ലൈംഗിക വർജനത്തിലും ഏകഭാര്യത്വത്തിലുമുള്ള ജ്ഞാനം
ഇന്നോളം ഏകദേശം മൂന്നു കോടി ആളുകളെ എയ്ഡ്സ് വൈറസ് ബാധിച്ചിട്ടുണ്ട്. അവരിൽ 60 ലക്ഷത്തിലധികം പേർ ഇതിനോടകംതന്നെ മരിച്ചിരിക്കുന്നു. പുതുതായി, ഏകദേശം 8,500 പേർക്ക് ഈ വൈറസുള്ളതായി ഓരോ ദിവസവും പുതുതായി രോഗനിർണയത്തിലൂടെ കണ്ടുപിടിക്കപ്പെടുന്നു—അവരിൽ 1,400-ഉം കുട്ടികളാണ്, അവർ സാധാരണഗതിയിൽ ഒരു വയസ്സു പൂർത്തിയാകുന്നതിനുമുമ്പുതന്നെ മരിച്ചുപോകുന്നു. സുരക്ഷിത-ലൈംഗികത എന്നു വിളിക്കപ്പെടുന്നവയെക്കുറിച്ചുള്ള പ്രചരണപരിപാടികൾ പൊതുജനശ്രദ്ധ പിടിച്ചെടുത്തിട്ടുണ്ടെങ്കിലും ചിലർക്ക് ഇതുകൊണ്ടു വലിയ പ്രയോജനമൊന്നുമില്ല എന്നു തോന്നുന്നു. “എയ്ഡ്സ് ഒരു കൊലയാളി രോഗമാണ്,” ദ ടാമ്പാ ട്രൈബ്യൂണിൽ ഡോ. സ്റ്റീവൻ ജെ. സെയ്ൻസ്ബറി എഴുതുന്നു, “അതു പകരുന്നതു തടയാനെടുക്കുന്ന ഏതു നടപടിയും കണിശമായും 100 ശതമാനം ഫലപ്രദമായിരിക്കേണ്ടതുണ്ട്.”
എയ്ഡ്സിനെ പ്രതിരോധിക്കുന്നതിനായി ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഡോ. സെയ്ൻസ്ബറി ഇങ്ങനെ അഭിപ്രായപ്പെടുന്നു: “അതിനെ ഈ വിധത്തിൽ വീക്ഷിക്കുക. ഉദാഹരണത്തിന്, പെട്ടെന്നൊരു നാൾമുതൽ മോട്ടോർ വാഹനങ്ങൾ, ആളുകൾ അവയുടെ ഇഗ്നീഷൻ സ്വിച്ച് പ്രവർത്തിപ്പിക്കുന്ന ഓരോ സമയത്തും അറിയപ്പെടാത്ത കാരണങ്ങളാൽ പൊട്ടിത്തെറിക്കുന്നുവെന്നു സങ്കൽപ്പിക്കുക. രാജ്യത്തെമ്പാടും മോട്ടോർ വാഹന യാത്രക്കാർ സ്ഫോടനത്തിൽ മരിക്കുന്നു. ഒടുവിൽ, ഗവണ്മെൻറ് ഒരു പരിഹാരം നിർദേശിക്കുന്നു. ഇന്ധനത്തിന്റെകൂടെ ഒരു പ്രത്യേക വസ്തു കൂട്ടിച്ചേർക്കുക മാത്രം ചെയ്താൽ സ്ഫോടനത്തിന്റെ അപകടസാധ്യത 90 ശതമാനമായി കുറയും. പ്രശ്നം പരിഹരിക്കപ്പെട്ടതായി നിങ്ങൾ കണക്കാക്കുമോ? നിങ്ങൾ തുടർന്നും നിങ്ങളുടെ കാർ ഓടിക്കുമോ? എനിക്കു സംശയമുണ്ട്. അങ്ങനെയെങ്കിൽ ഗർഭനിരോധന ഉറകളെ എയ്ഡ്സിനു പരിഹാരമായി നമ്മൾ അംഗീകരിച്ചിരിക്കുന്നതെന്തുകൊണ്ടാണ്?”
മിക്കപ്പോഴും എയ്ഡ്സ് പകരുന്നത് ലൈംഗികബന്ധത്തിലൂടെയാണ് എന്നു മനസ്സിലാക്കിക്കൊണ്ട്, ഡോ. സെയ്ൻസ്ബറി ഒരു പരിഹാരം നിർദേശിക്കുന്നു: “രോഗബാധയില്ലാത്ത ഒരു വ്യക്തിയുമായി ഏകഭാര്യത്വ ബന്ധത്തിലേർപ്പെടാനുള്ള ധാർമിക കടപ്പാടിലാകാൻ ഒരാൾ തയ്യാറെടുക്കുന്നതുവരെ ലൈംഗികബന്ധം വേണ്ടെന്നു വെക്കുക. ഓർമയിൽ പിടിക്കേണ്ട മുഖ്യപദങ്ങൾ വർജനവും ഏകഭാര്യത്വവും ആണ്.”
അവിവാഹിതരായ ആളുകൾ ലൈംഗിക വർജനവും വിവാഹിതർ ഏകഭാര്യത്വവും ആചരിക്കണമെന്നു ബൈബിൾ കൽപ്പിച്ചിരിക്കുന്നു. ബൈബിളിന്റെ മഹത്തായ നിലവാരങ്ങൾ പരസംഗത്തെയും വ്യഭിചാരത്തെയും സ്വവർഗരതിയെയും വിലക്കുന്നു. (മത്തായി 19:4-6; 1 കൊരിന്ത്യർ 6:9, 10; 7:8, 9) ഈ നിലവാരത്തെ അനേകരും കാലഹരണപ്പെട്ടതെന്നോ പഴഞ്ചനെന്നോ വിമർശിക്കുന്നുണ്ടെങ്കിലും ബൈബിളിന്റെ ധാർമിക നിലവാരങ്ങൾ മെച്ചമായ ആരോഗ്യവും മനശ്ശാന്തിയും ഉളവാക്കിയിരിക്കുന്നു.—യെശയ്യാവു 48:17.