അഭയാർഥികളോടുള്ള പെരുമാറ്റത്തിന് ഒരു മാതൃക
ഇസ്രായേൽ ജനതയ്ക്കു യഹോവയാം ദൈവം നൽകിയ നിയമത്തിൽ, അഭയാർഥികളെന്ന നിലയ്ക്ക് തങ്ങൾക്ക് ഈജിപ്തിലുണ്ടായിരുന്ന സാഹചര്യത്തെക്കുറിച്ച് അവർ അനുസ്മരിപ്പിക്കപ്പെട്ടു. (പുറപ്പാടു 22:21; 23:9; ആവർത്തനപുസ്തകം 10:19) അതുകൊണ്ട് പരദേശികളോടു ദയാപൂർവം തങ്ങളുടെ സഹോദരന്മാരോടെന്നപോലെ പെരുമാറാൻ അവർ പ്രബോധിപ്പിക്കപ്പെട്ടു.
ദൈവനിയമം ഇപ്രകാരം പ്രസ്താവിച്ചു: “[മിക്കപ്പോഴും ഒരു അഭയാർഥിയായിരുന്ന] പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാർത്താൽ അവനെ ഉപദ്രവിക്കരുതു. നിങ്ങളോടുകൂടെ പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ഇരിക്കേണം; അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ.”—ലേവ്യപുസ്തകം 19:33, 34.
പരദേശികൾ മിക്കപ്പോഴും പീഡനവിധേയരും അരക്ഷിതരുമായിരുന്നെന്നു മനസ്സിലാക്കിക്കൊണ്ട് അവരുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനുംവേണ്ടി യഹോവ പ്രത്യേക നിയമങ്ങൾ നൽകുകയുണ്ടായി. അവർക്കു വാഗ്ദാനം ചെയ്യപ്പെട്ട പിൻവരുന്ന അവകാശങ്ങൾ പരിചിന്തിക്കുക.
ഒരു ന്യായമായ വിചാരണയ്ക്കുള്ള അവകാശം: “നിങ്ങൾക്കു പരദേശിക്കും സ്വദേശിക്കും ഒരു പ്രമാണം തന്നേ ആയിരിക്കേണം.” ‘പരദേശിയുടെ ന്യായം മറിച്ചുകളയരുതു.’—ലേവ്യപുസ്തകം 24:22; ആവർത്തനപുസ്തകം 24:17.
ദശാംശത്തിൽ ഒരു പങ്കുണ്ടായിരിക്കുന്നതിനുള്ള അവകാശം: “മുമ്മൂന്നു ആണ്ടു കൂടുമ്പോൾ മൂന്നാം സംവത്സരത്തിൽ നിനക്കുള്ള വിളവിന്റെ ദശാംശം ഒക്കെയും; വേർതിരിച്ചു നിന്റെ പട്ടണങ്ങളിൽ സംഗ്രഹിക്കേണം. നീ ചെയ്യുന്ന സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും നിന്റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്നു തിന്നു തൃപ്തരാകേണം.”—ആവർത്തനപുസ്തകം 14:28, 29.
ന്യായമായ കൂലിക്കുള്ള അവകാശം: “നിന്റെ സഹോദരന്മാരിലോ നിന്റെ ദേശത്തു നിന്റെ പട്ടണങ്ങളിലുള്ള പരദേശികളിലോ ദരിദ്രനും അഗതിയുമായ കൂലിക്കാരനെ നീ പീഡിപ്പിക്കരുതു.”—ആവർത്തനപുസ്തകം 24:14.
അബദ്ധവശാൽ കൊലചെയ്തവന് അഭയംതേടുവാനുള്ള അവകാശം: “അബദ്ധവശാൽ ഒരുത്തനെ കൊല്ലുന്നവൻ ഏവനും അവിടേക്കു ഓടിപ്പോകേണ്ടതിന്നു ഈ ആറു പട്ടണം യിസ്രായേൽമക്കൾക്കും പരദേശിക്കും വന്നുപാർക്കുന്നവന്നും സങ്കേതം ആയിരിക്കേണം.”—സംഖ്യാപുസ്തകം 35:15.
കാലാ പെറുക്കുവാനുള്ള അവകാശം: “നിങ്ങളുടെ നിലത്തിലെ വിള നിങ്ങൾ കൊയ്യുമ്പോൾ വയലിന്റെ അരികു തീർത്തു കൊയ്യരുതു; നിന്റെ കൊയ്ത്തിൽ കാലാ പെറുക്കയും അരുതു. നിന്റെ മുന്തിരിത്തോട്ടത്തിൽ വീണുകിടക്കുന്ന പഴം പെറുക്കയും അരുതു. അവയെ ദരിദ്രന്നും പരദേശിക്കും വിട്ടേക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.”—ലേവ്യപുസ്തകം 19:9, 10.
തീർച്ചയായും നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തിന് അഭയാർഥികളോട് അനുകമ്പയുണ്ട്, നമുക്കും അപ്രകാരമുണ്ടെങ്കിൽ അവൻ സന്തുഷ്ടനായിരിക്കും. “ദൈവത്തെ അനുകരിപ്പിൻ,” “സ്നേഹത്തിൽ നടപ്പിൻ” എന്ന് ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് എഴുതി.—എഫെസ്യർ 5:1, 2.
[9-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Boy on left: UN PHOTO 159243/J. Isaac