‘നിങ്ങളുടെ പ്രവർത്തനം സമൂഹത്തിനു ഗുണകരമായിരിക്കുന്നത് എങ്ങനെ?’
ഇന്ത്യക്കാരനായ ചന്ദ്രകാന്ത് പട്ടേൽ എന്ന പത്രപ്രവർത്തകൻ, ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തു സേവിക്കുന്ന ഒരു വ്യക്തിയോടു ചോദിച്ച ചോദ്യമാണ് ഇത്. യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനം സന്ദർശിക്കാൻ എത്തിയതായിരുന്നു ശ്രീ. പട്ടേൽ. അവിടെ കണ്ടതും കേട്ടതുമായ കാര്യങ്ങൾ അദ്ദേഹത്തിൽ വളരെ മതിപ്പുളവാക്കി. ഇന്ത്യയിൽ തിരിച്ചെത്തിയശേഷം ഒരു ഗുജറാത്തി പത്രത്തിനുവേണ്ടി ഒരു ലേഖനം എഴുതാൻ ഇത് അദ്ദേഹത്തെ പ്രേരിപ്പിച്ചു.
ശ്രീ. പട്ടേൽ തന്റെ ലേഖനത്തിൽ യഹോവയുടെ സാക്ഷികളുടെ ചില വിശ്വാസങ്ങളെ ഇന്ത്യയിലെ, ക്രിസ്തീയമെന്ന് അവകാശപ്പെടുന്ന മറ്റു സഭകളുടേതുമായി വിപരീത താരതമ്യം ചെയ്തു. ത്രിത്വത്തെ കുറിച്ചുള്ള ക്രൈസ്തവ സഭകളുടെ സർവസാധാരണമായ പഠിപ്പിക്കലിൽനിന്നു വ്യത്യസ്തമായി യഹോവയുടെ സാക്ഷികൾ യഹോവ എന്ന സർവശക്തനായ ദൈവത്തിലാണു വിശ്വസിക്കുന്നതെന്നും അവർ തങ്ങളുടെ ആരാധനയിൽ വിഗ്രഹങ്ങൾ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം എഴുതി. വ്യഭിചാരം, ഗർഭച്ഛിദ്രം, സഹമനുഷ്യനെ വെറുക്കുകയോ കൊല്ലുകയോ ചെയ്യൽ എന്നിവയുടെ കാര്യത്തിൽ ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന ക്രിസ്തീയ മൂല്യങ്ങളെ യഹോവയുടെ സാക്ഷികൾ മുറുകെ പിടിക്കുന്നതുകൊണ്ട് അവരുടേത് ഉന്നത തത്ത്വങ്ങളാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാക്ഷികളെ ശാന്തശീലരും സ്നേഹസമ്പന്നരും ദീർഘക്ഷമയുള്ളവരും സേവനതത്പരരും ആയി അദ്ദേഹം വിശേഷിപ്പിച്ചു. കൂടാതെ, ബൈബിൾ സന്ദേശം പ്രചരിപ്പിക്കുന്നതിൽ അവർ നിർഭയരും തീക്ഷ്ണതയുള്ളവരും ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘നിങ്ങളുടെ പ്രവർത്തനം സമൂഹത്തിനു ഗുണകരം ആയിരിക്കുന്നത് എങ്ങനെ?’ എന്ന ചോദ്യത്തിന് ഇന്ത്യക്കാരനായ ഈ പത്രപ്രവർത്തകന് എന്ത് ഉത്തരമാണു ലഭിച്ചത്? അദ്ദേഹം എഴുതി: ‘ബൈബിൾ പഠനം ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ഗുണം ചെയ്യും എന്നായിരുന്നു ഉത്തരം.’ ആരോഗ്യ സംരക്ഷണം, തൊഴിൽ എന്നിവയുടെ കാര്യത്തിൽ ബൈബിൾ പഠനം ഗുണകരം ആയിരിക്കുന്നത് എങ്ങനെ എന്നറിയാൻ ശ്രീ. പട്ടേലിനു വിശേഷിച്ചും താത്പര്യം ഉണ്ടായിരുന്നു. തനിക്കു ലഭിച്ച വിവരണത്തിന്റെ ഭാഗങ്ങൾ പരാമർശിച്ചുകൊണ്ട് അദ്ദേഹം എഴുതി: ‘ഒരു വ്യക്തി പുകയില, മയക്കുമരുന്നുകൾ എന്നിങ്ങനെയുള്ള ഹാനികരമായ വസ്തുക്കൾ വർജിക്കാനുള്ള തിരുവെഴുത്തുപദേശം പിൻപറ്റുകയും ശുദ്ധമായ ജീവിതം നയിക്കുകയും ചെയ്യുന്നെങ്കിൽ അയാൾക്കു വിവിധ രോഗങ്ങളിൽനിന്നു സംരക്ഷണം ലഭിക്കും. അധ്വാനശീലരും ശുദ്ധമായ ജീവിതം നയിക്കുന്നവരും സത്യസന്ധരും ആയ വ്യക്തികൾക്കു കൂടുതൽ തൊഴിൽ സാധ്യതയുണ്ട്. ദയയോടും സ്നേഹത്തോടും കൂടെ പ്രശ്നങ്ങൾ പറഞ്ഞുതീർക്കുന്നതു മറ്റുള്ളവരുമായി സമാധാനപൂർണമായ ബന്ധങ്ങൾ സ്ഥാപിക്കാൻ വഴിയൊരുക്കും. അതുകൊണ്ട് ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആളുകളെ പഠിപ്പിക്കുന്നതു സമൂഹത്തിനു ഗുണം ചെയ്യും.’
യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്ത് ബൈബിൾ ഉപദേശങ്ങളുടെ പ്രാവർത്തികമാക്കൽ ഈ പത്രപ്രവർത്തകൻ ദർശിക്കാനിടയായി. ആത്മീയ പ്രവർത്തനങ്ങളുടെ ഈ കേന്ദ്രസ്ഥാനത്തു വേല ചെയ്യുന്ന അർപ്പിതരായ സ്വമേധയാ സേവകരുടെ ശുചിത്വത്തെയും പ്രസന്നതയെയും അദ്ദേഹം തന്റെ ലേഖനത്തിൽ പ്രശംസിച്ചു. ബൈബിൾ പഠിപ്പിക്കലുകളിൽനിന്നു പ്രയോജനം അനുഭവിക്കാൻ നിങ്ങൾക്കും കഴിയും. അത് എങ്ങനെയെന്നു കാണിച്ചു തരാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമായിരിക്കും.
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
പത്ര പശ്ചാത്തലം: Courtesy Naya Padkar, Gujarati Daily published from Anand, India