“ഒരു നല്ല ശനിയാഴ്ചയ്ക്കായി സാക്ഷികൾക്കു നന്ദി”
നോർവേയിലെ ഉണരുക! ലേഖകൻ
നോർവീജിയൻ ദിനപ്പത്രമായ റ്റെലെമാർക്ക് ആർബേയ്ഡെർബ്ലായുടെ കോളമെഴുത്തുകാരനായ ഏവിൻ ബ്ലിക്സ്റ്റാ തന്റെ ലേഖനത്തിനു നൽകിയ ശീർഷകം അതായിരുന്നു. തപാൽവഴി അനാവശ്യ പരസ്യങ്ങൾ ലഭിക്കുന്നതും വീട്ടിൽ ആരെങ്കിലും വരുന്നതും വിൽപ്പനക്കാരുടെ ഫോൺവിളികളും ഒന്നും തനിക്ക് ഇഷ്ടമല്ലെന്ന്—പ്രത്യേകിച്ചും ശനിയാഴ്ച പ്രഭാതങ്ങളിൽ—ആദ്യംതന്നെ വെളിപ്പെടുത്തിയശേഷം അദ്ദേഹം എഴുതി:
“പെട്ടെന്ന്, അവർ എന്റെ വീട്ടുവാതിൽക്കൽ പ്രത്യക്ഷപ്പെടുന്നു. യഹോവയുടെ സാക്ഷികൾ. അതും ശനിയാഴ്ച രാവിലെ. 1996 സെപ്റ്റംബർ 8-ലെ 17-ാം ലക്കം ഉണരുക! മാസികയുമായി. [“അമേരിക്കൻ ഇന്ത്യക്കാർ—അവരുടെ ഭാവിയെന്ത്?”] എനിക്കു താത്പര്യമുണ്ടായിരിക്കുമെന്ന് അവർക്കു തോന്നിയ ഒരു വിഷയം ആ മാസികയിൽ ഉണ്ടായിരുന്നതുകൊണ്ട് ഞാൻ അതു വായിക്കാൻ ഇഷ്ടപ്പെടുന്നുവോയെന്ന് അവർ എന്നോടു ചോദിച്ചു. . . . താത്പര്യമില്ലെന്നു പറയാൻ ഒരു അവസരം കിട്ടുന്നതിനു മുമ്പേ അവരിലൊരാൾ കൂട്ടിച്ചേർത്തു: ‘അമേരിക്കൻ ഇന്ത്യക്കാരെക്കുറിച്ചുള്ള ഒരു ലേഖനം ഇതിലുണ്ട്. ആ വിഷയത്തെക്കുറിച്ച് താങ്കൾ വളരെയധികം എഴുതിയിട്ടുണ്ടെന്നു ഞങ്ങൾക്കറിയാം.’
“അതിൽ ഞാൻ വീണുപോയി. എന്തുകൊണ്ടെന്നാൽ ഒരുവന്റെ നേട്ടങ്ങളെക്കുറിച്ച് മറ്റൊരാൾ വർണിക്കുമ്പോൾ ദൃഢതീരുമാനങ്ങളെല്ലാം പമ്പ കടക്കും. അകത്ത് പ്രഭാതഭക്ഷണമേശയിങ്കൽ ചെന്നിരുന്ന ഞാൻ ജിജ്ഞാസുവായിത്തീർന്നു. യഹോവയുടെ സാക്ഷികളും അമേരിക്കൻ ഇന്ത്യക്കാരുടെ ഭാവിയും ഏതാണ്ട് അസാധാരണമായ ഒരു വിഷയസംയോജനമാണെന്ന് സമ്മതിച്ചേ പറ്റൂ. ഞാൻ കണ്ണടവെച്ച് വായന തുടങ്ങി. നിങ്ങൾക്കറിയാമല്ലോ, വെറുതെ സമയം കളയാമെന്നല്ലാതെ പ്രയോജനമൊന്നുമുണ്ടായിരിക്കില്ല എന്ന ഭാവത്തിലാണ് ഞാൻ വായന തുടങ്ങിയത്.
