ഞങ്ങളുടെ വായനക്കാരിൽനിന്ന്
യേശുവിന്റെ താടി “യേശു—കാഴ്ചയ്ക്ക് യഥാർഥത്തിൽ എങ്ങനെയിരുന്നു? ഇപ്പോൾ എന്തു ചെയ്യുന്നു?” (ഡിസംബർ 8, 1998) എന്ന നിങ്ങളുടെ ലേഖന പരമ്പരയിലെ ചിത്രങ്ങൾ, ലേവ്യപുസ്തകം 19:27 (NW)-ലെ “ചെന്നി ഭാഗത്തെ മുടി വെട്ടരുത്, ദീക്ഷയുടെ അഗ്രം വികൃതമാക്കുകയുമരുത്” എന്ന നിയമം അവൻ ലംഘിച്ചതായി സൂചിപ്പിക്കുന്നു. നിങ്ങൾ എന്തുകൊണ്ടാണ് യേശുവിന്റെ ചെന്നിയിലെ മുടി നീട്ടി വളർത്തിയിരിക്കുന്നതായി ചിത്രീകരിക്കാത്തത്?
സി. എസ്., ഇംഗ്ലണ്ട്
വ്യക്തമായും, ചില പുറജാതീയ അനുഷ്ഠാനങ്ങളെ അനുകരിച്ചു കൊണ്ടു താടിയും മുടിയും വെട്ടുന്നതിൽ നിന്നു യഹൂദന്മാരെ തടയുന്നതിനു വേണ്ടിയാണ് ഈ നിയമം നൽകപ്പെട്ടത്. എന്നിരുന്നാലും, യഹൂദന്മാർ മുടിയും താടിയും വെട്ടുകയേ ചെയ്യരുത് എന്ന് ദൈവത്തിന്റെ ആ കൽപ്പന അർഥമാക്കിയില്ല. 2 ശമൂവേൽ 19:24-ലെ വിവരണം യഹൂദ പുരുഷന്മാർ സാധാരണഗതിയിൽ തങ്ങളുടെ താടിയും മീശയും “ഒതുക്കുകയോ” വെട്ടി നിറുത്തുകയോ ചെയ്തിരുന്നതായി സൂചിപ്പിക്കുന്നു. ഏത് അളവുവരെ അവർ അതു ചെയ്തിരുന്നു എന്നത് സാധ്യതയനുസരിച്ച് നിലവിലുണ്ടായിരുന്ന കീഴ്വഴക്കങ്ങളെ ആശ്രയിച്ചിരുന്നു. നൂറ്റാണ്ടുകളിൽ ഉടനീളം യഹൂദന്മാർ വ്യത്യസ്ത തരത്തിലുള്ള താടികൾ വെച്ചിരുന്നതായി പുരാവസ്തു തെളിവുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ട് തെളിവുകൾക്കു ചേർച്ചയിലാണ് ഞങ്ങളുടെ ചിത്രങ്ങളിൽ യേശുവിനു നീളം കുറഞ്ഞ താടിയുള്ളതായും ചെന്നി ഭാഗത്തെ മുടി വെട്ടി നിറുത്തിയിരിക്കുന്നതായും കാണിച്ചിരിക്കുന്നത്.—പത്രാധിപർ
ഛിന്നഗ്രഹ കൂട്ടിയിടി 1999 ജനുവരി 22 ലക്കം ഉണരുക!യിലെ “ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളും ഭൂമിയും—കൂട്ടിയിടിയുടെ വക്കിലോ?” എന്ന ലേഖനത്തിനു വളരെ നന്ദി. ഭൂമി നേരിടുന്ന ഭീഷണികളെ കുറിച്ചു വിശ്വസനീയമായ ഒരു വിശദീകരണം അതു പ്രദാനം ചെയ്തു. ഇതുവരെ ദുരന്തങ്ങളൊന്നും സംഭവിക്കാത്തതിന് യഹോവയ്ക്കു നന്ദി. ലേഖനത്തിന്റെ വസ്തുനിഷ്ഠതയെയും സത്യസന്ധതയെയും ഞാൻ ഏറെ വിലമതിച്ചു.
