വിയറ്റ്നാമിലെ—മലയിറങ്ങും വ്യാളി ഉൾക്കടൽ സന്ദർശിക്കൽ
ഹാനോയിയിലെ ചുട്ടുപൊള്ളുന്ന ഒരു പ്രഭാതം. വിയറ്റ്നാമിലെ ഏറ്റവും പ്രകൃതിരമണീയ സ്ഥലങ്ങളിൽ ഒന്ന് എന്ന ഖ്യാതിയുള്ള വിശ്വപ്രസിദ്ധമായ ഹാ ലോങ് ഉൾക്കടൽ അഥവാ മലയിറങ്ങും വ്യാളി ഉൾക്കടലിലേക്കുള്ള ഞങ്ങളുടെ യാത്ര ആരംഭിക്കുകയായി. കിഴക്കോട്ടു 165 കിലോമീറ്റർ യാത്ര ചെയ്യണമായിരുന്നു അവിടെ എത്തിച്ചേരാൻ. ഒരു ബസിൽ ഞങ്ങൾ അങ്ങോട്ടു തിരിച്ചു. ഈ ഉൾക്കടലിന്റെ മാസ്മരസൗന്ദര്യത്തെ കുറിച്ചു ഞങ്ങൾ ധാരാളം കേട്ടിരുന്നു. അവസാനം, ഇതാ, ഞങ്ങളും അതൊന്നു നേരിൽ, കൺകുളിർക്കെ കാണാൻ പോകുന്നു!
ഉച്ചയ്ക്കു ഞങ്ങൾ ഉൾക്കടലിന്റെ ഓരത്ത് എത്തിച്ചേർന്നു. ബസ് അവിടെ നിറുത്തിയിട്ടു. എന്നാൽ ഞങ്ങളുടെ ലക്ഷ്യസ്ഥാനം കുറച്ചുകൂടി അകലെയായിരുന്നു. ഹാ ലോങ് ഉൾക്കടലിനെ ഇത്ര പ്രസിദ്ധമാക്കുന്നത് അതിലെ മരതകപ്പച്ച വെള്ളം മാത്രമല്ല, പിന്നെയോ 1,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ചിതറികിടക്കുന്ന 3,000 ദ്വീപുകളുടെ പ്രകൃതിദത്ത സൗന്ദര്യം കൂടിയാണ്. ഓരോ ദ്വീപിനും തനതായ സവിശേഷതയുണ്ട്. അതുകൊണ്ട്, അവയിൽ ഏതാനും ദ്വീപുകൾ സന്ദർശിക്കണമെന്നു ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. ഞങ്ങൾ ഒരു ബോട്ടിൽ കയറി. ഒരു അവിസ്മരണീയ സാഹസികയാത്രയുടെ തുടക്കമായിരുന്നു അത്.
ഏകദേശം ഒരു മണിക്കൂർ സമയം ഞങ്ങൾ ബോട്ടിൽ സഞ്ചരിച്ചു കാണും, അപ്പോഴാണ് ചെറുദ്വീപുകളാൽ ചുറ്റപ്പെട്ട വശ്യമനോഹരമായ ഒരു ഉൾക്കടൽ ഞങ്ങളുടെ കണ്ണിൽ പെട്ടത്. ബോട്ട് ജോലിക്കാർ നങ്കൂരമുറപ്പിച്ചു. അതോടെ തണുത്ത, പച്ച നിറമുള്ള വെള്ളത്തിൽ ഉന്മേഷദായകമായ ഒരു നീന്തലിനുള്ള കളമൊരുങ്ങി! ഉത്സാഹത്തോടെ ഞങ്ങൾ വെള്ളത്തിൽ പതയ്ക്കുന്ന കാഴ്ച വളരെ പെട്ടെന്നു തന്നെ ഒരു കൂട്ടം കുട്ടികളെ ആകർഷിച്ചു. തങ്ങളുടെ കൊച്ചുവള്ളങ്ങളിൽ അവർ ഞങ്ങളുടെ അടുത്തേക്കു തുഴഞ്ഞെത്തി. ആ കുട്ടികളും അവരുടെ കുടുംബങ്ങളും ഉൾക്കടലിൽ തന്നെയാണു താമസം. ചൈനീസ് പായ്കപ്പലുകളോ വാസയോഗ്യമായ ബോട്ടുകളോ ആണ് അവരുടെ വീടുകൾ.
