ആർഎസ്ഡി—കുഴപ്പിക്കുന്ന, വേദനാകരമായ ഒരു ആരോഗ്യപ്രശ്നം
കാനഡയിലെ ഉണരുക! ലേഖകൻ
റിഫ്ളക്സ് സിംപതെറ്റിക് ഡിസ്ട്രോഫി (ആർഎസ്ഡി) “വൈദ്യശാസ്ത്രത്തിലെ അങ്ങേയറ്റം കുഴപ്പിക്കുന്നതും ഏറ്റവും വേദനാകരവും സാധ്യതയനുസരിച്ച് തളർത്തിക്കളയുന്നതുമായ സാകല്യങ്ങളിൽ (syndromes) ഒന്നാണ്” എന്ന് ആലിസൺ ബ്രേ വിനിപെഗ് ഫ്രീ പ്രസ്സ് പത്രത്തിൽ എഴുതി. ആർഎസ്ഡി-യെക്കുറിച്ച് “വേണ്ടത്ര അറിവില്ലാത്തതിനാൽ വൈദ്യശാസ്ത്ര പരിശോധനയിൽ അതു പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു”വെന്ന് രോഗിണിയായ ആന്ന അലക്സാണ്ടർ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പറഞ്ഞു. കുട്ടികളിൽ ആർഎസ്ഡി പലപ്പോഴും ശരിയായ രീതിയിൽ കണ്ടുപിടിക്കപ്പെടാതെ പോകുന്നുവെന്ന് അതേ ജേർണൽ പറഞ്ഞു. വേദന മനസ്സിന്റെ തോന്നലാണെന്നും മാനസിക കാരണങ്ങളാൽ ഉള്ളതാണെന്നുപോലും ഡോക്ടർമാർ വർഷങ്ങളോളം വിചാരിച്ചിരുന്നു.
ഈ നിഗൂഢമായ ആരോഗ്യപ്രശ്നമുള്ളവർക്ക് വിട്ടുമാറാത്ത വേദന അനുഭവപ്പെടുന്നു. ചിലർക്കാണെങ്കിൽ, ദുസ്സഹവേദന ഉണ്ടാകാൻ തക്കവണ്ണം എന്തെങ്കിലും സംഭവിച്ചതായി ഓർമയും കാണില്ല. സെറ ആർനൊൾഡ് ആക്സെൻറ് ഓൺ ലിവിങ്ങിൽ ഇങ്ങനെ എഴുതുന്നു: “നാഡീ അഗ്രങ്ങൾ ധാരാളമുള്ള, കൈപ്പത്തിയോ പാദമോ പോലുള്ള, ഏതെങ്കിലുമൊരു ശരീരഭാഗത്തിന് മുറിവോ ക്ഷതമോ സംഭവിക്കുമ്പോഴാണ് ഈ രോഗം ഉണ്ടാകുന്നത്. മുറിവ് മൊട്ടുസൂചികൊണ്ടതുമൂലമുള്ള നിസ്സാരമായ മുറിവോ ശസ്ത്രക്രിയനിമിത്തമുള്ള വലിയ മുറിവോ ആകാം. ഒരു മുറിവുണ്ടാകുമ്പോൾ സാധാരണമായി ഉണ്ടാകുന്ന വേദനയെക്കാൾ തീവ്രമായ, നീണ്ടുനിൽക്കുന്ന വേദന അനുഭവപ്പെടുന്നതാണ് ആദ്യ രോഗലക്ഷണം. ശരീരത്തിന്റെ പ്രത്യേക ഭാഗത്ത് നീറ്റലോടുകൂടിയ വേദന, ചൂടിനോടും വെളിച്ചത്തോടും തീവ്രമായ സംവേദനക്ഷമത, രോമം, നഖം എന്നിവയ്ക്കുണ്ടാകുന്ന മാറ്റം, ത്വക്കിൽ വരുന്ന നിറവ്യത്യാസം എന്നിങ്ങനെ ഗുരുതരമായ രോഗലക്ഷണങ്ങളാണ് അതിനുള്ളത്.”
രോഗത്തിന് പല ഘട്ടങ്ങളുണ്ട്. ആദ്യ ഘട്ടത്തിൽ, രോഗബാധിതമായ ശരീരഭാഗം നീരുവെച്ച് ചെമക്കുകയും മുമ്പ് രോമങ്ങളൊന്നും കാണാതിരുന്നിടത്ത് രോമവളർച്ച ഉണ്ടാകുകയും ചെയ്യുന്നു. ഈ രോഗലക്ഷണങ്ങൾ ഒന്നുമുതൽ മൂന്നുവരെ മാസം നീണ്ടുനിന്നേക്കാം. അടുത്തതായി, ആ ഭാഗം നീലിച്ച് തണുപ്പുള്ളതായിത്തീരുന്നു. അതോടൊപ്പം വേദന വർധിക്കുകയും സ്നായുക്കളും സന്ധികളും വഴങ്ങാതാകുകയും ചെയ്യുന്നു. അസ്ഥിക്ഷയം ഉടലെടുത്തേക്കാം. ഒടുവിൽ, രോഗബാധിതമായ പേശികൾ ക്ഷയിക്കുകയും കണ്ഡരകൾ (tendons) സങ്കോചിക്കുകയും രോഗബാധിതമായ കൈകാലുകൾ ശോഷിക്കുകയും ചെയ്യുന്നു.
