അവ ആടുകളെ അമേരിക്കൻ ചെന്നായ്ക്കളിൽ നിന്നു സംരക്ഷിക്കുന്നു
പശ്ചിമ ഐക്യനാടുകളിലെ ആടു വളർത്തലുകാർക്കു വലിയ ഭീഷണിയാണ് അമേരിക്കൻ ചെന്നായ്ക്കൾ. 1996-ൽ മാത്രമായി അധികൃത വേട്ടക്കാർ 82,000 അമേരിക്കൻ ചെന്നായ്ക്കളെ കുടുക്കിലാക്കി പിടിച്ചുകൊന്നു. 1990 മുതൽ ഇത്തരം 6,00,000-ത്തിലധികം ചെന്നായ്ക്കളെ കൊന്നൊടുക്കിയിരിക്കുന്നു. എന്നാൽ, ചില ആടു വളർത്തലുകാർ തങ്ങളുടെ ആടുകളെ സംരക്ഷിക്കാൻ മറ്റൊരു മാർഗം കണ്ടുപിടിച്ചിരിക്കുകയാണ്. അവർ ദക്ഷിണ അമേരിക്കയിൽനിന്ന് ലാമയെ ഇറക്കുമതി ചെയ്തിരിക്കുന്നു.
ലാമയും ഒട്ടകവും ബന്ധുക്കളാണ്. വാസ്തവത്തിൽ, ഈ വർഷമാദ്യം ഒരു ആൺ ഒട്ടകവും ഒരു പെൺ ലാമയും തമ്മിൽ വർഗസങ്കരം നടത്തി ഒട്ടകത്തോടു സാദൃശ്യമുള്ള സന്തതിക്കു ജന്മം നൽകിയതായി പറയപ്പെടുന്നു. ലാമയ്ക്ക് ഏതാണ്ടു 100 കിലോ തൂക്കം വരും. തോൾഭാഗത്ത് അതിനു ശരാശരി 120 സെന്റീമീറ്റർ ഉയരമുണ്ട്. സാധാരണഗതിയിൽ അതിന്റെ രോമങ്ങൾക്കു വെള്ള നിറമാണെങ്കിലും തവിട്ടും കറുപ്പും നിറത്തിലുള്ളവയുമുണ്ട്. എന്നാൽ, ആടുകളിൽ താത്പര്യമെടുത്ത് ലാമ, അമേരിക്കൻ ചെന്നായ്ക്കളെ ഓടിക്കുന്നു എന്നതാണ് ആടു വളർത്തലുകാർക്ക് ഏറ്റവും സന്തോഷപ്രദമായ സംഗതി.
“അവൻ അവയെ തൊഴിക്കുകയും തലയാട്ടി വിരട്ടുകയും ചെയ്യുന്നു” എന്ന് ആടു വളർത്തലുകാരിയായ ബെക്കി വീഡ് പറയുന്നു. “കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഞങ്ങളുടെ ഒറ്റ ആടിനെപ്പോലും അമേരിക്കൻ ചെന്നായ്ക്കൾ കൊന്നിട്ടില്ല.” എങ്കിലും, ലാമ എല്ലാ പ്രശ്നങ്ങൾക്കും സമ്പൂർണ പരിഹാരമല്ലെന്നു സമ്മതിച്ചുകൊണ്ട് വീഡ് പറഞ്ഞു: “ഒരു കരടി ആട്ടിൻകൂട്ടത്തിൽ കടന്ന് നാല് ആടുകളെ കൊന്നു.”
പരിസ്ഥിതി ബോധമുള്ള ഒരു കൂട്ടം ആടു വളർത്തലുകാർ ഗ്രോവേഴ്സ് കമ്പിളിനൂൽ സംഘടനയ്ക്കു രൂപം നൽകി. “ഇരപിടിയൻ സൗഹൃദ” കമ്പിളിരോമം—ഇരപിടിയൻ മൃഗങ്ങളെ തടയാൻ മാരകമല്ലാത്ത രീതികൾ അവലംബിക്കുന്ന ആടു വളർത്തലുകാർ ഉത്പാദിപ്പിച്ച കമ്പിളിരോമം—വിൽക്കുന്നവരുടെ ഒരു സമിതിയാണ് അത്. ലാമകൾക്കു പുറമേ, ആടുകളെ സംരക്ഷിക്കാനായി കാവൽ നായ്ക്കളെയും ചെറു കഴുതകളെയും ഉപയോഗിച്ചുവരുന്നു.
കമ്പിളി വസ്ത്രങ്ങൾ നെയ്യാനുള്ള ഉദ്ദേശ്യത്തിൽ വീടുകളിലിരുന്നു വസ്ത്രം നെയ്യുന്നവരുമായി ഗ്രോവേഴ്സ് കമ്പിളിനൂൽ സംഘടന ഒരു കരാറുണ്ടാക്കി. ഈ കമ്പിളിനൂലിനു കൂടുതൽ തുക ഈടാക്കുന്നു. ഇതുകൊണ്ട് ഉണ്ടാക്കുന്ന കമ്പിളി ഉടുപ്പുകൾക്കും തൊപ്പികൾക്കും പുതപ്പുകൾക്കും മറ്റു സാധനങ്ങൾക്കും വില കൂടുതലാണ്. ഈ വസ്തുക്കൾക്ക് ആളുകൾ കൂടുതൽ പണം മുടക്കുമോ? “അത് എങ്ങനെയുള്ള ആടുവളർത്തൽ കേന്ദ്രത്തിൽ നിന്നുള്ളതാണെന്നു പറയുമ്പോൾ ആളുകൾ കൂടുതൽ പണം കൊടുക്കാൻ തയ്യാറാണ്” എന്ന് ന്യൂയോർക്കിലെ ചാറ്റമിലുള്ള ഒരു കടക്കാരി പറയുന്നു. “ആ കമ്പിളി ഉടുപ്പിനു പിന്നിൽ ഒരു കഥയുള്ളതിനാൽ ആളുകൾ അത് ഇഷ്ടപ്പെടുന്നു.”