ഹാ ലോങ് ഉൾക്കടലിലെ നിവാസികൾ മുക്കുവരാണ് എന്നു നിങ്ങൾ ഊഹിച്ചു കാണുമായിരിക്കും. എന്നാൽ കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കലാവിദ്യയിൽ അവർ ഏർപ്പെടുന്ന കാര്യം നിങ്ങൾ ഊഹിച്ചു കാണാൻ ഇടയില്ല. അതു കപ്പൽപ്പായ് നിർമാണമാണ്. മൂൺ ട്രാവൽ ഹാൻഡ്ബുക്ക് ഓൺ വിയറ്റ്നാം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ മൈക്കൽ ബക്ലി ഇങ്ങനെ പറയുന്നു: “ഇപ്പോഴും കൈ കൊണ്ട് ചൈനീസ് പായ്ക്കപ്പലുകളുടെ പായ് നിർമിക്കുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ് ഹാ ലോങ്. കപ്പൽപ്പായ് നിർമാണം കുലത്തൊഴിലായ കുടുംബങ്ങളാണ് ഇതു ചെയ്യുന്നത്. പട്ടുനൂൽ ഉപയോഗിച്ചു പരുപരുത്ത പരുത്തി കഷണങ്ങൾ തുന്നിച്ചേർക്കുന്നു. ഓരോ കഷണവും തുന്നിപിടിപ്പിക്കുന്നതു കൈകൊണ്ടാണ്. പായ് ജീർണിക്കാതെയും പൂപ്പൽ പിടിക്കാതെയും ഇരിക്കുന്നതിന് തുന്നൽ പൂർത്തിയായ ശേഷം അത് ഒരു ദ്രാവകത്തിൽ മുക്കുന്നു. ചേന വർഗത്തിൽ പെട്ട ബീറ്റ്റൂട്ട് പോലുള്ള ഒരു ചെടിയിൽ നിന്നാണ് ഈ ദ്രാവകം എടുക്കുന്നത്. മൂന്നോ നാലോ പ്രാവശ്യം പായ് ഇതിൽമുക്കി ഉണക്കുന്നു. കടുംചെമപ്പു കലർന്ന തവിട്ടുമഞ്ഞ നിറം അതിനു ലഭിക്കുന്നത് ഇങ്ങനെയാണ്.”
ഹാ ലോങ് ഉൾക്കടലിന്, മലയിറങ്ങും വ്യാളി ഉൾക്കടൽ എന്ന പേരു ലഭിച്ചത് എങ്ങനെയെന്നു നിങ്ങൾ അതിശയിക്കുന്നുണ്ടാകും. യാത്രയ്ക്കിടയിൽ ഒരൊറ്റ വ്യാളിയെ പോലും ഞങ്ങൾ കണ്ടില്ല! എന്നിരുന്നാലും, പർവതങ്ങളിൽ ഉണ്ടായിരുന്ന ഭീമാകാരനായ ഒരു വ്യാളിയാണു ഹാ ലോങ്ങ് ഉൾക്കടലിലെ ദ്വീപുകൾ സൃഷ്ടിച്ചത് എന്നാണ് ഐതിഹ്യം പറയുന്നത് എന്നു ഞങ്ങൾ മനസ്സിലാക്കി. ദ ലോൺലി പ്ലാനറ്റ് ഗൈഡ്ബുക്ക് ഓൺ വിയറ്റ്നാം എന്ന പുസ്തകം ഇങ്ങനെ വിശദീകരിക്കുന്നു: “ശക്തിയായി വാലാട്ടിക്കൊണ്ടു [വ്യാളി] കടൽത്തീരത്തേക്ക് ഓടിയപ്പോൾ, താഴ്വരകളും പിളർപ്പുകളും രൂപംകൊണ്ടു. അതു നേരെ സമുദ്രത്തിലേക്ക് എടുത്തുചാടിയപ്പോൾ ഈ ഭാഗങ്ങളിലെല്ലാം വെള്ളം നിറഞ്ഞു. അങ്ങനെ, അങ്ങിങ്ങായി തുണ്ടുഭൂമികൾ മാത്രം കാണായി വന്നു.”
എന്നാൽ യഥാർഥ വ്യാളികൾ കാറ്റും വെള്ളവുമാണ്. ഇവയാണ് ഇന്നു കാണുന്ന വ്യത്യസ്ത ആകൃതികളിലും വലിപ്പത്തിലും ഈ ദ്വീപുകളെ രൂപപ്പെടുത്തിയെടുത്തത്. ഉദാഹരണത്തിന്, ഒരു നിമിഷത്തേക്കു ഭാവനയുടെ തേരിലേറാമെങ്കിൽ, ഹോൻ ഗാ ചോയി—പോരടിക്കുന്ന പൂവൻ കോഴികളുടെ ചെറുദ്വീപ് എന്നർഥം—പോരടിച്ചു കൊണ്ടിരിക്കുന്ന രണ്ടു പൂവൻ കോഴികളെ പോലെ വാസ്തവമായും നിങ്ങൾക്കു തോന്നും.
