ജീവിക്കാനുതകുന്ന പഠനസഹായി
ആഫ്രിക്കയിലെ സിംബാബ്വേയിലുള്ള ഒരു സ്കൂളധ്യാപകൻ താൻ പഠിപ്പിക്കുന്ന ന്യാസ്റ്റിം കോളെജിന്റെ പാഠ്യപദ്ധതിയിൽ “ജീവിക്കാൻ വേണ്ട വിദ്യാഭ്യാസം” എന്ന വിഷയം ഉൾപ്പെടുത്തിയിരിക്കുന്നതായി ശ്രദ്ധിച്ചു. അദ്ദേഹം തനിക്കു നേരിട്ട കുടുംബ പ്രശ്നങ്ങളെക്കുറിച്ചു വർണിക്കുകയും അവ പരിഹരിക്കാൻ തനിക്കു സഹായം ആവശ്യമായിരുന്നു എന്നു സമ്മതിക്കുകയും ചെയ്തു.
തന്റെ വിവാഹശേഷം സംഭവിച്ചതിനെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഏറെത്താമസിയാതെതന്നെ പ്രശ്നങ്ങൾ ആരംഭിക്കുകയും ഒടുക്കം 1989 നവംബറിൽ ഞങ്ങൾ വേർപിരിയാനുള്ള തീരുമാനത്തിലെത്തിച്ചേരുകയും ചെയ്തു.” വേറേയും പ്രശ്നങ്ങളുണ്ടായിരുന്നു. അദ്ദേഹം എഴുതി: “അച്ഛന്റെ ഒന്നാമത്തെ ഭാര്യയായ എന്റെ അമ്മയുടെ മൂത്തമകനാണു ഞാൻ. എന്റെ അധ്യാപക പരിശീലന പരിപാടിയുടെ രണ്ടാം വർഷത്തിൽ ഇളയ 16 സഹോദരീസഹോദരന്മാരെ എന്റെ ചുമലിലേൽപ്പിച്ച് അച്ഛൻ മരിച്ചു.”
യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചത്, ഈ സ്കൂളധ്യാപകനെ തന്റെ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സഹായിച്ചു. അദ്ദേഹവും ഭാര്യയും വീണ്ടും ഒന്നിക്കുകയും സന്തുഷ്ടരായിരിക്കുകയും ചെയ്യുന്നു. അദ്ദേഹം എഴുതി: “ദൈവത്തിലാശ്രയിക്കാതെ മനുഷ്യൻ തന്റെ പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ ശ്രമിക്കുന്നതു നിഷ്ഫലമാണെന്നു ഞങ്ങളുടെ വേദനാജനകമായ അനുഭവത്തിലൂടെ ഞാനും ഭാര്യയും പഠിച്ചു.” എന്നാൽ, തന്റെ വിദ്യാർഥികളെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിന് അദ്ദേഹം എന്താണു ചെയ്തത്?
“ഞാൻ ഹെഡ്മാസ്റ്ററോടും മറ്റ് അധ്യാപകരോടും, അനുയോജ്യമായ ഒരു പാഠപുസ്തകമായി യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം ശുപാർശചെയ്തു,” അദ്ദേഹം എഴുതി. “അവരെല്ലാവരും സമ്മതിച്ചു, സ്കൂൾ എനിക്ക് 56 പുസ്തകങ്ങൾക്കുള്ള ഒരു ഓർഡർ തന്നു. ഞാനവ സ്കൂളിൽ എത്തിച്ചുകൊടുത്തു.”
ആകർഷകമായ ചിത്രങ്ങളോടുകൂടിയ ഈ 320-പേജുള്ള പഠനസഹായിയിൽനിന്നു നിങ്ങളും വളരെയേറെ പ്രയോജനങ്ങളുൾക്കൊള്ളുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഇതിന്റെ ഒരു പ്രതിയോ ഒരു സൗജന്യ ഭവന ബൈബിളധ്യയനമോ നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India-യിലേക്കോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന അനുയോജ്യമായ മേൽവിലാസത്തിലേക്കോ ദയവായി എഴുതുക.