വിനിപെഗിലെ ആരോഗ്യശാസ്ത്ര കേന്ദ്രത്തിലെ വേദനാ ചികിത്സാവിഭാഗത്തിന്റെ ഡയറക്ടറായ ഡോ. ഹൗവർഡ് ഇൻട്രേറ്റർ പറയുന്നതനുസരിച്ച്, ഭേദമാക്കാനാകാത്ത ക്ഷതമുണ്ടാകുന്നത് തടയാവുന്നതേയുള്ളൂ. വേദനാ സംജ്ഞകൾ അയയ്ക്കുന്നതിൽനിന്ന് ചേതനീനാഡികളെ തടയേണ്ടതുണ്ട്.a “വൈദ്യുത ഉത്തേജനം, ബീറ്റാ ബ്ലോക്കേഴ്സ്, എപ്പിഡ്യൂറൽ ഉത്തേജകങ്ങൾ (ബാധിക്കപ്പെട്ട ഭാഗത്തെ ഉത്തേജിപ്പിക്കുന്നതിന് സുഷുമ്നാനാഡിയിൽ ഒരു ഇലക്ട്രോഡ് സ്ഥാപിക്കുന്നു), കുത്തിവെച്ച് ചേതനീനാഡികളെ തടയൽ എന്നിങ്ങനെ വ്യത്യസ്ത ചികിത്സാവിധികളുണ്ട്” എന്ന് വിനിപെഗ് പത്രം റിപ്പോർട്ടു ചെയ്യുന്നു. വേദന കുറയ്ക്കുന്നതിനും ചലനശേഷി വർധിപ്പിക്കുന്നതിനുമായി അക്യുപങ്ചറും ഫിസിയോതെറാപ്പിയും ഉപയോഗിക്കുന്നു. “ഫലപ്രദമായ ചികിത്സയിൽ നാഡികളുടെ വൈദ്യുത ഉത്തേജനം, ചേതനീനാഡികളുടെ രാസപരമായ തടയൽ, മനഃശാസ്ത്ര ചികിത്സ, തീവ്രമായ ശരീര ചികിത്സ എന്നിവയിൽ ചിലത് ഒന്നിച്ചു ചെയ്യുന്നത് ഉൾപ്പെടുന്നു”വെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ പറയുന്നു.
നേരത്തേ രോഗം കണ്ടുപിടിക്കുന്നത് പ്രയോജനകരമാണെന്നുള്ളതിനു രണ്ടു പക്ഷമില്ല. എങ്കിലും, രോഗലക്ഷണങ്ങൾ ഉള്ളതായി നിർണയിക്കപ്പെട്ടിട്ട് 6 മാസം ആകാത്തവരോ 6 മുതൽ 12 വരെ മാസങ്ങൾ ആയവരോ 12 മാസം കഴിഞ്ഞവരോ ആയ രോഗികളിൽ തങ്ങളുടെ ചികിത്സാഫലങ്ങൾ “ഏതാണ്ട് ഒരുപോലെയായിരുന്നു”വെന്ന് ദി അമേരിക്കൻ ജേർണൽ ഓഫ് സ്പോർട്സ് മെഡിസിനിൽ എഴുതുന്ന ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. “ഈ കണ്ടുപിടിത്തം, രോഗലക്ഷണങ്ങൾ പ്രകടമായി ഒരു വർഷം കഴിഞ്ഞാൽപ്പിന്നെ ചികിത്സിക്കുന്നതുകൊണ്ടു ഫലമില്ലെന്നുള്ള ഇപ്പോഴത്തെ അഭിപ്രായത്തിനു വിരുദ്ധമാണ്.”
വൈദ്യശാസ്ത്രപരമായ അറിവു വർധിക്കുന്നതോടെ ആർഎസ്ഡി-യെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ മനസ്സിലാകുമെന്നും അതിന് ഏറെ ഫലപ്രദമായ ചികിത്സ ലഭ്യമാകുമെന്നുമാണ് പ്രതീക്ഷ.
[അടിക്കുറിപ്പുകൾ]
a വേദനയെക്കുറിച്ചുള്ള വിശദ വിവരങ്ങൾക്കായി 1994 ജൂൺ 22 ലക്കം ഉണരുക!യുടെ “വേദന ഇല്ലാത്ത ജീവിതം സാധ്യമോ?” എന്ന തലക്കെട്ടിലുള്ള ലേഖനപരമ്പര കാണുക.