സന്ധ്യമയങ്ങിയപ്പോൾ ഞങ്ങൾ ബോട്ടുജെട്ടിയിൽ തിരിച്ചെത്തി. തൊട്ടടുത്ത ദിവസം നടത്താൻ പോകുന്ന പര്യടനത്തെ കുറിച്ചുള്ള ചിന്തയായിരുന്നു മനസ്സുനിറയെ. പിറ്റേന്ന്, പ്രാതലിനു ശേഷം ഞങ്ങൾ ഒരു പായ്ബോട്ടിൽ യാത്രതിരിച്ചു. ആ പ്രദേശത്തെ, ചില ഗുഹകൾ ഒന്ന് അടുത്തുകാണുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. മൂടൽമഞ്ഞ് ഉൾക്കടലിനെ ആവരണം ചെയ്തിരുന്നു. അതുകൊണ്ടാവണം, നോക്കുന്നിടത്തെല്ലാം ഒരു നിഗൂഢ സൗന്ദര്യം ഞങ്ങൾക്കു ദർശിക്കാൻ സാധിച്ചത്. അനേകം ഗുഹകൾ ഞങ്ങൾ സന്ദർശിക്കുകയുണ്ടായി. മരക്കുറ്റികളുടെ ഗുഹ എന്ന് അർഥം വരുന്ന ഹാങ് സൗ ഗോ ആണ് അതിലൊന്ന്. ഈ ഗുഹയിൽ മൂന്ന് അറകളുണ്ട്. ഇവ 90 പടികളാൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഗുഹയ്ക്ക് എങ്ങനെയാണ് ഈ പേരു കിട്ടിയത്? ദ ലോൺലി പ്ലാനറ്റ് ഗൈഡ്ബുക്ക് ഓൺ വിയറ്റ്നാം ഇങ്ങനെ വിശദീകരിക്കുന്നു: “ഗുഹയ്ക്ക് ആ വിയറ്റ്നാമീസ് പേരു കിട്ടാൻ കാരണം അതിന്റെ മൂന്നാമത്തെ അറയാണ്. പതിമൂന്നാം നൂറ്റാണ്ടിൽ ഈ അറയിൽ കൂർത്ത മുളങ്കുറ്റികൾ ശേഖരിച്ചു വെച്ചിരുന്നതായി പറയപ്പെടുന്നു.” ആക്രമണ ഭീഷണിയുമായി മുന്നേറി കൊണ്ടിരുന്ന കുബ്ലൈ ഖാനെ തടയുക എന്ന ലക്ഷ്യത്തിൽ “[വിയറ്റ്നാമിന്റെ സൈനിക ഹീറോ] ഡ്രാൻ ഹുങ് ഡൗ, ഈ കുറ്റികൾ ബാക്ക് ഡാങ് നദിയിൽ ഉറപ്പിച്ചുനിർത്തി.”
ഞങ്ങൾ ഗുഹ വരെ കയറിച്ചെന്നു. അവിടെ നിന്ന് താഴേക്കു നോക്കിയാൽ പ്രകൃതി ദൃശ്യത്തിന്റെ മനോഹാരിത അപ്പാടെ ഒപ്പിയെടുക്കാനാകുമായിരുന്നു. അതിഗംഭീരമായ ഒരു കാഴ്ച തന്നെ ആയിരുന്നു അത്. എവിടെപ്പോയി ആ ക്യാമറ, ഒന്നു വേഗമെടുക്കൂ! പശ്ചാത്തലത്തിൽ, ഇളംനീലപ്പച്ച നിറത്തിലുള്ള ഉൾക്കടലിൽ മെല്ലെ ഇളകിയാടുന്ന ഞങ്ങളുടെ ബോട്ട്. മുന്നിൽ, ഗുഹയിലെ ചുണ്ണാമ്പു കൽപുറ്റുകൾ. ഇവ ഞങ്ങൾക്ക് ഒരു ഉഗ്രൻ ഫോട്ടോയ്ക്കു വേണ്ട രംഗസംവിധാനങ്ങൾ ഒരുക്കിത്തന്നു! വാസ്തവമായും, ഹാ ലോങ് ഉൾക്കടൽ ഒരു ഫോട്ടോഗ്രാഫറുടെ പറുദീസയാണ്, ഒരു കലാകാരന്റെ സ്വപ്നവും.
