃത്യം, മയക്കുമരുന്നു വ്യവസായം, ഭീകരപ്രവർത്തനം, മനുഷ്യ മാന്യതയോടുള്ള അനാദരവ് തുടങ്ങിയ വാർത്തകളേ കേൾക്കാനുള്ളൂ. . . .
“യഹോവയുടെ സാക്ഷികൾ ഏറെ ജനശ്രദ്ധയൊന്നും ആകർഷിക്കാതെ ശാന്തവും സമാധാനപൂർണവുമായ വിധത്തിൽ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നു. അവർ വീടുതോറും പോയി ആളുകളെ കണ്ട് അവർക്ക് വീക്ഷാഗോപുരം, ഉണരുക! മാസികകൾ നൽകുന്നു. വളരെ താത്പര്യജനകങ്ങളായ വിഷയങ്ങളാണ് ആ മാസികകളിൽ ചർച്ചചെയ്തിരിക്കുന്നത്. വിശേഷിച്ചും ഉണരുക! മാസികയിൽ, ശാസ്ത്രീയവും സാംസ്കാരികവുമായ രസകരങ്ങളായ വ്യത്യസ്തതരം ലേഖനങ്ങളാണ് ഉള്ളത്. വളരെ വ്യക്തതയോടും കൃത്യതയോടും കൂടിയാണ് ഓരോ ലേഖനവും എഴുതിയിരിക്കുന്നത്.”
ഇന്നത്തെ ധാർമിക പ്രതിസന്ധി വളരെ പ്രകടമാണ്. എന്നാൽ ഈ മാസികയുടെ 4-ാം പേജിൽ, “ഉണരുക! പ്രസിദ്ധീകരിക്കുന്നതിന്റെ കാരണം” എന്നതിനു കീഴിൽ പ്രസ്താവിച്ചിരിക്കുന്നതുപോലെ ഉണരുക! “ഉപരിതലത്തിനടിയിലേക്കു ചൂഴ്ന്നിറങ്ങി പരിശോധിക്കുകയും ഇപ്പോഴത്തെ സംഭവങ്ങളുടെ പിന്നിലെ യഥാർഥ അർഥത്തിലേക്കു വിരൽ ചൂണ്ടുകയും ചെയ്യുന്നു.” ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രികയിൽ മനുഷ്യർ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ചു പറയുന്നുണ്ട്. എന്നാൽ അത് അതിൽ കൂടുതൽ ചെയ്യുന്നു. വിപത്കരമായ ഫലങ്ങൾ ഉളവാക്കിയിരിക്കുന്ന ധാർമിക പ്രതിസന്ധിയുടെ കാരണം എന്താണെന്ന് അതു വ്യക്തമാക്കുന്നു. അതിലും പ്രധാനമായി, ഈ പ്രശ്നങ്ങളിൽനിന്നുള്ള മോചനം പെട്ടെന്നുതന്നെ എങ്ങനെ സാധ്യമാകും എന്നും അതു വെളിപ്പെടുത്തുന്നു.
32 പേജുള്ള, ഈ ലഘുപത്രികയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് അതിൽ നൽകിയിരിക്കുന്ന വിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ വിലാസത്തിലോ അയയ്ക്കുക.
□ ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രികയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അയച്ചുതരിക.
□ ഒരു സൗജന്യ ഭവന ബൈബിളധ്യയനത്തിനു താത്പര്യമുണ്ട്.