ഞങ്ങളുടെ വായനക്കാരിൽനിന്ന്
വിജ്ഞാനോത്കണ്ഠ “വിജ്ഞാനോത്കണ്ഠ—അതു നിങ്ങളെ എങ്ങനെ ബാധിക്കുന്നു?” (ജനുവരി 8, 1998) എന്ന പരമ്പരയ്ക്കു നന്ദി പറയാനാണ് ഞാൻ എഴുതുന്നത്. എനിക്കു വായന വളരെ പ്രിയമാണ്. എല്ലാറ്റിനെക്കുറിച്ചും എല്ലാം അറിയാനുള്ള ആഗ്രഹം എന്നെ ആകുലപ്പെടുത്തുന്നുവെന്ന് ഇപ്പോൾ മാത്രമാണ് എനിക്കു മനസ്സിലായത്. സമനിലയുള്ള ഒരു വീക്ഷണം ഉണ്ടായിരിക്കാൻ ഈ ലേഖനങ്ങൾ എന്നെ സഹായിച്ചിരിക്കുന്നു.
എം. ഇ., ഇറ്റലി
അത്തരം ഗഹനമായ ലേഖനങ്ങളെപ്രതി നിങ്ങളെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ വിദ്യാഭ്യാസ-മാധ്യമ സാങ്കേതികവിദ്യാ സ്ഥാപനത്തിനു വേണ്ടിയുള്ള ഒരു ലഘുലേഖയിൽ അതിലെ ആമുഖ ലേഖനം പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതി തന്നാൽ ഞങ്ങൾ വളരെ കൃതജ്ഞത ഉള്ളവരായിരിക്കും. വിജ്ഞാന അതിപാത എന്നു വിളിക്കപ്പെടുന്നത് ഇപ്പോൾ തിങ്ങിനിറഞ്ഞിരിക്കുകയാണ്. അത്തരം ലേഖനങ്ങളിലൂടെയാണ് ഒരുവന് സത്യസന്ധമായ അറിവു ലഭിക്കുന്നതും വിജ്ഞാന യുഗത്തെ കൈകാര്യം ചെയ്യാൻ അവൻ പ്രാപ്തനാകുന്നതും.
ജി. ഡി., ഘാന
പ്രസ്തുത ലേഖനം പ്രസിദ്ധീകരിക്കുന്നതിന് അനുമതി നൽകുകയുണ്ടായി.—പത്രാധിപർ
ദൈവത്തെ ഭയപ്പെടുകയോ? “ബൈബിളിന്റെ വീക്ഷണം: സ്നേഹവാനായ ഒരു ദൈവത്തെ എങ്ങനെ ഭയപ്പെടാനാകും?” (ജനുവരി 8, 1998) എന്ന ലേഖനം ലഭിച്ചതിലുള്ള എന്റെ അതിയായ സന്തോഷം പ്രകടിപ്പിക്കാതിരിക്കാൻ എനിക്കാകുന്നില്ല. കുറെ കാലമായി ഞാൻ ആ ചോദ്യത്തെക്കുറിച്ചുതന്നെ ചിന്തിക്കുകയായിരുന്നു. ദൈവത്തെ ഭയപ്പെടുകയെന്നാൽ അവനെ അപ്രീതിപ്പെടുത്തുന്നതിൽ ആരോഗ്യാവഹമായ ഭയമുണ്ടായിരിക്കുക എന്നതാണെന്ന് എനിക്ക് അറിയാമായിരുന്നു. എന്നിട്ടും, അതേക്കുറിച്ചു കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കേണ്ടതുള്ളതു പോലെ എനിക്കു തോന്നിയിരുന്നു. അങ്ങനെയിരിക്കെയാണ് ഞാൻ ആ ലേഖനം വായിച്ചത്. തന്മൂലം, ഒടുവിൽ ദൈവത്തെ ഭയക്കുക എന്നതിന്റെ അർഥം സംബന്ധിച്ച് തൃപ്തികരമായ ഉത്തരം ലഭിച്ചു!
എം. ജെ. റ്റി., ഐക്യനാടുകൾ
അനീതി തിരുത്തപ്പെടുന്നു “ഒരു യൂറോപ്യൻ കോടതി തെറ്റു തിരുത്തുന്നു” (ജനുവരി 8, 1998) എന്ന ലേഖനത്തിനു നന്ദി. സൈനിക സേവനത്തിനു നിർബന്ധിക്കപ്പെടാതിരിക്കുന്നതിനു നമ്മുടെ സഹോദരങ്ങൾക്കു കോടതിയിൽ പോകേണ്ടിവന്നതിനെ കുറിച്ച് കേട്ടപ്പോൾ, ഞായറാഴ്ചകളിൽ വീടുതോറും പ്രസംഗിക്കുന്നതിനുള്ള അവകാശം നമ്മുടെ സഹോദരങ്ങൾ എങ്ങനെ നേടിയെടുത്തുവെന്നു ഞാൻ ഓർത്തുപോയി. അത്തരം വിവരണങ്ങൾ ഈ പദവിയെ നിസ്സാരമായി കാണാതിരിക്കാൻ എന്നെ സഹായിക്കുന്നു.