ഒ. ആർ., ഫിൻലൻഡ്
ആഹാരശീല വൈകല്യങ്ങൾ 1999 ജനുവരി 22 ലക്കം ഉണരുക!യിലെ “ആഹാരശീല വൈകല്യങ്ങൾ—അവയ്ക്കു പിന്നിലെ കാരണങ്ങൾ?” എന്ന ലേഖന പരമ്പരയിലൂടെ നിങ്ങൾ അക്ഷരാർഥത്തിൽ എന്റെ ജീവൻ രക്ഷിച്ചു. 20 വർഷം മുമ്പ് എനിക്കു ഗുരുതരമായ ഒരു ആഹാരശീല വൈകല്യം ഉണ്ടായിരുന്നു. പിന്നീട്, കഴിഞ്ഞ പത്തു വർഷത്തോളം സാധാരണ തൂക്കം നിലനിർത്താൻ എനിക്കു സാധിച്ചു. എന്നാൽ ഈയിടെ ഞാൻ വിഷാദത്തിന് അടിപ്പെടുകയും വെറും 16 ദിവസത്തിനുള്ളിൽ അഞ്ചു കിലോഗ്രാം തൂക്കം കുറയുകയും ചെയ്തു. വായിൽ വെക്കുന്ന ആഹാരം ഇറക്കാൻ കഴിയാത്ത അവസ്ഥയിലായി ഞാൻ. എന്റെ പോക്ക് എങ്ങോട്ടാണെന്നു ഞാൻ ശരിക്കും ഭയപ്പെട്ടു. കാര്യങ്ങൾ നന്നായി വിലയിരുത്താൻ ഈ ലേഖനങ്ങൾ എന്നെ സഹായിച്ചു. പോഷകഗുണമുള്ള ആഹാരം നല്ലതുപോലെ കഴിക്കാൻ ഞാൻ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. നിങ്ങളുടെ ലേഖനങ്ങളിൽ കരുതലും സ്നേഹവും പ്രകടമായിരുന്നു. എന്റെ ഹൃദയംഗമമായ നന്ദി.
പി. എം., ഐക്യനാടുകൾ
ഈ ലേഖനങ്ങൾ വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവ എനിക്കായി തന്നെ എഴുതപ്പെട്ടതു പോലെ തോന്നി. അവ എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. യഹോവയിൽ ആശ്രയിക്കുന്നതിൽ തുടരുന്നപക്ഷം എനിക്ക് ഈ രോഗത്തെ വിജയകരമായി തരണം ചെയ്യാൻ കഴിയും എന്നു മനസ്സിലാക്കാൻ അതെന്നെ സഹായിച്ചു.
ജി. ജി., പോർട്ടറിക്കോ
എനിക്കു 14 വയസ്സാണ്. ആഹാരശീല വൈകല്യങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾക്ക് അകമഴിഞ്ഞ നന്ദി. ബൂളിമിയയുടെ പ്രാരംഭ ലക്ഷണങ്ങൾ എന്നിൽ കണ്ടു തുടങ്ങിയിരുന്നു. ഈ പ്രശ്നത്തെ കുറിച്ചു പ്രതിപാദിക്കുന്ന പുസ്തകങ്ങൾക്കു പോലും എന്നെ സഹായിക്കാൻ കഴിയാതെ വന്നപ്പോൾ എന്തു ചെയ്യണമെന്നറിയാതെ ഞാൻ ശരിക്കും വിഷമിച്ചുപോയി. മാതാപിതാക്കൾ എന്റെ അവസ്ഥ ശ്രദ്ധിക്കുകയും ഈ ലേഖനങ്ങളെ കുറിച്ച് എന്നോടു സംസാരിക്കുകയും ചെയ്തു. വളരെ വളരെ നന്ദി.
എൻ. എച്ച്., ജർമനി
ഏകദേശം ഒന്നര വർഷം മുമ്പ് എനിക്കു ബൂളിമിയ ഉണ്ടായിരുന്നു. തൂക്കം ഒട്ടും കൂടുതൽ ഇല്ലായിരുന്നെങ്കിലും എനിക്ക് അമിത വണ്ണം ആണെന്നു ഞാൻ കരുതി. ആഹാരം വാരിവലിച്ചു തിന്നുകയും പിന്നീട് അതു പുറത്തു കളയുകയും ചെയ്യുന്നതു ദോഷം ചെയ്യുമെന്ന് അറിയാമായിരുന്നെങ്കിലും എനിക്കതു നിറുത്താൻ കഴിഞ്ഞില്ല. യഹോവയുടെ സഹായത്താലും അടുത്ത സുഹൃത്തുക്കളുടെ പ്രോത്സാഹനത്താലും എന്റെ അവസ്ഥ മെച്ചപ്പെട്ടിരിക്കുന്നു. ഈ ലേഖനങ്ങൾ എന്നെ ശരിക്കും സഹായിച്ചു. എനിക്കു മാത്രമല്ല ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളതെന്നു ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു.
എം. ആർ., ഇംഗ്ലണ്ട്
യഹോവയുടെ സാക്ഷികളോടൊത്തു രണ്ടു വർഷം ഞാൻ ബൈബിൾ പഠിച്ചു. എന്നാൽ വിഷാദ രോഗത്തെ തുടർന്ന് ഞാൻ അതു നിറുത്തി. എനിക്കു ബൂളിമിയ ഉണ്ട്. ചികിത്സയ്ക്കായി എപ്പോഴും ആശുപത്രി സന്ദർശിക്കുന്നതിനാൽ എന്റെ ഡോക്ടർമാർക്കും മറ്റു രോഗികൾക്കും ഈ മാസിക കൊടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നു. ബൈബിൾ വീണ്ടും പഠിച്ചു തുടങ്ങാൻ സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ.
വി. കെ., ചെക്ക് റിപ്പബ്ലിക്ക്