അതേ ദിവസം തന്നെ, ഒരു വലിയ ദ്വീപ് അടുത്തുകാണാനായി ഞങ്ങൾ ഒരു ചെറിയ യന്ത്രബോട്ടിൽ യാത്ര തിരിച്ചു. പൊടുന്നനെ, ഞങ്ങൾ കൂരിരുട്ടിലായി. പർവതം ഞങ്ങളെ അപ്പാടെ വിഴുങ്ങിയതു പോലെ ഞങ്ങൾക്കു തോന്നി! വാസ്തവത്തിൽ ഞങ്ങൾ ഒരു ഗുഹയിലൂടെ കടന്നുപോകുകയായിരുന്നു. എന്നിരുന്നാലും, പെട്ടെന്നു തന്നെ, ഞങ്ങൾ മറുവശത്തെത്തി. അതിശയകരമെന്നു പറയട്ടെ, ഞങ്ങൾ ഒരു വലിയ തടാകത്തിലാണു ചെന്നുചേർന്നത്. ചുണ്ണാമ്പുകല്ലുകൾ ചുറ്റിലും വൻ മതിലുകൾ തീർത്തിരുന്നു. മതിലുകളോടു പറ്റിച്ചേർന്നു കിടന്നിരുന്ന പച്ചപ്പ് അവയ്ക്ക് അലങ്കാരമായി ഉതകി. ബോട്ടുജോലിക്കാർ എൻജിൻ നിറുത്തിയിട്ടു. ആ പ്രദേശമാകെ ചൂഴ്ന്നു നിന്ന നിശബ്ദതയെ ഭഞ്ജിക്കാൻ ആകെ ഉണ്ടായിരുന്നത് ഇടയ്ക്കിടെ ഉയർന്നു കേൾക്കുന്ന പക്ഷികളുടെ ചിലപ്പു മാത്രം. പ്രശാന്തസുന്ദരമായ ആ നിമിഷങ്ങളുടെ മധുരസ്മരണകൾ ദീർഘകാലം ഞങ്ങളുടെ സ്മൃതിപഥത്തിൽ തങ്ങിനിൽക്കും, തീർച്ച.
സമയം എത്ര പെട്ടെന്നാണു കടന്നുപോയത്! ഹാനോയിയിലേക്കുള്ള മടക്കയാത്രയ്ക്കു നേരമായതു ഞങ്ങൾ അറിഞ്ഞതേയില്ല എന്നു വേണം പറയാൻ. ഞങ്ങളുടെ വിനോദയാത്രയ്ക്കു സമയം തികയാഞ്ഞതു പോലെ തോന്നി. എന്നാലും മടങ്ങുമ്പോൾ, ഓർമയുടെ മണിച്ചെപ്പിൽ സൂക്ഷിച്ചു വെക്കാനായി ധാരാളം ചിത്രങ്ങൾ ഞങ്ങൾക്കു സ്വന്തമായി ഉണ്ടായിരുന്നു, ദ്വീപിലെ നിമ്നോന്നതങ്ങളായ കൊടുമുടികൾ, കല്ലോലമാലകൾ തീർത്തു കൊണ്ട് ഒഴുകിനടക്കുന്ന ചൈനീസ് പായ്ക്കപ്പലുകൾ പിന്നെ, ഹാ ലോങ് ഉൾക്കടലും. വിയറ്റ്നാമിന്റെ വശ്യസൗന്ദര്യത്തിനു കേവലം ഒരു ഉദാഹരണം മാത്രമാണ് ഈ ഉൾക്കടൽ.
ഈ മനോഹരമായ നാട്ടിൽ, വിനോദസഞ്ചാരികളെ മാടിവിളിക്കുന്ന മറ്റ് ഇടങ്ങളും ഉണ്ട്. അവയെല്ലാം സന്ദർശിക്കാൻ ഞങ്ങൾക്ക് അതിയായ താത്പര്യമുണ്ട്. സൃഷ്ടിയിലെ മനംകവരുന്ന വൈവിധ്യത്തിനും സൗന്ദര്യത്തിനുമായി ഞങ്ങൾ സ്രഷ്ടാവായ യഹോവയാം ദൈവത്തിനു നന്ദി കൊടുക്കുന്നു. ഒപ്പം, മുഴുഭൂമിയും ഒരു നാൾ ഹാ ലോങ് ഉൾക്കടൽ പോലെ മലിനീകരണം തെല്ലും തീണ്ടാത്ത ഒരു അവസ്ഥയിൽ ആയിത്തീരുമെന്ന അവന്റെ വാഗ്ദാനത്തിനു വേണ്ടിയും.—സംഭാവന ചെയ്യപ്പെട്ടത്.