തകർന്നുകൊണ്ടിരിക്കുന്ന ഒരു വിവാഹബന്ധത്തിനു സഹായം
ന്യൂസിലൻഡിലെ വടക്കൻ ദ്വീപിൽനിന്നുള്ള ഒരു സ്ത്രീ കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തെക്കുറിച്ച് ഇപ്രകാരമെഴുതി: “ആദ്യമായി ഈ പുസ്തകം വായിക്കാനിരുന്നപ്പോൾ എന്റെ വിവാഹജീവിതം ഒന്നുകിൽ ‘വിജയപ്രദമാക്കാൻ അല്ലെങ്കിൽ തകർക്കാൻ’ സാധിക്കുന്ന ഒരു ഘട്ടത്തിലാണ് ഞാൻ എത്തിനിൽക്കുന്നതെന്ന് എനിക്കു തോന്നി.”
അവർ തന്റെ പശ്ചാത്തലത്തെക്കുറിച്ചു വിവരിച്ചു. “എന്റെ അമ്മ രണ്ടു പ്രാവശ്യം വിവാഹം കഴിച്ചതാണ്. രണ്ടും തകർന്നു. അതിന്റെ ഫലമായി, സ്ത്രീകളെ അടക്കിഭരിക്കാനല്ലാതെ മറ്റൊന്നിനും പുരുഷന്മാരെ കൊള്ളുകയില്ലെന്നാണ് അമ്മ ഞങ്ങളെ പഠിപ്പിച്ചിരുന്നത്. അതുകൊണ്ട് പിടിവാശിക്കാരിയും അഹങ്കാരിയുമായി ഞാൻ വളർന്നുവന്നു. വാക്കുതർക്കമുണ്ടായാൽ ഞാൻ വിട്ടുകൊടുക്കില്ലായിരുന്നു.”
മാറ്റങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യകത ആ സ്ത്രീ തിരിച്ചറിഞ്ഞു. “ഭർത്താവിനു കീഴ്പെടാത്തതുകൊണ്ടും വലിയ ദുരഭിമാനിയായതുകൊണ്ടും കുടുംബജീവിതം സന്തുഷ്ടമാക്കാനുള്ള അവസരം ഞാൻ നഷ്ടപ്പെടുത്തുകയാണെന്നു തിരിച്ചറിഞ്ഞു.” അതുകൊണ്ട്, അവർ സുപ്രധാനമായ പൊരുത്തപ്പെടുത്തലുകൾ വരുത്തി. അവർ ഇങ്ങനെ വിവരിക്കുന്നു: “ഞാനും ഭർത്താവും ഒരു കുടുംബമെന്ന നിലയിൽ ഈ പുസ്തകം പഠിക്കുകയാണ്. എങ്ങനെ ഒരു ക്രിസ്തീയ ഭാര്യയാകണമെന്ന് ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ബന്ധത്തിന് ഇപ്പോൾ ഉണ്ടായിരിക്കുന്ന മാറ്റത്തിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്. എങ്കിലും ഇനിയും ഒട്ടേറെ പുരോഗതികൾ വരുത്തേണ്ടിയിരിക്കുന്നു.
“ഞങ്ങളുടെ ഭവനം മുമ്പൊരിക്കലും ഇത്രത്തോളം സ്നേഹനിർഭരവും ശാന്തപൂർണവുമായിരുന്നിട്ടില്ല.”
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന 32 പേജുള്ള ലഘുപത്രികയുടെ 8-ാം പാഠം “ദൈവത്തിനു പ്രസാദകരമായ കുടുംബജീവിതം” എന്നതാണ്. ഈ പത്രികയുടെ ഒരു പ്രതി 6.00 രൂപയ്ക്ക് ലഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ മേൽവിലാസത്തിലോ എഴുതുക. ഒരു സൗജന്യ ഭവനബൈബിളധ്യയനം ആഗ്രഹിക്കുന്നെങ്കിൽ അതും സൂചിപ്പിക്കുക.