ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഫോബിയകളെ നിയന്ത്രണാധീനമാക്കൽ ഫോബിയകളെ കുറിച്ചുള്ള ലേഖനങ്ങൾ വായിച്ചുകൊണ്ടിരുന്നപ്പോൾ (ജൂലൈ 22, 1998), ആരോ എന്നെ തഴുകി ആശ്വസിപ്പിക്കുന്നതുപോലെ തോന്നി. എന്റെ ഭാര്യ അനുഭവിക്കുന്ന കൊടുംയാതന ഒടുവിൽ മനസ്സിലാക്കാൻ ആളുണ്ടായല്ലോ. സാമൂഹിക ഫോബിയ അവൾക്ക് ഒട്ടേറെ ദുരിതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അവൾ അനുഭവിച്ചുകൊണ്ടിരുന്ന പ്രശ്നം എനിക്ക് ഒരിക്കലും പൂർണമായി മനസ്സിലായിരുന്നില്ല. പരസ്യമായി സംസാരിക്കാനും ടെലഫോൺ ഉപയോഗിക്കാനും മറ്റുള്ളവരോട് ഇടപെടാനും ഉള്ള അവളുടെ കടുത്ത ഭയം, അതുപോലെതന്നെ അവൾക്ക് ഉണ്ടാകാറുള്ള മോഹാലസ്യം, വിഭ്രാന്തിബാധ—ഈ ലക്ഷണങ്ങളെല്ലാം നിങ്ങളുടെ ലേഖനത്തിൽ വിവരിച്ചിരുന്നു. അവളുടെ അവസ്ഥയെ കുറിച്ചുള്ള പൂർണ ചിത്രം എനിക്കു പെട്ടെന്നു ലഭിച്ചു. എന്റെ ഭാര്യയ്ക്ക് ഉണ്ടാകാറുള്ള വിഭ്രാന്തിയും ഭീതിയും പലരും വളരെയധികം തെറ്റിദ്ധരിച്ചിട്ടുണ്ട്, അവൾ മര്യാദയില്ലാത്തവളും ആളുകളോട് ഇടപെടാൻ അറിയാത്തവളും ആണെന്നാണ് പലരും ധരിച്ചിട്ടുള്ളത്. അവർ അതിവിശിഷ്ടമായ ഈ ലേഖനങ്ങൾ വായിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.
എം. കെ., സ്കോട്ട്ലൻഡ്
വെറും പത്തു വയസ്സുള്ള എന്റെ മകന് അഗാരോഫോബിയ ഉള്ളതായി ഈ വർഷാരംഭത്തിൽ കണ്ടെത്തി. അത് ഒരു കടുത്ത പോരാട്ടം തന്നെയായിരുന്നു. ആ ലേഖനപരമ്പരയിൽ എന്നെ പ്രത്യേകാൽ ആകർഷിച്ചത് രണ്ടു സംഗതികളായിരുന്നു. ഒന്ന്, “‘നമ്മുടേതുപോലത്തെ വികാരങ്ങളുള്ള’ മനുഷ്യർ” എന്ന ലേഖന ഭാഗം. കാരണം, താൻ തനിച്ചല്ലെന്നു മനസ്സിലാക്കാൻ അതിലെ വിവരങ്ങൾ എന്റെ മകനെ സഹായിച്ചു. രണ്ടാമത്തേത്, പ്രസ്തുത ലേഖനങ്ങൾ എഴുതിയിരിക്കുന്ന വിധം ആയിരുന്നു. രോഗികളോടുള്ള പരിഗണന അതിൽ ദൃശ്യമായിരുന്നു. കുറ്റപ്പെടുത്തലിന്റെയോ താഴ്ത്തികെട്ടലിന്റെയോ ധ്വനിക്കു പകരം വളരെയധികം സ്നേഹവും ദയയും ജ്ഞാനവും അവയിൽ നിഴലിച്ചിരുന്നു.
കെ. ജെ., ഓസ്ട്രേലിയ
ഈ ലേഖനങ്ങൾ വളരെ നല്ലതായി എനിക്കു തോന്നി. കാരണം, വ്യക്തിക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നവയായിരുന്നു അവ. ഫോബിയകളെ നിയന്ത്രണാധീനമാക്കാൻ കഴിയുന്ന അടിസ്ഥാന പടികൾ നിങ്ങൾ വിവരിച്ചിരുന്നു. ആവശ്യമായ സഹായം നേടാനും പുരോഗതി പ്രാപിക്കാനും കഴിയുമെന്നു മനസ്സിലാക്കാൻ ഇത് എന്നെ സഹായിച്ചു.
