കുറ്റവാളികളായ കൗമാരക്കാർ—കാരണങ്ങൾ എന്തെല്ലാം?
സാധാരണമായി, കുറ്റവാളികളായ കൗമാരക്കാർ ദരിദ്ര കുടുംബങ്ങളിൽ നിന്ന് ഉള്ളവരാണ്; “കുലീന” കുടുംബങ്ങളിലെ കുട്ടികൾ വിരളമായേ കുറ്റകൃത്യത്തിലേക്കു തിരിയാറുള്ളൂ എന്നൊക്കയാണു പണ്ടു മുതലേ ആളുകളുടെ അഭിപ്രായം. നിങ്ങളുടെ അഭിപ്രായവും അതുതന്നെ ആണോ? വസ്തുതകൾ ആ വീക്ഷണത്തെ പിന്താങ്ങുന്നതായി ഏഷ്യയിൽ ചിലർ കരുതുന്നു. “എന്നാൽ, വാസ്തവം മേലാൽ അങ്ങനെ ആയിരിക്കുന്നില്ല” എന്ന് ഏഷ്യാ മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. “ഏഷ്യയിൽ എമ്പാടുമുള്ള പൊലീസ് സ്ഥിതിവിവര കണക്കുകളും കേസുകളും അനുസരിച്ച്, മോഷണം നടത്തുകയും വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും മയക്കു മരുന്നു ദുരുപയോഗം ചെയ്യുകയും വേശ്യാവൃത്തിയിൽ ഏർപ്പെടുകയും ചെയ്യുന്ന കുലീന കുടുംബങ്ങളിൽ നിന്നുള്ള കൗമാരക്കാരുടെ എണ്ണം വർധിച്ചു വരികയാണ്.”
ഉദാഹരണത്തിന്, ജപ്പാനിൽ ഗൗരവാവഹമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിനു പിടിയിലായ കൗമാരക്കാരിൽ പകുതിയും ഇടത്തരം കുടുംബങ്ങളിൽ നിന്ന് ഉള്ളവരാണ്. ബാങ്കോക്കിലെ സ്ഥിതിവിശേഷവും സമാനമാണ്. മുഹിതാ ട്രെയിനിങ് സ്കൂൾ എന്ന ദുർഗുണ പരിഹാര പാഠശാലയുടെ മേധാവിയായ അഡിസായ് അഹാപാനുൻ ഇങ്ങനെ പറയുന്നു: “മുമ്പൊക്കെ കൗമാരപ്രായക്കാർ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നതു കൂടുതലും പണ ദൗർലഭ്യം നിമിത്തം ആയിരുന്നു. എന്നാൽ, ഇന്ന് ഇവിടെയുള്ള 50-ലധികം ശതമാനം കൗമാരപ്രായക്കാരും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒന്നുമില്ലാത്ത ഇടത്തരം കുടുംബങ്ങളിൽ നിന്ന് ഉള്ളവരാണ്.”
ജോലിക്കു പോകുന്ന അമ്മമാരെയും കുതിച്ചുയരുന്ന വിവാഹ മോചന നിരക്കിനെയും ഭൗതികത്വ ചിന്താഗതിയെയും ഒക്കെയാണു ചിലർ അതിനു പഴിക്കുന്നത്. സിംഗപ്പൂരിലെ കൗമാരപ്രായക്കാർക്കു വേണ്ടിയുള്ള ഒരു പുനരധിവാസ കേന്ദ്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായ എഡീ ജേക്കബ് ഇങ്ങനെ പറയുന്നു: “ക്രമംകെട്ട കുടുംബങ്ങളാണ് അടിസ്ഥാന കാരണം. അത്തരം കുടുംബങ്ങളിൽ മാതാപിതാക്കൾ വിവാഹ മോചനം നേടിയിട്ടുണ്ടാകാം അല്ലെങ്കിൽ മാതാപിതാക്കളിൽ ഒരാൾ മാത്രമേ കാണുകയുള്ളൂ. അതുമല്ലെങ്കിൽ, മാതാപിതാക്കൾ ഇരുവരും ജോലിക്കു പോകുന്നതിന്റെ ഫലമായി കുട്ടികൾ അവഗണിക്കപ്പെടുന്നു എന്നു വരാം. കുട്ടികൾ തങ്ങളുടെ മൂല്യങ്ങൾ വീട്ടിൽ നിന്നാണു പഠിക്കുന്നത്.”
യുവജനങ്ങൾക്ക് ഇടയിൽ മത്സരം വർധിച്ചുവരുന്ന കാലം ആയിരിക്കും നമ്മുടേത് എന്നു ബൈബിൾ മുൻകൂട്ടി പറഞ്ഞിട്ടുണ്ട്. (2 തിമൊഥെയൊസ് 3:1, 2) എന്നാൽ, സാമ്പത്തിക സ്ഥിതി എന്തുതന്നെ ആയിരുന്നാലും കുടുംബങ്ങൾക്ക് ഒറ്റക്കെട്ടായി നിൽക്കാൻ ആവശ്യമായ മൂല്യങ്ങൾ അതേ പുസ്തകം പ്രദാനം ചെയ്യുന്നുണ്ട്. ബൈബിൾ പരിശോധിക്കുന്നതു മൂല്യവത്താണ്. കാരണം, “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ . . . ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.” (2 തിമൊഥെയൊസ് 3:16, 17) ഏഷ്യയിൽ മാത്രമല്ല ലോകമെമ്പാടും ഉള്ള യഹോവയുടെ സാക്ഷികൾ, കുടുംബ സമേതം ബൈബിൾ പഠിക്കുന്നതു പ്രതിഫലദായകം ആണെന്നു കണ്ടെത്തിയിരിക്കുന്നു. അതു ചെയ്യുന്നതിൽ നിങ്ങളെ സഹായിക്കാൻ അവർക്കു സന്തോഷമുണ്ട്.
[31-ാം പേജിലെ ചിത്രങ്ങൾ]
കുറ്റകൃത്യത്തിൽ ഏർപ്പെടൽ അല്ലെങ്കിൽ ദൈവാംഗീകാരം നേടൽ—തിരഞ്ഞെടുപ്പു നിങ്ങളുടേതാണ്