മേഘങ്ങളെ ഉപയുക്തമാക്കൽ
തെക്കേ അമേരിക്കയിലെ ഉണരുക! ലേഖകൻ
മൂടൽമഞ്ഞിൽനിന്നു വെള്ളം ശേഖരിക്കുന്ന പുരാതന അറബികളുടെ വിദ്യ സ്വന്തമാക്കുന്നതിൽ ചിലിയിലെ ഗവേഷകർ വിജയിച്ചിരിക്കുന്നു. “ഒമാനിലെ മണലാരണ്യങ്ങളിലുള്ള ഒലിവു വൃക്ഷങ്ങളെ നൂറ്റാണ്ടുകളായി പോഷിപ്പിക്കുന്നത് മൂടൽമഞ്ഞിൽനിന്നുള്ള വെള്ളമാണ്. ഇലകളിൽ ശേഖരിക്കപ്പെടുന്ന ഈ വെള്ളം മരച്ചുവട്ടിൽ സ്ഥാപിച്ചിരിക്കുന്ന ചെറിയ ടാങ്കുകളിലേക്ക് ഇറ്റിറ്റുവീഴുന്നു”വെന്ന് വാർത്താപത്രികയായ ഹെൽത്ത് ഇന്റർഅമേരിക്ക വിശദീകരിക്കുന്നു. ഒലിവു വൃക്ഷങ്ങൾക്കുപകരം ഗവേഷകർ മണലാരണ്യങ്ങളിലെ പർവതപ്രദേശങ്ങളിൽ വലിയ വലകൾ സ്ഥാപിച്ചു. സമുദ്രത്തിൽനിന്ന് കാറ്റടിച്ചുവരുന്ന മൂടൽമഞ്ഞ് ആ വലകളെ പതിവായി മൂടുന്നു. വലിയ വോളീബോൾ വലകൾപോലുള്ള അവ മൂടൽമഞ്ഞിൽനിന്ന് നീർത്തുള്ളികൾ ശേഖരിക്കുന്നു. ഇവ ഒരു ഓവിലേക്ക് തുള്ളിതുള്ളിയായി വീഴുകയും അവിടെനിന്ന് ഒരു പൈപ്പുലൈനിലേക്കു പോകുകയും ചെയ്യുന്നു. പൈപ്പുലൈനിലൂടെ ജലം ഒരു സംഭരണിയിലെത്തുന്നു.
ചിലിയുടെ വടക്കൻ തീരദേശ മണലാരണ്യത്തിലെ ചുങ്കുങ്കോ എന്ന കൊച്ചു ഗ്രാമം ഈ സംവിധാനത്തിന്റെ ഫലപ്രദത്വം തെളിയിച്ചിരിക്കുന്നു. പതിന്നാലു വർഷം മുമ്പ് ചുങ്കുങ്കോ നിവാസികൾക്ക് ശുദ്ധജല ഉറവുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് കാനഡയിലെ അന്താരാഷ്ട്ര വികസന ഗവേഷണകേന്ദ്രം പ്രസിദ്ധീകരിച്ച ഐഡിആർസി റിപ്പോർട്ട്സ് എന്ന മാഗസിൻ പറയുന്നു. ദിവസവും 5,000 ലിറ്റർ വെള്ളം ട്രക്കുകളിൽ അവിടെ എത്തിയിരുന്നു, ഓരോ കുടുംബത്തിനും പ്രതിദിനം 3 മുതൽ 14 വരെ ലിറ്റർ വെള്ളംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. എന്നാൽ, അത്ഭുതകരമെന്നു പറയട്ടെ, ഗ്രാമത്തിൽ തലയുയർത്തി നിൽക്കുന്ന പർവതങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന 75 മൂടൽമഞ്ഞു ശേഖരണ വലകളുടെ സഹായത്താൽ ഇന്ന് 11,000 ലിറ്റർ വെള്ളം ചുങ്കുങ്കോയിലേക്ക് ഒഴുകുന്നുണ്ട്. ഇത് ഓരോ ഗ്രാമവാസിക്കും ദിവസേന 30 ലിറ്റർ വെള്ളം ലഭ്യമാക്കുന്നു. മൂടൽമഞ്ഞിൽനിന്നുള്ള ഈ ജലശേഖരണ സംവിധാനം ഗ്രാമവാസികളുടെ ആരോഗ്യം മെച്ചപ്പെടുത്തിയിരിക്കുന്നുവെന്ന് മേഘ ഭൗതികജ്ഞനും ഗവേഷകനുമായ ഡോ. റോബർട്ട് ഷിമെനൗവെർ പറയുന്നു. “എല്ലാവരും സ്വന്തം പച്ചക്കറിത്തോട്ടങ്ങളിൽനിന്നും ഫലവൃക്ഷത്തോപ്പുകളിൽനിന്നുമുള്ള ഭക്ഷ്യോത്പന്നങ്ങൾ കഴിക്കുന്നു.”
മൂടൽമഞ്ഞുവെള്ളം ആരോഗ്യകരമാണെന്നു മാത്രമല്ല, ചെലവു കുറഞ്ഞതുമാണ്. അണക്കെട്ടു നിർമിക്കാൻ കോടിക്കണക്കിനു ഡോളർ ആവശ്യമുള്ളപ്പോൾ മേൽപ്പറഞ്ഞ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള ശരാശരി ചെലവ് ഏകദേശം 75,000 ഡോളർ (യു.എസ്.) മാത്രമാണെന്ന് ഡോ. ഷിമെനൗവെർ പറയുന്നു. ലോകമെമ്പാടുമുള്ള മറ്റുപല ഊഷരപ്രദേശങ്ങളിലും ഈ സംവിധാനം പ്രയോജനകരമായിരിക്കുമെങ്കിലും അന്താരാഷ്ട്ര ഏജൻസികൾ ജലവിതരണത്തിനുള്ള ഈ ബദൽ സംവിധാനത്തെ അംഗീകരിക്കാൻ മാന്ദ്യം കാട്ടിയിരിക്കുന്നു.
[23-ാം പേജിലെ ചിത്രം]
ഇടത്ത്: മൂടൽമഞ്ഞിൽനിന്ന് നീർത്തുള്ളികൾ ശേഖരിക്കുന്ന പർവതമുകളിലെ വലകൾ
താഴെ: വലയുടെ അടുത്ത വീക്ഷണം
[കടപ്പാട്]
ഫോട്ടോകൾ: IDRC