ജെ. ഐ., ജപ്പാൻ
എന്നെ മനസ്സിലാക്കാൻ ഒരാൾ ഉണ്ടെന്ന് ബോധ്യമായത് ഇതാദ്യമായാണ്. സാമൂഹിക ഫോബിയ ഉളവാക്കുന്ന ദുരിതങ്ങൾ യഹോവ മനസ്സിലാക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ എത്ര ആശ്വാസം തോന്നിയെന്നു വർണിക്കുക പ്രയാസം. എന്റെ പ്രശ്നങ്ങൾ കൂടുതൽ നന്നായി മനസ്സിലാക്കാൻ ഈ ലേഖനങ്ങൾ എന്റെ സുഹൃത്തുക്കളെയും സഹായിച്ചു.
ജി. ഒ., ജർമനി
സാമൂഹികഫോബിയ മൂലം ദുരിതം അനുഭവിക്കുന്ന എന്നെപ്പോലുള്ളവരോടു നിങ്ങൾ പ്രകടിപ്പിക്കുന്ന സമാനുഭാവം എന്നെ അതിശയിപ്പിച്ചു. അത് എനിക്കു വേണ്ടി എഴുതപ്പെട്ടതു തന്നെയായിരുന്നു. ഇതേ പ്രശ്നമുള്ള വേറെയും ആളുകൾ ഉണ്ടെന്നറിഞ്ഞത് എന്നെ എത്ര ധൈര്യപ്പെടുത്തിയെന്നോ! ഈ ഫോബിയയെ മറികടക്കാനും ഞാൻ ഇപ്പോൾ സന്നദ്ധനാണ്.
എസ്. ഡി., ഇറ്റലി
എനിക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തത് എന്തുകൊണ്ട്? “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തത് എന്തുകൊണ്ട്?” (ജൂലൈ 22, 1998) എന്ന ലേഖനം വായിച്ച്, ഞാൻ സന്തോഷംകൊണ്ടു കരഞ്ഞുപോയി. 18 വയസ്സുള്ള ഞാൻ ഒരു മുഴുസമയ ശുശ്രൂഷക ആണ്. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തതുകൊണ്ട് എനിക്കു വലിയ വിഷമം ആയിരുന്നു. കാരണം വയൽ ശുശ്രൂഷയിൽ ആളുകളെ സഹായിക്കാൻ ഈ പ്രാപ്തി ഉണ്ടായിരിക്കേണ്ടതു പ്രധാനമാണ്. കാര്യങ്ങൾ ഓർത്തിരിക്കാനും വിശകലനം ചെയ്യാനും സാധിക്കാത്തതുകൊണ്ട് ഞാൻ വിഷാദത്തിന് അടിപ്പെടുന്ന ഘട്ടത്തോളം എത്തി. യഹോവ തക്കസമയത്ത് ആഹാരം പ്രദാനം ചെയ്യുന്നു എന്ന് ബൈബിൾ പറയുന്നതു വാസ്തവമാണ്.
എ. ആർ. സി. ആർ., ഐക്യനാടുകൾ
യാത്രക്കാർക്കുള്ള നിർദേശങ്ങൾ “ഡെംഗി—കൊതുകിലൂടെ പകരുന്ന പനി” (ജൂലൈ 22, 1998) എന്ന ലേഖനത്തിലെ “യാത്രക്കാർക്കുള്ള നിർദേശങ്ങ”ളിൽ ഒരു കാര്യം വിട്ടുപോയി. അതായത് രാത്രി കൊതുകുവലകൾ—കീടനാശിനി തളിച്ചതാണെങ്കിൽ കൂടുതൽ നന്ന്—ഉപയോഗിക്കണം എന്നത്.
ഐ. എച്ച്., ഇംഗ്ലണ്ട്
വായനക്കാരന്റെ അഭിപ്രായം ഞങ്ങൾ വിലമതിക്കുന്നു. മലമ്പനി തടയുന്ന കാര്യത്തിൽ ഈ നിർദേശം വിശേഷിച്ചും ഉപയോഗപ്രദമാണ്. (1997 ജൂലൈ 22 ലക്കം “ഉണരുക!”യുടെ 31-ാം പേജ് കാണുക.) എന്നിരുന്നാലും രോഗനിയന്ത്രണത്തിനുള്ള യു.എസ്. കേന്ദ്രങ്ങൾ അഭിപ്രായപ്പെടുന്നത് അനുസരിച്ച് ഡെംഗി പനിക്ക് ഇടയാക്കുന്ന കൊതുക് “പകൽസമയങ്ങളിലാണ് മനുഷ്യരെ കടിക്കുന്നത്.” മിക്കപ്പോഴും “നേരം വെളുത്ത ശേഷമുള്ള ഏതാനും മണിക്കൂറും വൈകിട്ട് ഇരുട്ടുന്നതിനു മുമ്പുള്ള ഏതാനും മണിക്കൂറും ആണ്” അത് ആക്രമിക്കുന്നത്. അതുകൊണ്ട് രാത്രി കൊതുകുവല കെട്ടുന്നത് ഈ പ്രത്യേക രോഗത്തെ തടയുന്നതിൽ അത്ര ഫലപ്രദമാണെന്നു തോന്നുന്നില്ല.—പത്രാധിപർ