“ചുരുക്കിപ്പറഞ്ഞാൽ, അമേരിക്കൻ ഇന്ത്യക്കാരുടെ അവസ്ഥയെക്കുറിച്ചുള്ള സാക്ഷികളുടെ ലേഖനം നല്ലതായിരുന്നെന്നു മാത്രമല്ല, അത് അതിവിശിഷ്ടവുമായിരുന്നു. നോർവീജിയൻ സ്കൂൾ അധ്യാപകർ തങ്ങളുടെ മുൻവിധികൾ പിൻവലിക്കണമെന്ന് ഞാൻ ശുപാർശ ചെയ്യുന്നു. അവർ തങ്ങളുടെ ക്ലാസ്സിലെ എല്ലാവർക്കും വേണ്ടി ഇതിന്റെ പ്രതികൾ ഓർഡർ ചെയ്യണം! ഉറവിടങ്ങളുടെ ഉപയോഗം ശ്ലാഘനീയവും പഠിപ്പിക്കൽ സുവ്യക്തവുമാണ്. അമേരിക്കൻ ഇന്ത്യക്കാരുടെയും സാക്ഷികളുടെയും വീക്ഷണങ്ങൾ വ്യത്യസ്തമായിരിക്കുന്നിടങ്ങളിൽ അത് അങ്ങേയറ്റം സത്യസന്ധമാണ്. അത് യാതൊന്നും മറയ്ക്കുന്നില്ല. പല ഇന്ത്യൻ സംവരണമേഖലകളും അഭിമുഖീകരിക്കുന്ന ഒരു വിഷമപ്രശ്നം ചൂതാട്ടസ്ഥലങ്ങളെ സംബന്ധിച്ചുള്ളതാണ്. അത് വളരെയധികം തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നു. എന്നാൽ അതു ധാർമിക പ്രശ്നങ്ങളും ഉയർത്തുന്നു. നമ്മുടെ നൂറ്റാണ്ടിൽ ഒരു അമേരിക്കൻ ഇന്ത്യക്കാരനായിരിക്കുക എന്നാൽ എന്താണെന്നതു സംബന്ധിച്ച് വായനക്കാരന് ഉൾക്കാഴ്ച ലഭിക്കത്തക്ക വിധത്തിൽ വിദഗ്ധമായിട്ടാണ് വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്.”
ബ്ലിക്സ്റ്റാ ഇങ്ങനെ ഉപസംഹരിക്കുന്നു: “വായന രസകരമാണെന്നു കണ്ടെത്തിയ ഞാൻ ഉണരുക!യുടെ ബാക്കി ഭാഗവും വായിച്ചു. ഇതിനു പുറമേ, വെയിൽസിലെ റോണ്ടായിലുള്ള ഖനന താഴ്വരയിലെ അടച്ചുപൂട്ടപ്പെട്ടുകൊണ്ടിരിക്കുന്ന ചാപ്പലുകളെയും പള്ളികളെയും കുറിച്ചുള്ള വളരെ ഹൃദയസ്പർശിയായ ഒരു ലേഖനവും അതിലുണ്ടായിരുന്നു. . . .
“എനിക്ക് എന്റെ വിവേചനാശക്തി പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നുവോ? ഒരു നിരീശ്വരവാദിയായ ഞാൻ സാക്ഷികളുടെ വിശ്വാസങ്ങളെ എതിർപ്പുകൂടാതെ സ്വീകരിച്ചിരിക്കുന്നുവോ? . . . ഏതായാലും ഇന്നില്ല. മുൻവിധിയുടെ കളകൾ പിഴുതുമാറ്റേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് തുടർച്ചയായ ഓർമിപ്പിക്കലുകൾ ആവശ്യമാണ്. നുണ പറഞ്ഞുവെന്നു പറഞ്ഞ് സാക്ഷികളെ കുറ്റപ്പെടുത്തുന്നതായി അടുത്ത തവണ കേൾക്കുമ്പോൾ കുറഞ്ഞപക്ഷം, അവർ ഇന്ത്യക്കാരെക്കുറിച്ച് നുണ പറഞ്ഞിട്ടില്ല എന്ന് എനിക്കറിയാം.”
സ്വദേശികളായ അമേരിക്കക്കാരെക്കുറിച്ചുള്ള ഉണരുക! ലക്കത്തിന്റെ പ്രത്യേക ആവശ്യം പ്രമാണിച്ച് വാച്ച്ടവർ സൊസൈറ്റിയുടെ ന്യൂയോർക്കിലെ പ്രസ്സുകളിൽ കൂടുതലായ 37,000 പ്രതികൾ കൂടെ അച്ചടിക്കുകയുണ്ടായി. അരിസോണയിലെ ഒരു സഭ, തങ്ങളുടെ പ്രദേശത്ത് പ്രത്യേക വിതരണത്തിനായി 10,000 പ്രതികൾ ആവശ്യപ്പെട്ടു.
നിങ്ങൾ യഹോവയുടെ സാക്ഷികളെ മുൻവിധിയില്ലാതെ നോക്കിക്കാണാൻ ആഗ്രഹിക്കുന്നപക്ഷം, 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഏറ്റവും അടുത്തുള്ള മേൽവിലാസത്തിൽ ഈ മാസികയുടെ പ്രസാധകർക്ക് എഴുതാൻ ദയവായി മടി വിചാരിക്കാതിരിക്കുക, അല്ലെങ്കിൽ ദയവായി നിങ്ങളുടെ പ്രദേശത്തുള്ള രാജ്യഹാൾ സന്ദർശിക്കുക. യാതൊരു കടപ്പാടുമില്ല, ചെലവുമില്ല. സത്യസന്ധമായ ഉത്തരങ്ങൾ മാത്രം.
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Indian face: D. F. Barry Photograph, Thomas M. Heski Collection; dancing Indian: Men: A Pictorial Archive from Nineteenth-Century Sources/Dover Publications, Inc.; tepees: Leslie’s; rectangular design: Decorative Art; circular designs: Authentic Indian Designs