എസ്. വി., ഐക്യനാടുകൾ
ഇങ്കകൾ “ഇങ്കകൾക്ക് അവരുടെ സുവർണ സാമ്രാജ്യം നഷ്ടമായ വിധം” (ജനുവരി 8, 1998) എന്ന ലേഖനം ഞാൻ വായിച്ചു. മനോഹര ചിത്രങ്ങളോടു കൂടിയ ഹൃദയഭേദകമായ അത്തരമൊരു വിവരണത്തോട് ആഴമായ വിലമതിപ്പു പ്രകടിപ്പിക്കാതിരിക്കാൻ എനിക്കാവുന്നില്ല. ഇങ്കകളുടെ പിൻഗാമികൾക്ക് ആശ്വാസ സന്ദേശം എത്തിക്കാനുള്ള സാക്ഷികളായ നിങ്ങളുടെ ശ്രമങ്ങൾ തീർച്ചയായും അവർക്കു സമാശ്വാസം കൈവരുത്തും. സത്യം സംസാരിക്കുന്നതിൽ ഉണരുക!യ്ക്കു നന്ദി.
എസ്. ബി., നൈജീരിയ
എനിക്കു പത്തു വയസ്സുണ്ട്. ആ ലേഖനത്തിനു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇങ്കകൾ എത്രയോ മൈൽ നീളത്തിലാണ് റോഡുകൾ നിർമിച്ചത് എന്നത് എന്നിൽ വിസ്മയമുളവാക്കി. അവർ സന്ദേശങ്ങൾ അയച്ച വിധവും എനിക്ക് ഇഷ്ടമായി.
എഫ്. സി., ഐക്യനാടുകൾ
വീട്ടിൽനിന്നു പോകുന്ന മക്കൾ “മക്കൾ വീട്ടിൽനിന്നു പോകുമ്പോൾ” (ജനുവരി 22, 1998) എന്ന ലേഖന പരമ്പരയ്ക്കു ഞാൻ നന്ദിയുള്ളവളാണ്. എന്റെ പ്രിയപ്പെട്ട മക്കളെ പോകാൻ അനുവദിക്കുന്നത് എനിക്കു വേദനാജനകവും ദുഷ്കരവുമായിരുന്നു. എങ്കിലും, നിങ്ങൾ പറഞ്ഞ സംഗതി ശരിയാണ്. കാലം കഴിയുന്തോറും, ഗ്രാഹ്യം വർധിക്കുന്തോറും ഒഴിഞ്ഞ കൂട്ടിൽ വസിക്കുന്നത് എളുപ്പമായിത്തീരും. മാതാപിതാക്കൾക്ക് ഇണകളുമായുള്ള ദാമ്പത്യ ബന്ധങ്ങൾ പുതുക്കുന്നതിനു കഴിയും.
എ. ഇ., കാനഡ
എന്റെ പ്രാർഥനകൾക്കുള്ള ഉത്തരമായിരുന്നു ആ ലേഖനങ്ങൾ. കുട്ടികൾ വീട്ടിൽനിന്നു പോകുന്നത് പ്രയാസവും ബുദ്ധിമുട്ടും ഉളവാക്കുന്ന സംഗതിയാണ്. എന്നാൽ ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന നല്ല ബുദ്ധ്യുപദേശം ബാധകമാക്കുമ്പോൾ സമാധാനവും സ്നേഹവും തഴയ്ക്കും.
പി. എൻ., ഫ്രാൻസ്
ആ ലേഖനങ്ങൾ വിശേഷാൽ എനിക്കായി എഴുതിയതു പോലെയാണു തോന്നിയത്. മുഴുസമയ സുവിശേഷകരുടെ ആവശ്യം കൂടുതലുള്ള ഒരു സ്ഥലത്തു സേവിക്കുന്നതിനായി ഞാൻ അടുത്തയിടെ വീട്ടിൽനിന്നു പോകുകയുണ്ടായി. എന്റെ മാതാപിതാക്കളുടെ വിചാരങ്ങൾ മനസ്സിലാക്കാനും അവരെ വിട്ടുപോന്നതിലുള്ള എന്റെതന്നെ കുറ്റബോധം മറികടക്കാനും ആ ലേഖനങ്ങൾ എന്നെ സഹായിച്ചു. “പ്രായപൂർത്തിയായ മക്കളോട് ഒരു വാക്ക്—മക്കൾ കൈവിട്ടുപോകുന്നതിനെ തരണംചെയ്യാൻ മാതാപിതാക്കളെ സഹായിക്കുക” എന്ന ഭാഗത്തു നൽകിയിരിക്കുന്ന ബുദ്ധ്യുപദേശം ഞാൻ നിശ്ചയമായും പിൻപറ്റും. ഞാൻ വളരെ അകലെയാണെങ്കിലും, എന്റെ മാതാപിതാക്കളോടു വളരെ അടുപ്പം തോന്നാൻ എനിക്കാകും. തക്കസമയത്തു ലഭിക്കുന്ന ഇതുപോലുള്ള ലേഖനങ്ങൾക്കു നന്ദി.
ജി. യു., ഇറ്റലി